ഐപിഎല്ലിന്റെ 17ാം സീസണില്‍ കിരീട ഫേവറിറ്റുകളില്‍പ്പെടുത്താവുന്ന ടീമുകളിലൊന്നാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. മികച്ച താരനിരയാണ് റോയല്‍സിനെ അപകടകാരികളാക്കി മാറ്റുന്നത്. 2022ലെ സീസണില്‍ റണ്ണറപ്പായ റോയല്‍സ് കഴിഞ്ഞ തവണ പ്ലേഓഫിലെത്താതെ പുറത്താവുകയായിരുന്നു. വരാനിരിക്കുന്ന സീസണില്‍ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് റോയല്‍സ് പ്ലേഓഫിലേക്കു യോഗ്യത നേടുമോ? ഇതേക്കുറിച്ചു പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ പ്രശസ്ത അവതാരകനായ ജതിന്‍ സപ്രുവിനോടൊപ്പം റോയല്‍സ് ടീമിനെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടും ഐപിഎല്ലില്‍ റോയല്‍സിനോടൊപ്പം സ്ഥിരമായി ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനു ഇതു ബ്രേക്ക്ത്രൂ സീസണായിരിക്കുമെന്നാണ് ഇര്‍ഫാന്റെ വിലയിരുത്തല്‍.

റിയാന്‍ പരാഗ് വളരെയധികം കഴിവുറ്റ ക്രിക്കറ്ററാണ്. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല. ഒരു ആവശ്യവുമില്ലാതെയാണ് ഐപിഎല്ലിലെ പ്രകടനങ്ങളുടെ പേരില്‍ അവനു ആരാധകരുടെ ഭാഗത്തു നിന്നും വെറുപ്പ് നേരിടേണ്ടി വരുന്നതെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. റിയാന്‍ വളരെ ചെറുപ്പമാണ്. തികച്ചും വ്യത്യസ്തമായ സ്വഭാവത്തിനു ഉടമയുമാണെന്നും ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു.
റിയാന്‍ പരാഗിന്റെ സ്വഭാവം എന്തുമാവട്ടെ. അതൊക്കെ വിട്ടേക്കൂ, അവന്‍ വളരെ ചെറുപ്പമാണ്. പക്വത നേടാന്‍ കുറച്ചുകൂടി സമയമെടുക്കും. നമ്മള്‍ ഐപിഎല്ലിനെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. കഴിവുറ്റ ക്രിക്കറ്ററെയാണ് റിയാനിലൂടെ നമുക്കു ലഭിച്ചിട്ടുള്ളത്.
ഒരു 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവന്റെ ക്രിക്കറ്റ് കരിയറിനെപ്പറ്റി നമ്മള്‍ സംസാരിക്കേണ്ടത്. 10 വര്‍ഷം കളിക്കാനായാല്‍ റിയാന്‍ വളരെ മികച്ച താരമായി മാറുമെന്നു എനിക്കു തോന്നുകയും ചെയ്യുന്നു. വരാനിരിക്കുന്ന ഐപിഎല്‍ റിയാഗിന്റെ ബ്രേക്ക്ത്രൂ സീസണ്‍ ആയേക്കാമെന്നും ഇര്‍ഫാന്‍ പഠാന്‍ വിശദമാക്കി.

നിലവിലെ രാജസ്ഥാന്‍ റോയല്‍സ് ടീമിനു ഒരു വീക്ക്‌നെസും തനിക്കു കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ പ്ലേഓഫിലേക്കു യോഗ്യത നേടുമെന്നതിനെക്കുറിച്ച് വമ്പന്‍ പ്രവചനം ഇര്‍ഫാന്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് റോയല്‍സ് പ്ലേഓഫില്‍ കടക്കാന്‍ തന്നെയാണ് കൂടുതല്‍ സാധ്യത.
വളരെ മികച്ച സ്‌ക്വാഡാണ് അവരുടേത്. റോയല്‍സ് പ്ലേഓഫിലേക്കു യോഗ്യത നേടിയില്ലെങ്കില്‍ അതു വലിയ സര്‍പ്രൈസ് തന്നെയായിരിക്കും. സീസണില്‍ വളരെ മോശമായി കളിച്ചാല്‍ മാത്രമേ റോയല്‍സിനു പ്ലേഓഫിലേക്കു യോഗ്യത ലഭിക്കാതിരിക്കുകയുള്ളൂവെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സീസണില്‍ അഞ്ചാംസ്ഥാനത്താണ് പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സ് ഫിനിഷ് ചെയ്തത്. 14 മല്‍സരങ്ങളില്‍ ഏഴു വീതം ജയവും തോല്‍വിയുമടക്കം 14 പോയിന്റാണ് അവര്‍ക്കു ലഭിച്ചത്. ഒരു മല്‍സരം കൂടി ജയിച്ചിരുന്നെങ്കില്‍ റോയല്‍സ് പ്ലേഓഫിലെത്തിയേനെ. പക്ഷെ സഞ്ജുവിനും സംഘത്തിനും അതിനായില്ല.
രാജസ്ഥാന്‍ റോയല്‍സ് ഫുള്‍ സ്‌ക്വാഡ്
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, ഡൊണോവന്‍ ഫെരേര, കുനാല്‍ റാത്തോഡ്, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് സെന്‍, നവ്ദീപ് സൈനി, പ്രസിദ്ധ് കൃഷ്ണ, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, ആദം സാംപ, ആവേശ് ഖാന്‍, റോമെന്‍ പവെല്‍, ശുഭം ദുബെ, ടോം കോഹ്ലര്‍ കാഡ്മോര്‍, ആബിദ് മുഷ്താഖ്, നാന്ദ്രെ ബര്‍ഗര്‍.