ഐപിഎല്ലിന്റെ ഈ സീസണിലെ ചാംപ്യന്‍മാരെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിക്കുകയാണ് ഇന്ത്യയുടെ മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത്. സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ റോയല്‍സായിരിക്കും ഇത്തവണ കപ്പുയര്‍ത്തുകയെന്നാണ് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരിക്കുന്നത്. സ്റ്റാര്‍ നഹി ഫാര്‍ എന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സഞ്ജുവിനെ മുന്നില്‍ ഇരുത്തിയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രവചനം. ഇന്ത്യയുടെ മറ്റൊരു മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ ടിനു യോഹന്നാനും ഈ ഷോയില്‍ പങ്കെടുത്തിരുന്നു.
റോയല്‍സ് ടീമില്‍ സഞ്ജുവിനു താന്‍ അവസരം നേടിക്കൊടുത്ത സംഭവത്തെക്കുറിച്ചും ശ്രീശാന്ത് ഷോയില്‍ വെളിപ്പെടുത്തി. ഞാന്‍ അന്നു സഞ്ജുവിനെക്കുറിച്ച് രാഹുല്‍ ദ്രാവിഡിനോടു പറഞ്ഞത് കള്ളമായിരുന്നെങ്കിലും അതു പിന്നീട് സത്യമായി തന്നെ സംഭവിക്കുകയായിരുന്നു. സഞ്ജുവിനു ഇപ്പോള്‍ എനിക്കെതിരേ ഒരോവറില്‍ ആറു സിക്‌സറുകള്‍ നേടാന്‍ കഴിയും. പക്ഷെ അന്നു അതു കഴിയില്ലായിരുന്നുവെന്നും ശ്രീശാന്ത് വ്യക്തമാക്കി.

മലയാളിയുടെ ധൈര്യവും വാശിയുമെല്ലാം സഞ്ജുവിന്റെ കൈയിലുണ്ടെന്നു അന്നു ഞാന്‍ ദ്രാവിഡിനോടു പറഞ്ഞിരുന്നു. എനിക്കു അക്കാര്യം തെളിയിക്കേണ്ടിയും ചെയ്യേണ്ടിയിരുന്നു. എനിക്കു അതു സഞ്ജുവിന്റെ കണ്ണുകളില്‍ അന്നു കാണാന്‍ സാധിച്ചിരുന്നു. ഇവന്‍ വലിയൊരു താരമാവുമെന്നു അന്നു തന്നെ എനിക്കു തോന്നിയിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞപ്പോള്‍ അടുത്തിരുന്ന സഞ്ജു ഇതുകേട്ട് പൊട്ടിച്ചിരിക്കുകയും ചെയ്തു.
ദൈവത്തിന്റെ കാരുണ്യം കൊണ്ട് എനിക്കു മനോഹരമായ ഈ ഗെയിം കളിക്കാന്‍ സാധിച്ചു. രാഹുല്‍ ദ്രാവിഡ് ഭായിയുമായി എനിക്കു വളരെ നല്ല അടുപ്പമാണുണ്ടായിരുന്നത്. എനിക്കെതിരേ ആറു സിക്‌സറുകള്‍ ഒരോവറില്‍ നേടാന്‍ സാധിക്കുന്നയാളാണ് സഞ്ജുവെന്ന് ഞാന്‍ അദ്ദേഹത്തോടു പറയുകയും ചെയ്തു. എനിക്കെതിരേ മാത്രമല്ല ഏതു ബൗര്‍ക്കെതിരേയും അവനു സാധിക്കുമെന്നും ഞാന്‍ ഉറപ്പ് പറഞ്ഞു.
അതു വെറുമൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് സഞ്ജു എല്ലാവര്‍ക്കെതിരേയും സിക്‌സറുകള്‍ വാരിക്കൂട്ടി. അങ്ങനെ ഞാന്‍ പണ്ടുപറഞ്ഞിട്ടുള്ള ആ കാര്യം സത്യമായി വരികയും ചെയ്തു. ഈയൊരു നിമിഷത്തില്‍ എനിക്കു പറയാനുളളത് ഈ വര്‍ഷത്തെ ഐപിഎല്‍ ട്രോഫി രാജസ്ഥാന്‍ റോയല്‍സിനും സഞ്ജുവിനുമായിരിക്കുമെന്നാണെന്നും ശ്രീ കൂട്ടിച്ചേര്‍ത്തു.

അതേസമയം, 2022ല്‍ സഞ്ജുവിനു കീഴില്‍ റോയല്‍സ് രണ്ടാം ഐപിഎല്‍ ട്രോഫിക്കു കൈയെത്തുംദൂരത്ത് വരെയെത്തിയിരുന്നു. പക്ഷെ അന്നു ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനോടു കലാശക്കളിയില്‍ റോയല്‍സിനു അടിതെറ്റുകയായിരുന്നു.
പക്ഷെ കഴിഞ്ഞ സീസണില്‍ റോയല്‍സിനു നിരാശയായിരുന്നു ഫലം. നേരിയ വ്യത്യാസത്തില്‍ സഞ്ജുവിനും ടീമിനും പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായി. പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്. ഒരു ജയം മാത്രമകലെയാണ് റോയല്‍സിനു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായത്.
ഇത്തവണ കൂടുതല്‍ ശക്തമായ ടീമിനെയാണ് റോയല്‍സ് അണിനിരത്തുന്നത്. കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്ന പ്രധാന കളിക്കാരെല്ലാം റോയല്‍സിന്റെ കൂടാരത്തിലുണ്ട്. മാത്രമല്ല വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ താരം റോവ്‌മെന്‍ പവെല്‍, ഇന്ത്യന്‍ പേസര്‍ ആവേശ് ഖാന്‍ എന്നിവരുള്‍പ്പെടെ പുതുതായി ചില കളിക്കാരെ ലേലത്തില്‍ ടീമിലെത്തിക്കാനും റോയല്‍സിനായിരുന്നു.
മലയാളി താരം ദേവ്ദത്ത് പടിക്കലാണ് റോയല്‍സ് കൈവിട്ടവരിലെ ഏറ്റവും പ്രധാനപ്പെട്ടയാള്‍. ടീം കൊമ്പിനേഷനില്‍ താരത്തെ ഉള്‍ക്കൊള്ളിക്കുക ദുഷ്‌കരമായതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വില്‍ക്കുകയായിരുന്നു. ദേവ്ദത്തിനു പകരമാണ് ആവേശിനെ ടീമിലേക്കു റോയല്‍സ് കൊണ്ടുവന്നത്.