ഐപിഎല്ലിന്റെ അടുത്ത സീണിനു മുന്നോടിയായി പല ഫ്രാഞ്ചൈസികളും പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ക്കു മുമ്പായിരുന്നു രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു ശ്രീലങ്കയുടെ മുന്‍ ഇതിഹാസ പേസര്‍ ലസിത് മലിങ്കയെ മുംബൈ ഇന്ത്യന്‍സ് റാഞ്ചിയത്. റോയല്‍സിന്റെ ബൗളിങ് കോച്ചായ മലിങ്കയെ മുംബൈ അടുത്ത സീസണില്‍ തങ്ങളുടെ ബൗളിങ് കോച്ചാക്കുകയായിരുന്നു. ഇപ്പോഴിതാ റോയല്‍സും മുംബൈയ്ക്കു മറുപടി നല്‍കിയിരിക്കുകയാണ്.
അവരുടെ ബൗളിങ് കോച്ചായിരുന്ന ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസ പേസര്‍ ഷെയ്ന്‍ ബോണ്ടിനെ റോയല്‍സും തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചു. അസിസ്റ്റന്റ്് കോച്ച്, ഫാസ്റ്റ് ബൗളിങ് കോച്ച് എന്നീ രണ്ടു ചുമതലകളാണ് അദ്ദേഹത്തിനു റോയല്‍സ് നല്‍കിയിരിക്കുന്നത്. ഒമ്പതു വര്‍ഷം മുംബൈ ടീമിനോടൊപ്പം ഡ്രസിങ് റൂം പങ്കിട്ട ശേഷമാണ് ബോണ്ട് നീല ജഴ്‌സിയില്‍ നിന്നും പിങ്ക് ജഴ്‌സിയിലേക്കു ചേക്കേറുന്നത്.

മുംബൈക്കൊപ്പം നാലു ഐപിഎല്‍ കിരീടങ്ങളില്‍ പങ്കാളിയായിട്ടുള്ള അദ്ദേഹം കോച്ചിങ് രംഗത്ത് ഏറെ അനുഭവസമ്പത്തുള്ള വ്യക്തി കൂടിയാണ്. 2012 മുതല്‍ 15 വരെ ന്യൂസിലാന്‍ഡ് ദേശീയ ടീമിന്റെ പരിശീലക സംഘത്തിലും ബോണ്ട് ഉള്‍പ്പെട്ടിരുന്നു. 2015ലെ ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു.
ബോണ്ടിന്റെ അനുഭവസമ്പത്ത് സഞ്ജു സാംസണ്‍ നയിക്കുന്ന റോയല്‍സിനെ അടുത്ത സീസണിലെ ഐപിഎല്ലില്‍ വലിയ നേട്ടങ്ങളിലേക്കു നയിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്. ബോണ്ടിന്റെ നാട്ടുകാരന്‍ കൂടിയായ ട്രെന്റ് ബോള്‍ട്ടുള്‍പ്പെട്ട ശക്തമായ ബൗളിങ് നിരയാണ് റോയല്‍സിനുള്ളത്.
പ്രസിദ്ധ് കൃഷ്ണ, നവദീപ് സെയ്‌നി, സന്ദീപ് ശര്‍മ, കുല്‍ദീപ് സെന്‍, കുല്‍ദിപ് യാദവ്, വെസ്റ്റ് ഇന്‍ഡീസിന്റെ ഒബെഡ് മക്കോയ്, മലയാളി താരം കെഎം ആസിഫ് എന്നിവരാണ് റോയല്‍സിന്റെ പേസ് ബൗളിങ് നിരയിലുള്ളത്. അടുത്ത സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ ചിലരെ കൂടി റോയല്‍സ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വരികയും ചെയ്‌തേക്കും.
രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പം ചേരാനായതില്‍ ആഹ്ലാദവാനാണെന്നു ബോണ്ട് പ്രതികരിച്ചു. റോയല്‍സ് ടീമിന്റെ ഭാഗമാവന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. നന്നായി പെര്‍ഫോം ചെയ്യണമെന്നു ദൃഢനിശ്ചയമെടുത്ത ദീര്‍ഘ വീക്ഷണമുള്ള ഒരു ഫ്രാഞ്ചൈസിയാണ് റോയല്‍സ്.

അവരുട കാഴ്ചപ്പാടിന്റെ ഭാഗമാവാന്‍ സാധിക്കുന്നതില്‍ ഞാന്‍ വളരെയധികം ആവേശഭരിതനാണ്. അനുഭവസമ്പത്തും യുവത്വവും സമന്വയിപ്പിച്ച മികച്ച ബൗളിങ് യൂണിറ്റാണ് റോയല്‍സിനുള്ളത്. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയെന്നത് അതിശയകരമായ അനുഭവമായിരിക്കുമെന്നും ബോണ്ട് വ്യക്തമാക്കി.
ബോണ്ടിനെ റോയല്‍സ് ടീം ഡയറക്ടറും ശ്രീലങ്കയുടെ മുന്‍ ഇതിഹാസവുമായ കുമാര്‍ സങ്കക്കാരയും ടീമിലേക്കു സ്വാഗതം ചെയ്തു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മഹാനായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് ബോണ്ട്. ഏറ്റവും മികച്ച ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായിട്ടാണ് അദ്ദേഹത്തിന്റെ വരവ്. ഐപിഎല്ലിലും ഇന്ത്യയിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിത്തിട്ടുള്ള ബോണ്ട് ഫ്രാഞ്ചൈസി ഇക്കോ സംവിധാനത്തെക്കുറിച്ച് വളരെ മികച്ച ധാരണയുള്ള വ്യക്തി കൂടിയാണ്.
മികച്ചവരെ കൂടുതല്‍ മെച്ചപ്പെട്ടവരാക്കി മാറ്റാനുള്ള മിടുക്കും ശേഷിയും അദ്ദേഹത്തിനുണ്ട്. ബോണ്ടിനെ ഫ്രാഞ്ചൈസിയിലേക്കു സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ട്. കിരീടം നേടാന്‍ ശേഷിയുള്ള ഒരു ടീമായി ഞങ്ങളെ മാറ്റിയെടുക്കുന്നതില്‍ അദ്ദേഹമുണ്ടാക്കുന്ന സ്വാധീനം കാണാന്‍ കാത്തിരിക്കുകയാണെന്നും സങ്കക്കാര കൂട്ടിച്ചേര്‍ത്തു.