ഗുവാഹത്തി: ഐപിഎല്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ആദ്യ ക്വാളിഫയറില്‍ കളിക്കുകയെന്ന രാജസ്ഥാന്‍ റോയല്‍സിന്റെ മോഹം മഴയില്‍ മുങ്ങി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള അവസാന ലീഗ് മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കുകയായിരുന്നു. രാത്രി 10.30 ഓടെ ടോസ് നടക്കുകയും കളി ഏഴോവര്‍ വീതമാക്കി വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. ടോസിനു ശേഷം കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിങും തിരഞ്ഞെടുക്കുകയായിരുന്നു. മിനിറ്റുകള്‍ക്കകം വീണ്ടും മഴയെത്തിയതോടെ മല്‍സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കെകെആറിനെ സംബന്ധിച്ച് ഈ ഫലം കാര്യമായ ഇംപാക്ടുണ്ടാക്കില്ലെങ്കിലും റോയല്‍സിനു ഇതു വലിയ തിരിച്ചടി തന്നെയാണ്. കാരണം എലിമിനേറ്ററാണ് സഞ്ജു സാംസണിനും സംഘത്തിനും ഇനി കളിക്കേണ്ടി വരിക. അവിടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് അവരെ കാത്തിരിക്കുന്നത്. ബുധനാഴ്ച അഹമ്മദാബാദിലാണ് ഈ മല്‍സരം. ചൊവ്വാഴ്ച ആദ്യ ക്വാളിഫയറില്‍ കെകെആറും സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊമ്പുകോര്‍ക്കും.

തുടര്‍ച്ചയായ നാലു പരാജയങ്ങളുടെ ക്ഷീണത്തിലാണ് റോയല്‍സ് ഇനി എലിമിനേറ്ററില്‍ കളിക്കുക, ആര്‍സിബിയാവട്ടെ തുടര്‍ച്ചയായി ആരു മല്‍സരങ്ങളില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലായിരിക്കും. അതുകൊണ്ടു തന്നെ നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ആര്‍സിബിക്കു തന്നെയാണ് വ്യക്തമായ മുന്‍തൂക്കം.
എലിമിനേറ്ററില്‍ തോറ്റാല്‍ പുറത്താവുമെന്ന വലിയൊരു സമ്മര്‍ദ്ദവും റോയല്‍സിനെ സ്മ്മര്‍ദ്ദത്തിലാക്കും. ഇന്നത്തെ കളി നടക്കുകയും കെകെആറിനെ തോല്‍പ്പിക്കുകയും ചെയ്തിരുന്നെങ്കില്‍ ആദ്യ ക്വാളിഫയറിലേക്കു റോയല്‍സിനു ടിക്കറ്റെടുക്കാമായിരുന്നു. പക്ഷെ മഴ എല്ലാ കണക്കുകൂട്ടലുകളും തകിടം മറിക്കുകയായിരുന്നു.
ലീഗ് ഘട്ടത്തിലെ മല്‍സരങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുകയാണ്. നാളെ (തിങ്കള്‍) മല്‍സരമില്ല. ചൊവ്വാഴ്ച പ്ലേഓഫ് പോരാട്ടങ്ങള്‍ക്കു തുടക്കമാവും. 14 മല്‍സരങ്ങളില്‍ നിന്നും 20 പോയിന്റ് നേടിയാണ് ലീഗ് ഘട്ടത്തില്‍ കെകെആര്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത്. ഒമ്പതു മല്‍സരങ്ങളില്‍ ജയിച്ച അവര്‍ മൂന്നെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. രണ്ടു മല്‍സരങ്ങള്‍ മഴ കാരണ ഉപേക്ഷിക്കപ്പെട്ടു. റോയല്‍സുമയുള്ള ഈ മല്‍സരം കൂടാതെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കളിയും മഴയെടുത്തിരുന്നു.
14 മല്‍സരങ്ങളില്‍ നിന്നും എട്ടു വിജയവും അഞ്ചു തോല്‍വിയുമടക്കം 17 പോയിന്റ് നേടിയാണ് കെകെആറിനു പിന്നില്‍ ഹൈദരാബാദ് രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത്. ഒരു മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇതേ പോയിന്റ് തന്നെ നേടി റോയല്‍സ് മൂന്നാംസ്ഥാനക്കാരുമായി.
മികച്ച നെറ്റ്‌റണ്‍റേറ്റാണ് റോയല്‍സിനെ പിന്തള്ളാന്‍ എസ്ആര്‍എച്ചിനെ സഹായിച്ചത്. 14 മല്‍സരങ്ങളില്‍ എട്ടെണ്ണത്തിലാണ് റോയല്‍സ് ജയിച്ചത്. അഞ്ചെണ്ണത്തില്‍ തോറ്റപ്പോള്‍ ഒരു കളി മഴ കാരണം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ആര്‍സിബിയാണ് നാലാം്സ്ഥാനക്കാരായത്. 14 മല്‍സരങ്ങളില്‍ നിന്നും ഏഴു വീതം ജയവും തോല്‍വിയുമടക്കം 14 പോയിന്റാണ് അവര്‍ക്കു ലഭിച്ചത്.