ടീം ഇന്ത്യയുമായുള്ള തന്റെ രണ്ടു വര്‍ഷത്തെ കരാര്‍ അവസാനിച്ചതിനു പിന്നാലെ മുഖ്യ കോച്ചും മുന്‍ ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലിലേക്കു കൂടുമാറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ദേശീയ ടീമുമായി തനിക്കു കരാര്‍ പുതുക്കാന്‍ താല്‍പ്പര്യമില്ലെന്നു ബിസിസഐയെ അദ്ദേഹം ഇതിനകം അറിയിച്ചു കഴിഞ്ഞുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ടീം ഇന്ത്യക്കൊപ്പമുള്ള തിരക്കേറിയ മല്‍സരങ്ങള്‍ക്കു ശേഷം ഇപ്പോള്‍ കുടുംബത്തോടൊപ്പം അവധിയാഘോഷിക്കുന്ന ദ്രാവിഡ് ഐപിഎല്‍ കൂടുമാറ്റത്തെക്കുറിച്ച് ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്നാണ് സൂചനകള്‍. ഐപിഎല്ലിലെ ഒരു ടീമുമായി ദ്രാവിഡ് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയണെന്നും രണ്ടു വര്‍ഷത്തെ ഒരു വലിയ കരാറാണ് ഓഫര്‍ ചെയ്തിരിക്കുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ടീമുമായുള്ള കരാര്‍ ദ്രാവിഡ് പുതുക്കാതിരിക്കാത്തതിന്റെ പ്രധാന കാരണം ടീമിനോടൊപ്പം ഒരുപാട് യാത്രകള്‍ ചെയ്യേണ്ടി വരുമെന്നതാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയവും ചെലവഴിക്കണമെന്നാണ് 50 കാരനായ ദ്രാവിഡിന്റെ ആഗ്രഹം. ഈ കാരണത്താല്‍ തന്നെ നേരത്തേ മുഖ്യ കോച്ചാവണമെന്ന അഭ്യര്‍ഥനയുമായി ബിസിസിഐ സമീപിച്ചപ്പോള്‍ അദ്ദേഹം ആദ്യം നോ പറഞ്ഞിരുന്നു.
എന്നാല്‍ അന്നു ബിസിസിഐ പ്രസിഡന്റായിരുന്ന അടുത്ത സുഹൃത്ത് കൂടിയായ സൗരവ് ഗാംഗുലിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നു ദ്രാവിഡ് സമ്മതിക്കുകയായിരുന്നു. പക്ഷെ ഇപ്പോള്‍ കരാര്‍ അവസാനിച്ചതോടെ ഇനി അതു പുതുക്കേണ്ടെന്നു തന്നെയാണ് ദ്രാവിഡിന്റെ ആഗ്രഹം.
രണ്ടു ഓപ്ഷനുകളാണ് ദ്രാവിഡ് ഇപ്പോള്‍ പരിഗണിക്കുന്നത്. ഇതിലൊന്ന് തന്റെ പഴയ തട്ടകമായ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തേക്കേു തിരിച്ചെത്തുകയെന്നതാണ്. എന്‍സിഎ ബെംഗളൂരുവില്‍ തന്നെ ആയതിനാല്‍ ഈ റോള്‍ നല്‍കിയാല്‍ ദ്രാവിഡ് അതു സ്വീകരിക്കുമെന്ന കാര്യമുറപ്പാണ്. അദ്ദേഹം ഈ ചുമതലയേറ്റെടുത്താല്‍ നിലവില്‍ ഈ റോളിലുള്ള വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായും വന്നേക്കും.
എന്നാല്‍ എന്‍സിഎയിലേക്കു ക്ഷണം വന്നില്ലെങ്കില്‍ ഐപിഎല്ലില്‍ ഏതെങ്കിലും ടീമിന്റെ കോച്ചോ, ഉപദേശകനോ ആയി പ്രവര്‍ത്തിക്കാനാണ് ദ്രാവിഡിന്റെ നീക്കം. ഐപിഎല്ലിന്റെ ദൈര്‍ഘ്യം രണ്ടു മാസം മാത്രമേയുളളൂവെന്നതില്‍ ഇതു അദ്ദേഹത്തെ കുടുംബത്തോടൊപ്പം കഴിയാനും മകന്റെ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാനും സഹായിക്കും. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ നിന്നും നല്ലൊരു ഓഫര്‍ കിട്ടിയാല്‍ അതു പരിഗണിക്കാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.

ഐപിഎല്ലില്ലേക്കു ചേക്കേറിയാല്‍ ഏതായിരിക്കും അദ്ദേഹത്തിന്റെ തട്ടകമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ രണ്ടു ടീമുകള്‍ക്കാണ് ഏറ്റവുമധികം സാധ്യതയുള്ളത്. ഇതിലൊരു ടീം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണെങ്കില്‍ മറ്റൊന്ന് റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സുമാണ്.
നിലവില്‍ കോച്ചില്ലാത്ത ഡിസി പുതിയൊരാളെ തിരയുകയാണ്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങായിരുന്നു നേരത്തേ അവരുടെ മുഖ്യ കോച്ച്. എന്നാല്‍ അദ്ദേഹം രാജിവച്ചതോടെ ഈ റോള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
അതേസമയം, റോയല്‍സാവട്ടെ നിലവിലെ ടീം ഡയറക്ടറായ കുമാര്‍ സങ്കക്കാരയെ മാറ്റി പുതിയൊരാളെ കൊണ്ടുവരാനുള്ള നീക്കത്തിലാണ്. നേരത്തേ റോയല്‍സിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്ന വ്യക്തി കൂടിയാണ് ദ്രാവിഡ്. അതുകൊണ്ടു തന്നെ അവരുടെ ഓഫര്‍ വന്നാല്‍ അദ്ദേഹം അതു സ്വീകരിച്ചേക്കും.