അഹമ്മദാബാദ്: സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സും ഐപിഎല്ലില്‍ ജീവന്‍മരണ പോരാട്ടത്തിനു കച്ചമുറുക്കുകയാണ്. കിരീട ഫേവറിറ്റുകളായിരുന്ന റോയല്‍സ് ഇപ്പോള്‍ ഫൈനല്‍ പോലുമെത്താതെ പുറത്തായേക്കുമെന്ന ഭീതിയിലാണ്. വലിയ നെഞ്ചിടിപ്പോടെയായിരിക്കും സഞ്ജുവിന്റെ പിങ്ക് ആര്‍മി എലിമിനേറ്ററില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുക. ബുധനാഴ്ച രാത്രി 7.30 മുതല്‍ അഹമ്മദാഹബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ഈ കിടിലന്‍ മല്‍സരം.
2022ലെ ഫൈനലിനു ശേഷം വീണ്ടുമൊരു ഐപിഎല്‍ ഫൈനലാണ് റോയല്‍സ് ഇത്തവണ ലക്ഷ്യമിടുന്നത്. പക്ഷെ അതിനു അവര്‍ക്കു രണ്ടു കടമ്പകള്‍ കൂടി കടക്കണം. എലിമിനേറ്റര്‍ മാത്രമല്ല രണ്ടാം ക്വാളിഫയറും കൂടി വിജയിക്കാനായാല്‍ മാത്രമേ റോയല്‍സ് ഫൈനലിലേക്കു ടിക്കറ്റെടുക്കുകയുള്ളൂ. പക്ഷെ എലിമിനേറ്ററില്‍ ആര്‍സിബിക്കെതിരേ തന്നെ റോയല്‍സിനു കാലിടറിയേക്കും. ആര്‍സിബിക്കെതിരേ റോയല്‍സ് പരാജയപ്പെട്ടേക്കാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജോസ് ബട്‌ലറുടെ അസാന്നിധ്യമാണ് റോയല്‍സിനു തിരിച്ചടിയാവുന്ന ആദ്യത്തെ കാര്യം. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ലീഗ് മല്‍സരത്തിനു ശേഷം അദ്ദേഹം ടീം വിട്ടിരുന്നു. പാകിസ്താനെതിരായ ടി20 പരമ്പരയുടെ ഭാഗമായാണ് ബട്‌ലര്‍ ഐപിഎല്ലില്‍ നിന്നും പിന്‍മാറിയത്. റോയല്‍സിനെ സംബന്ധിച്ച് നായകന്‍ സഞ്ജുവിനെപ്പോലെ തന്നെ പകരം വയ്ക്കാനില്ലാത്ത താരമാണ് അദ്ദേഹം.
11 മല്‍സരങ്ങളില്‍ നിന്നും രണ്ടു സെഞ്ച്വറികളടക്കം 359 റണ്‍സ് ബട്‌ലര്‍ ഇത്തവണ നേടിയിരുന്നു. സമ്മര്‍ദ്ദഘട്ടങ്ങളില്‍ കളിക്കാനുള്ള ബട്‌ലറുടെ മിടുക്കും അനുഭവസമ്പത്തുമൊന്നും റോയല്‍സിനു മറ്റൊരു താരത്തില്‍ നിന്നും കിട്ടില്ല. നേരത്തേ ലീഗ് ഘട്ടത്തില്‍ ആര്‍സിബിയെ റോയല്‍സ് തകര്‍ത്തുവിട്ടപ്പോള്‍ ടീമിന്റെ ഹീറോ അദ്ദേഹമായിരുന്നു. അപരാജിത സെഞ്ച്വറിയാണ് ബട്‌ലര്‍ (58 ബോളില്‍ 100*) അന്നു കുറിച്ചത്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള ആദ്യപാദത്തില്‍ അദ്ദേഹത്തിന്റെ വണ്‍മാന്‍ ഷോയും എടുത്തു പറയേണ്ടതാണ്. ടീം തോല്‍വി ഭീഷണിയില്‍ നില്‍ക്കെ റണ്‍ചേസില്‍ തനിച്ചാണ് ബട്‌ലര്‍ (60 ബോളില്‍ 107*) ടീമിനെ വിജയിപ്പിച്ചത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഇന്നിങ്‌സുകളിലൊന്നാണിത്.
റോയല്‍സിനെ സംബന്ധിച്ച് ബട്‌ലര്‍ എത്രമാത്രം നിര്‍ണായക താരമാണെന്നു തെളിയിക്കാന്‍ ഈ രണ്ടു മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ തന്നെ ധാരാളമാണ്. അതുകൊണ്ടു തന്നെ എലിമിനേറ്ററില്‍ അദ്ദേഹമില്ലെന്നതു ടീമിനു വലിയ ക്ഷീണമായി മാറും.

റോയല്‍സിനു തിരിച്ചടിയാവുന്ന രണ്ടാമത്തെ ഘടകം യശസ്വി ജയ്‌സ്വാളിന്റെ മോശം ഫോമാണ്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഒട്ടും തന്നെ സ്ഥിരതയില്ലാത്ത പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. 13 ഇന്നിങ്‌സുകളില്‍ നിന്നും 29 ശരാശരിയില്‍ 348 റണ്‍സാണ് ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള ഇന്നിങ്‌സുകളിലെല്ലാം താരം തികഞ്ഞ പരാജയമായിരുന്നു. ബട്‌ലറുടെ അഭാവത്തിനൊപ്പം ജയ്‌സ്വാള്‍ കൂടി മോശം ഫോമിലായത് എലിമിനേറ്ററില്‍ റോയല്‍സിനു വലിയ തിരിച്ചടിയാണെന്നതില്‍ സംശയമില്ല.
ബൗളിങില്‍ ടീമിന്റെ തുറുപ്പുചീട്ടായ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ അവസാന മല്‍സരങ്ങളില്‍ ഫോമൗട്ടായതാണ് റോയല്‍സിന്റെ മൂന്നാമത്തെ പ്രശ്‌നം. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നതിനു മുമ്പ് വരെ ഗംഭീര ഫോമിലായിരുന്നു അദ്ദേഹം. പക്ഷെ ടീം പ്രഖ്യാപിക്കുകയും സ്‌ക്വാഡില്‍ ഇടം പിടിക്കുകയും ചെയ്ത ശേഷം ചഹല്‍ തല്ലുകൊള്ളിയായി മാറിയിരിക്കുകയാണ്. ഇതു നായകന്‍ സഞ്ജുവിനു വലിയ തലവേദയായി മാറും.
കാരണം നേരത്തേ മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമെല്ലാം അദ്ദേഹത്തിനു വിക്കറ്റുകള്‍ നേടിക്കൊടുത്ത ബൗളാണ് ചഹല്‍. ഏപ്രില്‍ 30നാണ് ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. അതിനു ശേഷം കളിച്ച മല്‍സരങ്ങളില്‍ നാലോവറില്‍ 62 റണ്‍സ് (1 വിക്കറ്റ്), നാലോവറില്‍ 48 (1 വിക്കറ്റ്), നാലോവറില്‍ 22 (1 വിക്കറ്റ്), നാലോവറില്‍ 32 ( 2 വിക്കറ്റ്) എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രകടനം.