For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ആര്‍സിബി കൈവിട്ടു, മറ്റു ടീമുകളില്‍ ഇവര്‍ കസറി! ആരൊക്കെയെന്നറിയാം

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ ഫ്രാഞ്ചൈസികളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ടൂര്‍ണമെന്റില്‍ കളിച്ചുകൊണ്ടിരുന്നിട്ടും ഒരിക്കല്‍പ്പോലും കിരീടമുയര്‍ത്താന്‍ അവര്‍ക്കു ഭാഗ്യമുണ്ടായിട്ടില്ല. രണ്ടു തവണ ഫൈനല്‍ വരെയെത്തിയെങ്കിലും കപ്പിനരികെ അവര്‍ക്കു അടിതെറ്റുകയായിരുന്നു. കടലാസില്‍ എല്ലായ്‌പ്പോഴും ആര്‍സിബി വളരെ ശക്തരായാണ് കാണപ്പെടാറുള്ളത്. പക്ഷെ പലപ്പോഴും കളിക്കളത്തില്‍ ഈ മികവ് പുറത്തെടുക്കാന്‍ അവര്‍ക്കു സാധിക്കാറില്ല.

അടുത്ത സീസണിനു മുന്നോടിയായി ഒഴിവാക്കപ്പെട്ട കളിക്കാരുടെ ലിസ്റ്റ് ആര്‍സിബി പ്രഖ്യാപിച്ചപ്പോള്‍ ചില വമ്പന്‍ താരങ്ങള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡ്, ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗ, ഇംഗ്ലണ്ടിന്റെ ഡേവിഡ് വില്ലി, സൗത്താഫ്രിക്കയുടെ വെയ്ന്‍ പാര്‍നല്‍ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്.

KL RAHUL

ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ ആര്‍സിബി ഇതുപോലെ കൈവിട്ട ചില താരങ്ങള്‍ മറ്റു ഫ്രാഞ്ചൈസികള്‍ക്കായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളതായി കാണാം. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നിലവിലെ ക്യാപ്റ്റനുമായ കെഎല്‍ രാഹുലാണ് ഈ ലിസ്റ്റിലെ ഒരാള്‍. 2016ലാണ് രാഹുലിനെ ആര്‍സിബി ലേലത്തില്‍ വാങ്ങിയത്. സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം 397 റണ്‍സും അദ്ദേഹം നേടി.

തോളിലെ പരിക്കു കാരണം തൊട്ടടുത്ത സീസണ്‍ നഷ്ടമായ രാഹുലിനെ 2018ലെ ലേലത്തിനു മുമ്പ് ആര്‍സിബി ഒഴിവാക്കുകയും ചെയ്തു. തുടര്‍ന്നു പഞ്ചാബ് കിങ്‌സിലെത്തിയ അദ്ദേഹം അവിടെ റണ്‍സ് വാരിക്കൂട്ടി. 14 കളിയില്‍ നിന്നും 659 റണ്‍സെടുത്താണ് ആര്‍സിബിക്കു രാഹുല്‍ മറുപടി നല്‍കിയത്. 2020ല്‍ 670 റണ്‍സുമായി ഓറഞ്ച് ക്യാപ്പിനും അദ്ദേഹം അവകാശിയായി.

യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ആര്‍സിബിയെ നിരവധി മല്‍സരങ്ങളില്‍ തനിച്ചു ജയിപ്പിച്ചിട്ടുള്ള താരമാണ് അദ്ദേഹം. 2011 മുതല്‍ 17 വരെ അഞ്ചു സെഞ്ച്വറികളും 19 ഫിഫ്റ്റികളുടക്കം ആര്‍സിബിക്കായി ഗെയ്ല്‍ വാരിക്കൂട്ടിയത് 3163 റണ്‍സാണ്. പക്ഷെ 2017ലെ സീസണിനു ശേഷം അദ്ദേഹത്തെ ആര്‍സിബി ഒഴിവാക്കുകയായിരുന്നു.

