ലഖ്‌നൗ: ഈ സീസണിലെ ഐപിഎല്ലില്‍ മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ട താരമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുല്‍. ടി20 ഫോര്‍മാറ്റിന്റെ ശൈലിക്കു യോജിക്കാത്ത താരമാണ് അദ്ദേഹമെന്നു പലരും വിമര്‍ശിക്കുകും ചെയ്തിരുന്നു. പവര്‍പ്ലേയിലും മധ്യ ഓവറുകളിലുമെല്ലാം ഒരു പോലെ സ്ലോ ബാറ്റിങായിരുന്നു രാഹുല്‍ കാഴ്ചവച്ചത്. എന്നാല്‍ തനിക്കു അഗ്രസീവ് ബാറ്റിങും വഴങ്ങുമെന്നു കാണിച്ചു തന്നിരിക്കുകയാണ് അദ്ദേഹം. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ഹോം മാച്ചിലാണ് രാഹുല്‍ മികച്ച ഇന്നിങ്‌സ് കാഴ്ചവച്ചത്.
22 ബോളില്‍ നിന്നും അഞ്ചു ഫോറും ഒരു സിക്‌സറുമടക്കം 39 റണ്‍സ് സ്‌കോര്‍ ചെയ്താണ് അദ്ദേഹം ക്രീസ് വിട്ടത്. 177.27 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെയാണിത്. തന്റെ ബാറ്റിങ് പങ്കാളികളെ നഷ്ടമായിക്കൊണ്ടിരുന്നിട്ടും രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് അധികം താഴേക്കു പോയില്ലെന്നതും ശ്രദ്ധേയാമാണ്. 170 പ്ലസ് സ്‌ട്രൈക്ക് റേറ്റിലാണ് പവര്‍പ്ലേയിലും അദ്ദേഹം ബാറ്റ് വീശിയത്. 2021ലെ ഐപിഎല്ലിനു ശേഷം ഇതാദ്യമായിട്ടാണ് ഇത്രയും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ രാഹുല്‍ പവര്‍പ്ലേയില്‍ കളിച്ചത്.

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്കു മല്‍സരരംഗത്തുള്ള വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് രാഹുല്‍. പക്ഷെ അദ്ദേഹത്തെ പിന്തള്ളി മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നീ മൂന്നു പേര്‍ ഏറെ മുന്നിലെത്തിക്കഴിഞ്ഞു. 150 പ്ലസ് സ്‌ട്രൈക്ക് റേറ്റിലാണ് മൂന്നുപേരും ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.
അതുകൊണ്ടു തന്നെ രാഹുലിന്റെ ലോകകപ്പ് സാധ്യതകള്‍ക്കു മങ്ങലേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നു പാഠമുള്‍ക്കൊണ്ടാണ് ഡിസിക്കെതിരേ രാഹുല്‍ കൂടുതല്‍ അഗ്രസീവായ ബാറ്റിങ് സമീപനം സ്വീകരിച്ചതെന്നാണ് സൂചനകള്‍.
ഡിസിക്കെതിരേ ക്വിന്റണ്‍ ഡികോക്കിനൊപ്പമാണ് രാഹുല്‍ ഒരിക്കല്‍ക്കൂടി ഓപ്പണ്‍ ചെയ്യാനിറങ്ങിയത്. ആദ്യ രണ്ടോവറില്‍ വെറും രണ്ടു ബോളുകള്‍ മാത്രമാണ് അദ്ദേഹത്തിനു നേരിടാന്‍ അവസരം ലഭിച്ചത്. നേടിയത് ണ്ടു സിംഗിളുകള്‍ മാത്രം. എന്നാല്‍ മൂന്നാമത്തെ ബോളില്‍ രാഹുല്‍ തന്റെ ആദ്യത്തെ സിക്‌സര്‍ കണ്ടെത്തി. ഖലീല്‍ അഹമ്മദെറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ ബോളിലായിരുന്നു ഇത്. ഓഫ്സ്റ്റംപിന് പുറത്ത് ഫുള്‍ ലെങ്ത് ബോളാണ് ഖലീല്‍ എറിഞ്ഞത്. ഡീപ്പ് എക്‌സ്ട്രാ കവറിനു മുകളിലൂടെ രാഹുല്‍ അതു സിക്‌സറിലെത്തിക്കുകയും ചെയ്തു.

ഇതേ ഓവറില്‍ ഡികോക്കിനെയും (19) അഞ്ചാം ഓവറില്‍ ദേവ്ദത്ത് പടിക്കലിനെയും (3) ലഖ്‌നൗവിനു നഷ്ടമായി. പക്ഷെ രാഹുല്‍ പതറിയില്ല. ആങ്കറുടെ റോളിലാണ് അദ്ദേഹം കളിച്ചതെങ്കിലും തന്റെ സ്‌ട്രൈക്ക് കുറയാതെ നോക്കാന്‍ രാഹുല്‍ ശ്രദ്ധിച്ചു. ചെറിയ പഴുതുകള്‍ ലഭിച്ചപ്പോഴെല്ലാം ബൗണ്ടറികള്‍ പായിക്കാന്‍ രാഹുലിനായിരുന്നു. 31ാം ബോളില്‍ ലഖ്‌നൗ ടീം 50 റണ്‍സ് പൂര്‍ത്തിയാക്കി.
രാഹുലിന്റെ ഫോറിലാണ് ടീം ഫിഫ്റ്റി കണ്ടെത്തിയത്. നന്നായി ബാറ്റ് ചെയ്തു കൊണ്ടിരുന്ന അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും വ്യക്തിഗത സ്‌കോര്‍ 39ല്‍ വീഴുകയായിരുന്നു. കുല്‍ദീപ് യാദവാണ് നിര്‍ണായക വിക്കറ്റ് സ്വന്തമാക്കിയത്. 10ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ എഡ്ജായ രാഹുലിനെ റിഷഭ് പന്ത് പിടികൂടുകയായിരുന്നു.