ഐപിഎല്ലിന്റെ ട്രേഡ് വിന്‍ഡോയില്‍ മറുനാടന്‍ മലയാളിയും യുവ ബാറ്ററുമായ ദേവ്ദത്ത് പടിക്കലിനെ വില്‍ക്കാനുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനം വലിയ മണ്ടത്തരമായോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റിലെ റണ്‍മെഷീനായി മാറിയിരിക്കുകയാണ് അദ്ദേഹം. കളിച്ച മല്‍സരങ്ങളിലെല്ലാം റണ്‍സ് വാരിക്കൂട്ടി മാരക ഫോമിലാണ് ദേവ്ദത്ത്.
തികച്ചും അപ്രതീക്ഷിതമായിട്ടാണ് ദേവ്ദത്തിനെ റോയല്‍സ് വില്‍ക്കാന്‍ തീരുമാനിച്ചത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു അദ്ദേഹത്തെ വില്‍ക്കാന്‍ റോയല്‍സ് സമ്മതം മൂളുകയായിരുന്നു. പകരം ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാനെ സ്വന്തം കൂടാരത്തിലേക്കു റോയല്‍സ് കൊണ്ടു വരികയുമായിരുന്നു. എന്നാല്‍ താന്‍ ടീമില്‍ സ്ഥാമര്‍ഹിച്ചിരുന്നതായും ലഖ്‌നൗവിനു വിട്ടുകൊടുത്തതോടെ വലിയ അബദ്ധമാണ് റോയല്‍സ് കാണിച്ചിരിക്കുന്നതെന്നും ദേവ്ദത്ത് തെളിയിക്കുകയാണ്.

വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയുടെ താരമായ ദേവ്ദത്ത് അഞ്ചു മല്‍സരങ്ങളില്‍ നിന്നും വാരിക്കൂട്ടിയത് 465 റണ്‍സാണ്. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുമുള്‍പ്പെടെയാണിത്. 155 എന്ന അവിശ്വസനീയ ബാറ്റിങ് ശരാശരിയും 120.46 സ്‌ട്രൈക്ക് റ്റേറും ദേവ്ദത്തിനുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 117 റണ്‍സുമാണ്.
ജമ്മു കാശ്മീരുമായുള്ള ആദ്യ മല്‍സരത്തില്‍ ഫിഫ്റ്റിയുമായാണ് ദേവ്ദത്ത് തുടങ്ങിയത്. മൂന്നാം നമ്പറില്‍ കളിച്ച അദ്ദഹം 35 ബോളില്‍ അഞ്ചു സിക്‌സറും നാലു ഫോറുമടക്കം അടിച്ചെടുത്തത് 71 റണ്‍സാണ്. രണ്ടാമത്തെ മല്‍സരത്തില്‍ ഉത്തരാഖണ്ഡിനെതിരേ മൂന്നാം നമ്പറില്‍ ഇറങ്ങിയ ദേവ്ദത്ത് സെഞ്ച്വറിയും കുറിച്ചു.
122 ബോളില്‍ 13 ഫോറുകളും അഞ്ചു സിക്‌സറുമടക്കം 117 റണ്‍സുമായി അദ്ദേഹം ടീമിന്റെ രക്ഷകനായി മാറുകയായിരുന്നു. ഡല്‍ഹിയുമായുള്ള മൂന്നാം റൗണ്ട് മല്‍സരത്തിലും കര്‍ണാടക ബാറ്റിങിലെ അമരക്കാരനായി ദേവ്ദത്ത് മാറി. 69 ബോളില്‍ ആറു സിക്‌സറും മൂന്നു ഫോറുമടക്കം 70 റണ്‍സ് നേടിയാണ് അദ്ദേഹം ക്രീസ് വിട്ടത്.
ബിഹാറുമായുള്ള നാലാമത്തെ മല്‍സരത്തില്‍ നാലാം നമ്പറിലായിരുന്നു ദേവ്ദത്ത് ബാറ്റ് ചെയ്തത്. ഈ പൊസിഷനും തനിക്കു വഴങ്ങുമെന്നു അദ്ദേഹം കാണിച്ചുതന്നു. പുറത്താവാതെ 93 റണ്‍സ് ദേവ്ദത്ത് സ്‌കോര്‍ ചെയ്തു. വെറും 57 ബോളുകളിലായിരുന്നു ഇത്. ഒമ്പതു ഫോറുകളും അഞ്ചു സിക്‌സറും അദ്ദേഹത്തിന്റെ ഇടിവെട്ട് ഇന്നിങ്‌സിലുണ്ടായിരുന്നു.
ചണ്ഡീഗഡിനെതിരേയായിരുന്നു ടൂര്‍ണമെന്റില്‍ ദേവ്ദത്തിന്റെ രണ്ടാമത്തെ സെഞ്ച്വറി. മൂന്നാം നമ്പറില്‍ കളിച്ച അദ്ദേഹം 114 റണ്‍സാണ് നേടിയത്. 103 ബോളുകള്‍ നേരിട്ട ദേവ്ദത്ത് ഒമ്പതു ഫോറും ആറു സിക്‌സറുകളുമടിച്ചു.

വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ ഓപ്പണിങ് ലഭിച്ചില്ലെങ്കിലും മൂന്നാം നമ്പറിലോ, നാലാം നമ്പറിലോ ഇറങ്ങി മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ തനിക്കു സാധിക്കുമെന്നു വിജയ് ഹസാരെ ട്രോഫിയില്‍ ദേവ്ദത്ത് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഓപ്പണിങില്‍ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും സ്ഥാനമുറപ്പിച്ചതും മറ്റു പൊസിഷനുകളില്‍ ദേവ്ത്ത് തിളങ്ങാനിടയില്ലെന്നുമുള്ള കാരണത്താലാണ് അദ്ദേഹത്തെ റോയല്‍സ് ഒഴിവാക്കിയതെന്നാണ് സൂചന.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലുരിനോടൊപ്പം ഐപിഎല്‍ കരിയറാരംഭിച്ച അദ്ദേഹം രണ്ടു സീസണുകളിലും ഓപ്പണാറായാണ് ഇറങ്ങിയത്. 2020ല്‍ 473 റണ്‍സും 2011ല്‍ 411 റണ്‍സും ദേവ്ദത്ത് നേടുകയും ചെയ്തു. പക്ഷെ സീസണിനു ശേഷം ആര്‍സിബി കൈവിട്ടതോടെ അദ്ദേഹത്തെ ലേലത്തില്‍ റോയല്‍സ് വാങ്ങുകയായിരുന്നു.
പക്ഷെ കൃത്യമായൊരു ബാറ്റിങ് പൊസിഷന്‍ ദേവ്ദത്തിനു അവിടെ ലഭിച്ചില്ല. ഓപ്പണറായും മൂന്നാമനായും നാലാമനായുമെല്ലാം താരം പരീക്ഷിക്കപ്പെട്ടു. ഇതു ദേവ്ദത്തിന്റെ പ്രകടനത്തെയും ബാധിച്ചിരുന്നു. 2022ല്‍ 376ഉം കഴിഞ്ഞ സീസണില്‍ 261ഉം റണ്‍സാണ് താരത്തിനു സ്‌കോര്‍ ചെയ്യാനായത്.ഇതോടെ ദേവ്ദത്തിനെ ഫ്രാഞ്ചൈസി കൈവിടുകയുമായിരുന്നു.