ബെംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ നിര്‍ണായകമായ ഐപിഎല്‍ പോരാട്ടത്തില്‍ പരാജയം നേരിട്ട ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ പരിഹാസവുമായി രംഗത്തു വന്നിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിന്‍റെ ആരാധകര്‍. തൊട്ടുമുമ്പത്തെ കളിയില്‍ തങ്ങള്‍ക്കെതിരേ കള്ളക്കളിയിലൂടെ നേടിയ വിജയത്തിനുള്ള ശിക്ഷയാണ് ഇപ്പോള്‍ ഡിസിക്കു ലഭിച്ചിരിക്കുന്നതെന്നു അവര്‍ തുറന്നടിക്കുന്നു.
പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയോടെ ഇറങ്ങിയ ഡിസിയെ ആര്‍സിബി സ്വന്തം മൈതാനത്തു 47 റണ്‍സിനു കെട്ടുകെട്ടിക്കുകയായിരുന്നു. തുടര്‍ച്ചയായ അഞ്ചാം വിജയം കൂടിയാണ് ആര്‍സിബി സ്വന്തമാക്കിയത്. പോയിന്റ് പട്ടികയില്‍ ഇതോടെ അവര്‍ അഞ്ചാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

ഈ മാസം ഏഴിനു ഹോംഗ്രൗണ്ടായ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ വച്ച് സഞ്ജു സാംസണ്‍ നയിച്ച റോയല്‍സിനെ 20 റണ്‍സിനു ഡിസി തോല്‍പ്പിച്ചിരുന്നു. ഈ കളിയില്‍ സഞ്ജുവിന്റെ പുറത്താവല്‍ വന്‍ വിവാദവുമായി മാറിയിരുന്നു. റണ്‍ചേസില്‍ ടീമിനെ ഉജ്ജ്വലമായ നയിക്കവെ അദ്ദേഹം 86ല്‍ നില്‍ക്കെയാണ് തേര്‍ഡ് അംപയറുടെ മോശം തീരുമാനം കാരണം പുറത്തായത്. മുകേഷ് കുമാറിനെതിരേ സിക്‌സറിനു ശ്രമിച്ച സഞ്ജുവിനെ ലോങ് ഓണില്‍ ബൗണ്ടറി ലൈനിന് തൊട്ടരികെ വച്ച് ഷെയ് ഹോപ്പ് പിടികൂടുകയായിരുന്നു.
ഈ ക്യാച്ചെടുക്കുന്നതിനിടെ ഹോപ്പനിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടുന്നത് റീപ്ലേയില്‍ കാണാമായിരുന്നു. പക്ഷെ റീപ്ലേ പരിശോധിച്ച തേര്‍ഡ് അംപയര്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അതു ക്ലീന്‍ ക്യാച്ചാണെന്നും ഔട്ടെന്നും വിധിക്കുകയായിരുന്നു. ഇതോടെ രോഷാകുലനായ സഞ്ജു ഓണ്‍ഫീല്‍ഡ് അംപയറായ കെ അനന്ദപത്മനാഭന്റെ അരികിലേക്കു വന്നു ഇതേക്കുറിച്ച് വാദിച്ചെങ്കിലും തീരുമാനം മാറിയില്ല. ഒടുവില്‍ നിരാശയോടെ സഞ്ജു ക്രീസ് വിടുകയായിരുന്നു.
ഓണ്‍ഫീല്‍ഡ് അംപയറുമായി സഞ്ജു ഗ്രൗണ്ടില്‍ വച്ച് ക്യാച്ചിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഗ്യാലറിയില്‍ ഡിസി ടീമുടമ പാര്‍ഥ് ജിന്‍ഡാലിന്റെ പെരുമാറ്റം വിവാദമാവുകയും ചെയ്തിരുന്നു. ഔട്ടാണ്, ഔട്ടാണ് എന്നു സഞ്ജുവിനു നേരെ വിരല്‍ ചൂണ്ടി ജിന്‍ഡാല്‍ ആക്രോശിക്കുകയായിരുന്നു.
മല്‍സരശേഷം ജിന്‍ഡാലിന്റെ ദയനീയ പെരുമാറ്റത്തിനെതിരേ ആരാധകരുടെ ഭാഗത്തു നിന്നും വലിയ വിമര്‍ശനവും നേരിട്ടിരുന്നു. ഇപ്പോഴിതാ ദിവസങ്ങള്‍ക്കു ശേഷം ഡിസി തോറ്റതോടെ ജിന്‍ഡാലിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് റോയല്‍സിന്റെയും സഞ്ജുവിന്റെയും ആരാധകര്‍.

ഇതു തീര്‍ച്ചയായും സഞ്ജു സാംസണിന്റെയും രാജസ്ഥാന്‍ റോയല്‍സ് ആരാധകരുടെയും ശാപമാണ്. കാരണം അന്നു അംപയറെ സ്വാധീനിച്ച് അനര്‍ഹമായ വിജയമണ് ഡിസി സ്വന്തമാക്കിയത്. സിക്‌സര്‍ ലഭിക്കേണ്ടയിടത്താണ് സഞ്ജുവിനെതിരേ അംപയര്‍ ഔട്ട് വിധിച്ചത്. സഞ്ജുവിനെയും റോയല്‍സ് ടീമിനെയും അധിക്ഷേപിച്ച ഡല്‍ഹി ക്യാപ്പിറ്റന്‍സിനു ഇതിനേക്കാള്‍ നല്ലൊരു ശിക്ഷ ലഭിക്കാനില്ല. അന്നു ചതിയിലൂടെ സഞ്ജുവിനെ പുറത്താക്കിയിരുന്നില്ലെങ്കില്‍ റോയല്‍സ് ജയിക്കുമായിരുന്നെനനും ആരാധകര്‍ കുറിക്കുന്നു.
രാജസ്ഥാന്‍ റോയല്‍സിനെ ചതിയിലൂടെ തോല്‍പ്പിച്ചപ്പോള്‍ ഐപിഎല്ലിന്റെ ഫൈനലില്‍ കടന്ന തരത്തിലുള്ള ആഹ്ലാദ പ്രകടനമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നടത്തിയത്. ഇപ്പോള്‍ എന്തായി? അന്നു സഞ്ജുവിനോടും റോയല്‍സ് ടീമിനോടും കാണിച്ച കള്ളത്തരത്തിനു ലഭിച്ച ശിക്ഷയാണിത്. ടീമുടമ പാര്‍ഥീവ് ജിന്‍ഡാലിന്റെ പൊടി പോലുമില്ല. അന്നു സഞ്ജു പുറത്തായപ്പോള്‍ എന്തായിരുന്നു ജിന്‍ഡാലിന്റെ ആക്രോശവും ആഹ്ലാദവും. ഇപ്പോല്‍ എല്ലാത്തിന്റെയും വായടപ്പിച്ചിരിക്കുകയാണ് ആര്‍സിബിയെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.