രാഹുലിനോടൊപ്പം 2018ലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിലെത്തിയ ഗെയ്ല്‍ അവിടെയും റണ്‍വേട്ട തുടര്‍ന്നു. 11 മല്‍സരങ്ങളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 368 റണ്‍സ് അദ്ദേഹം നേടി. 2019ല്‍ ഇതിനേക്കാള്‍ മികച്ച പ്രകടമാണ് ഗെയ്ല്‍ കാഴ്ചവച്ചത്. 13 മല്‍സരങ്ങളില്‍ നിന്നും 153.60 സ്‌ട്രൈക്ക് റേറ്റില്‍ 490 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു.

ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന ഷെയ്ന്‍ വാട്‌സനാണ് ലിസ്റ്റിലെ മൂന്നാമത്തെ താരം. 2016ലെ ലേലത്തില്‍ അദ്ദേഹത്തെ 9.5 കോടി രൂപയ്ക്കാണ് ആര്‍സിബി വാങ്ങിയത്. 16 മല്‍സരങ്ങളില്‍ നിന്നും 179 റണ്‍ലും 20 വിക്കറ്റുകളുമായിരുന്നു വാട്‌സന്‍ ഈ സീസണില്‍ നേടിയത്. 2017ലെ സീസണില്‍ അദ്ദേഹം ബാറ്റിങിലും ബൗളിങിലും അമ്പെ പരാജയമായതോടെ ആര്‍സിബി ഒഴിവാക്കുകയായിരുന്നു.

2018ലെ ഗൊ ലേലത്തില്‍ വാട്‌സനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. നാലു കോടി രൂപയ്ക്കായിരുന്നു ഇത്. സീസണില്‍ 15 മല്‍സരങ്ങളില്‍ നിന്നും രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമടക്കം 555 റണ്‍സ് വാരിക്കൂട്ടിയ വാട്‌സന്‍ തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നു ആര്‍സിബിക്കു കാണിച്ചുകൊടുക്കുകയും ചെയ്തു.

YUZVENDRA CHAHAL

ഇന്ത്യയുടെ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് ലിസ്റ്റിലെ നാലാമന്‍. 2014ല്‍ ആര്‍സിബിയിലൂടെ കരിയറാരംഭിച്ച അദ്ദേഹം പിന്നീട് ബൗളിങില്‍ ടീമിന്റെ തുറുപ്പുചീട്ടായി മാറി. കന്നി സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും ചഹല്‍ 12 വിക്കറ്റുകളെടുത്തിരുന്നു.

പക്ഷെ 2021ലെ സീസണിനു ശേഷം തികച്ചും അപ്രതീക്ഷിതമായി അദ്ദേഹത്തെ ആര്‍സിബി ഒഴിവാക്കുകയായിരുന്നു. ലേലത്തില്‍ 6.5 കോടി രൂപയ്ക്കു ചഹലിനെ രാജസ്ഥാന്‍ റോയല്‍സ് വാങ്ങുകയും ചെയ്തു. 17 മല്‍സരങ്ങളില്‍ നിന്നും 27 വിക്കറ്റുകളാണ് അദ്ദേഹം സീസണില്‍ കടപുഴക്കിയത്.

സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കാണ് ലിസ്റ്റിലെ അഞ്ചാമന്‍. 2019ലെ സീസണിനു മുമ്പാണ് ഡികോക്കിനെ ആര്‍സിബി മുംബൈ ഇന്ത്യന്‍സിനു വില്‍ക്കുന്നത്. സീസണില്‍ മുംബൈയുടെ റണ്‍വേട്ടക്കാരനായും അദ്ദേഹം മാറി. 16 മല്‍സരങ്ങളില്‍ നിന്നും ഡികോക്കിന്റെ സമ്പാദ്യം 529 റണ്‍സായിരുന്നു. 2020ല്‍ മുംബൈയ്ക്കു വേണ്ടി 16 മല്‍സരങ്ങളില്‍ നിന്നും 503 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.

Story first published: Sunday, December 3, 2023, 2:30 [IST]
Other articles published on Dec 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+