മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി ഒഴിവാക്കിയ താരങ്ങളുടേയും നിലനിര്‍ത്തിയ താരങ്ങളുടേയും പട്ടിക രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ടിരിക്കുകയാണ്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ 9 താരങ്ങളെ ഒഴിവാക്കിയെന്നതാണ് എടുത്തു പറയേണ്ടത്. ജോ റൂട്ട് അടുത്ത ഐപിഎല്ലിനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് താരത്തെ കൈവിട്ടത്. അബ്ദുല്‍ ബാസിത്തിനെ ഒഴിവാക്കിയ രാജസ്ഥാന്‍ വെസ്റ്റ് ഇന്‍ഡീസ് പേസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറേയും ഒഴിവാക്കി.
അവസാന സീസണില്‍ തല്ലുകൊള്ളിയായി മാറിയ ഓള്‍റൗണ്ടറാണ് ഹോള്‍ഡര്‍. അതുകൊണ്ടുതന്നെ താരത്തെ ഒഴിവാക്കുമെന്നുറപ്പായിരുന്നു. ആകാശ് വശിഷ്ട്, കുല്‍ദീപ് യാദവ് എന്നിവരെ ഒഴിവാക്കിയ രാജസ്ഥാന്‍ ഒബെഡ് മെക്കോയിയെ ഒഴിവാക്കിയത് കൗതുകമായി. ഭേദപ്പെട്ട ബൗളിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമായിരുന്നു മെക്കായി. സ്പിന്നര്‍ മുരുകന്‍ അശ്വിനേയും കെ സി കരിയപ്പയേയും ഒഴിവാക്കിയ രാജസ്ഥാന്‍ മലയാളി പേസര്‍ കെ എം ആസിഫിനേയും കൈവിട്ടു.
സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ദ്രുവ് ജുറേല്‍, യശ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ഡൊനോവന്‍ ഫെരൈറ, കുനാല്‍ റാത്തോര്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് സെന്‍, നവദീപ് സൈനി, പ്രസിദ്ധ് കൃഷ്ണ, സന്ദീപ് ശര്‍മ, ട്രന്റ് ബോള്‍ട്ട്, യുസ്‌വേന്ദ്ര ചഹാല്‍, ആദം സാംബ, ആവേശ് ഖാന്‍ എന്നിവരെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്. 14.5 കോടിയാണ് രാജസ്ഥാന്റെ പേഴ്‌സില്‍ ബാക്കിയുള്ളത്.
ഡല്‍ഹി ക്യാപിറ്റല്‍സ് 11 താരങ്ങളെയാണ് ഒഴിവാക്കിയത്. 9 പേരെയാണ് ഡല്‍ഹിക്ക് ലേലത്തില്‍ സ്വന്തമാക്കാനാവുക. ഇതില്‍ അഞ്ച് വിദേശ താരങ്ങളെ വാങ്ങാനാവുമെന്നതാണ് എടുത്തു പറയേണ്ടത്. 28.95 ആണ് ഡല്‍ഹിയുടെ പേഴ്‌സില്‍ ശേഷിക്കുന്ന തുക. റില്ലി റൂസോ, ചേതന്‍ സക്കറിയ, റോവ്മാന്‍ പവല്‍, മനീഷ് പാണ്ഡെ, ഫില്‍ സാള്‍ട്ട്, മുസ്തഫിസുര്‍ റഹ്‌മാന്‍, കമലേഷ് നാഗര്‍കോട്ടി, റിപാല്‍ പട്ടേല്‍, സര്‍ഫറാസ് ഖാന്‍, അമാന്‍ ഖാന്‍, പ്രിയം ഗാര്‍ഗ് എന്നിവരെയാണ് ഡല്‍ഹി ഒഴിവാക്കിയത്.

റിഷഭ് പന്ത് അടുത്ത സീസണില്‍ കളിക്കുമെന്നുറപ്പിച്ച് താരത്തെ ടീം നിലനിര്‍ത്തി. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം പൃഥ്വി ഷായെ ഡല്‍ഹി നിലനിര്‍ത്തിയെന്നതാണ് എടുത്തു പറയേണ്ടത്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ താരം അവസാന സീസണില്‍ നിരാശപ്പെടുത്തിയിരുന്നു. അഭിഷേക് പോറല്‍, അക്ഷര്‍ പട്ടേല്‍, ലളിത് യാദവ്, മിച്ചല്‍ മാര്‍ഷ്, യാഷ് ദുല്‍, പ്രവീണ്‍ ദുബെ, വിക്കി ഒസ്ത്വാല്‍, ആന്‍ റിച്ച് നോക്കിയേ, കുല്‍ദീപ് യാദവ്, ലൂങ്കി എന്‍ഗിഡി, ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശര്‍മ, മുകേഷ് കുമാര്‍ എന്നിവരെ നിലനിര്‍ത്തി.
പഞ്ചാബ് കിങ്‌സ് ശിഖര്‍ ധവാനെ നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ തീരുമാനിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. അഞ്ച് പേരെയാണ് പഞ്ചാബ് ഒഴിവാക്കിയത്. ഇതില്‍ എടുത്തു പറയാവുന്ന താരം ബനുക രാജപക്‌സെയാണ്. ഭേദപ്പെട്ട റെക്കോഡുള്ള താരമാണെങ്കിലും അവസാന സീസണില്‍ പരിക്ക് വേട്ടയാടിയിരുന്നു. അതുകൊണ്ടുതന്നെ പഞ്ചാബ് രാജപക്‌സയെ കൈവിട്ടു. മോഹിത് രാത്തി, ബല്‍ത്തേജ് ദണ്ട, രാജ് അങ്കാദ് ബാവ എന്നിവരോടൊപ്പം ഷാരൂഖ് ഖാനേയും ഒഴിവാക്കി.
തമിഴ്‌നാട്ടുകാരനായ വെടിക്കെട്ട് ഫിനിഷറാണ് ഷാരൂഖ് ഖാനെങ്കിലും പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനായിട്ടില്ല. ഇതോടെയാണ് ഷാരൂഖിനെ പഞ്ചാബ് ഒഴിവാക്കിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 12 താരങ്ങളെ ഒഴിവാക്കി. ഗൗതം ഗംഭീര്‍ മെന്ററായി എത്തിയതോടെ വലിയ അഴിച്ചുപണിയാണ് കെകെആര്‍ നടത്തിയിരിക്കുന്നത്.
ഷക്കീബ് അല്‍ ഹസന്‍, ലിറ്റന്‍ ദാസ്, ആര്യ ദേശായി, ഡേവിസ് വീസെ, നാരായണ്‍ ജഗദീശന്‍, മന്ദീപ് സിങ്, കുല്‍വന്ദ് ഖജ്‌റോലിയ, ശാര്‍ദ്ദുല്‍ ടാക്കൂര്‍, ലോക്കി ഫെര്‍ഗൂസന്‍, ഉമേഷ് യാദവ്, ടിം സൗത്തി, ജോണ്‍സന്‍ ചാള്‍സ് എന്നിവരെയാണ് കെകെആര്‍ ഒഴിവാക്കിയത്.