ഐപിഎല്‍ താരലേലം അടുത്ത മാസം നടക്കാനിരിക്കെ ട്രാന്‍സ്ഫര്‍ വിപണിക്കു ചൂടുപിടിച്ചിരിക്കുകയാണ്. മുഖ്യ ഉപദേശകനായ ഗൗതം ഗംഭീര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിട്ട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കു ചേക്കേറിയതിനു പിന്നാലെ ആദ്യത്തെ താര കൈമാറ്റവും സംഭവിച്ചിരുന്നു. മുന്‍നിര ബാറ്ററായ ദേവ്ദത്ത് പടിക്കലിനെ ലഖ്‌നൗവിനു വിട്ടു നല്‍കി പകരം ഇന്ത്യന്‍ ഫാസ്റ്റ് ബളര്‍ ആവേശ് ഖാനെ രാജസ്ഥാന്‍ റോയസല്‍സ് തങ്ങളുടെ കൂടാരത്തില്‍ എത്തിക്കുകയായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ദേവ്ദത്തിനെ റോയസല്‍സിനു ആവശ്യമില്ല. പക്ഷെ പകരക്കാനായി ആവേശിനെ കൊണ്ടുവന്നത് റോയല്‍സ് കാണിച്ച വലിയ മണ്ടത്തരം തന്നെയാണ്. ഇതു എന്തുകൊണ്ടാണെന്നു നോക്കാം. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്തിരുന്ന ആവേശല്ല ഇപ്പോഴുള്ളത്. ഡിസിയില്‍ നിന്നും ലഖ്‌നൗവിലേക്കു കൂടുമാറിയ ശേഷം അദ്ദേഹത്തിന്റെ ബൗളിങില്‍ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്.

റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഒട്ടും പിശുക്ക് കാണിക്കാത്ത ആവേശ് ലഖ്‌നൗ ബൗളിങ് നിരയിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയായിരുന്നു. ഇങ്ങനെയൊരാളെ റോയല്‍സ് എന്തിനു വാങ്ങിയെന്നതാണ് സംശയം. ആവേശിനു പകരം ആറാമത്തെ ബൗളിങ് ഓപ്ഷനായി ഉപയോഗിക്കാവുന്ന ഒരു ഓള്‍റൗണ്ടറെയായിരുന്നു റോയല്‍സിനു ആവശ്യം.
ആവേശിനു പകരം ലഖ്‌നൗവില്‍ നിന്നും ആയുഷ് ബദോനി, ദീപക് ഹൂഡ എന്നിവരിലൊരാളെ റോയല്‍സിനു ആവശ്യപ്പെടാമായിരുന്നു. നിലവില്‍ ടീമിലുള്ള യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെപ്പോലെയും മുന്‍ പേസര്‍ ജയദേവ് ഉനാട്കട്ടിനെയും പോലെ വൈകാതെ ആവേശും റോയല്‍സിനു വലിയൊരു ബാധ്യതയായി മാറിയേക്കും.
കഴിഞ്ഞ ഐപിഎല്‍ സീസണ്‍ നോക്കിയാല്‍ ഒമ്പതു മല്‍സരങ്ങളിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി ആവേശ് പന്തെറിഞ്ഞത്. ഇതില്‍ അഞ്ചിലും നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കാനായിട്ടില്ലെന്നു കാണാം. 9.75 എന്ന മോശം ഇക്കോണമി റേറ്റില്‍ വീഴ്ത്തിയതാവട്ടെ വെറും എട്ടു വിക്കറ്റുകള്‍ മാത്രമാണ്.
പവര്‍പ്ലേയിലോ, ഡെത്ത് ഓവറുകളിലോ വിശ്വസിക്കാവുന്ന ബൗളറല്ല ആവേശ്. ഇന്ത്യന്‍ ടീമിനു വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ആവേശ് കളിച്ചു കഴിഞ്ഞെങ്കിലും റണ്‍സ് വാരിക്കോരി നല്‍കുന്നത് ശീലമാക്കി മാറ്റിയതോടെ ദേശീയ ടീമിലെ സ്ഥാനവും നഷ്ടമാവുകയായിരുന്നു.
മാത്രമല്ല റോയല്‍സിന്റെ ബൗളിങ് ലൈനപ്പെടുത്താല്‍ ആവേശിനെ എവിടെ ഉള്‍ക്കൊള്ളിക്കുമെന്നതും ചോദ്യമാണ്. ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് സെന്‍, നവദീപ് സെയ്‌നി, യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ എന്നിവരെല്ലാം ബൗളര്‍മാരായി റോയല്‍സിനുണ്ട്. ഇവരെക്കൂടാതെയാണ് ഇപ്പോള്‍ ആവേശിനെയും റോയല്‍സ് വാങ്ങിയിരിക്കുന്നത്.
ലേലത്തിനു മുമ്പ് റോയല്‍സിന്റെ പഴ്‌സില്‍ 3.35 കോടി രൂപയായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഇതില്‍ 2.25 കോടി രൂപയാണ് ദേവ്ദത്തിനെ കൈമാറിയതിനൊപ്പം ആവേശിനു വേണ്ടി റോയല്‍സിനു ചിലവഴിക്കേണ്ടി വന്നത്. ഇനി 1.10 കോടി രൂപ മാത്രമേ റോയല്‍സിന്റെ പഴ്‌സില്‍ ബാക്കിയുള്ളൂ. എന്നാല്‍ നിലവില്‍ ടീമിലുള്ള ചിലരെ ഒഴിവാക്കിയാല്‍ റോയല്‍സിനു ലേലത്തിനു മുമ്പ് വലിയൊരു താരത്തെ വാങ്ങാന്‍ പണം സ്വരൂപിക്കാന്‍ സാധിക്കും.

ജേസണ്‍ ഹോള്‍ഡര്‍ (5.75 കോടി), സെയ്‌നി (2.6 കോടി), മലയാളി താരം കെഎം ആസിഫ് (30 ലക്ഷം), കെസി കരിയപ്പ (30 ലക്ഷം), മുരുഗന്‍ അശ്വിന്‍ (20) എന്നിവരെയെല്ലാം ലേലത്തിനു മുമ്പ് റോയല്‍സിനു ഒഴിവാക്കാവുന്നതാണ്.
ആവേശിന്റെ ഐപിഎല്‍ കരിയറെടുത്താല്‍ 2017ല്‍ റോയയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പമാണ് തുടക്കം. എന്നാല്‍ തൊട്ടടുത്ത സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു മാറിയതോടെയാണ് 26 കാരനയ പേസറുടെ തലവര മാറിയത്. 2021ലെ സീസണിനു ശേഷം ആവേശിനെ ഡിസി കൈവിടുകയായിരുന്നു. തുടര്‍ന്നാണ് 2022ലെ ലേലത്തില്‍ പേസറെ എല്‍എസ്ജി വാങ്ങിയത്.
2021ല്‍ ഡിസിക്കൊപ്പമുള്ള സീസണായിരുന്നു ആവേശിന്റെ കരിയര്‍ ബെസ്റ്റ്. 16 മല്‍സരങ്ങളില്‍ നിന്നും 24 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു. 2022ല്‍ ലഖ്‌നൗവിലെത്തിയ ശേഷം ആദ്യ സീസണില്‍ 18 വിക്കറ്റുകളെടുത്തെങ്കിലും കഴിഞ്ഞ തവണ ഇതു എട്ടിലൊതുങ്ങുകയായിരുന്നു.