മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള താരലേലം ഡിസംബറില്‍ നടക്കാന്‍ പോവുകയാണ്. നിലനിര്‍ത്തിയ താരങ്ങളുടേയും ഒഴിവാക്കിയ താരങ്ങളുടേയും പട്ടിക ടീമുകള്‍ പുറത്തുവിട്ട് കഴിഞ്ഞു. ഇനി ലേലത്തിനായുള്ള കാത്തിരിപ്പാണ്. ഇത്തവണ മുംബൈ ഇന്ത്യന്‍സ് രണ്ടും കല്‍പ്പിച്ചാണ്. സമീപകാലത്തൊന്നും കപ്പിലേക്കാത്ത മുംബൈക്ക് വരുന്ന സീസണ്‍ അഭിമാന പ്രശ്‌നമാണ്. ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയതോടെ മുംബൈയുടെ പ്ലേയിങ് 11 എങ്ങനെയാവും?
നിലനിര്‍ത്തിയ താരങ്ങളെ പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. തന്റെ യുട്യൂബ് ചാനലിലൂടെയാണ് അശ്വിന്‍ മുംബൈയുടെ ബെസ്റ്റ് 11 തിരഞ്ഞെടുത്തത്. ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ഇഷാന്‍ കിഷനുമാണുള്ളത്. സമീപകാല സീസണുകളിലെല്ലാം മുംബൈയുടെ ഓപ്പണിങ് കൂട്ടുകെട്ട് ഇരുവരുമാണ്. രോഹിത് ശര്‍മ തന്നെ മുംബൈയെ നയിക്കണമെന്നാണ് ആര്‍ അശ്വിന്‍ പറയുന്നത്.
2023ല്‍ ഇന്ത്യക്കായി ഒരു ടി20 പോലും രോഹിത് കളിച്ചിട്ടില്ല. എന്നാല്‍ അവസാന ഏകദിന ലോകകപ്പിന്റെ പവര്‍പ്ലേയില്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് രോഹിത് കാഴ്ചവെച്ചിട്ടുള്ളത്. ഈ പ്രകടനം മുംബൈക്കായി വരുന്ന സീസണിലും കാഴ്ചവെക്കാന്‍ രോഹിത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇഷാന്‍ കിഷന്‍ മികച്ച ഫോമിലാണ്. നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് തുടര്‍ ഫിഫ്റ്റികള്‍ നേടാന്‍ ഇഷാന് സാധിച്ചിട്ടുണ്ട്. ഈ ഓപ്പണിങ് കൂട്ടുകെട്ടില്‍ മുംബൈ വിശ്വാസം അര്‍പ്പിക്കുമെന്നുറപ്പ്.
മൂന്നാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ വേണ്ടെന്നും സൂര്യകുമാര്‍ യാദവ് തന്നെ തുടരണമെന്നുമാണ് അശ്വിന്‍ പറയുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് സൂര്യകുമാര്‍ യാദവാണ്. ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സൂര്യകുമാറിന് സാധിക്കുന്നുണ്ട്. നാലാം നമ്പറില്‍ തിലക് വര്‍മക്കാണ് അവസരം. ഇതിനോടകം ഇന്ത്യന്‍ ടീമിലും ഇടം നേടിയ തിലക് ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്.

ഇടം കൈയന്‍ താരത്തിന് മധ്യനിരയില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. ഭാവിയില്‍ മുംബൈയുടെ നിര്‍ണ്ണായക താരമായി തിലക് മാറുമെന്ന കാര്യം ഉറപ്പാണ്. അഞ്ചാം നമ്പറില്‍ നേഹല്‍ വദേര കളിക്കണമെന്നാണ് അശ്വിന്‍ പറയുന്നത്. അവസാന സീസണില്‍ ഗംഭീര പ്രകടനം നടത്തിയ താരം ഭയമില്ലാതെ കളിക്കുന്നവനാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള വദേരക്ക് പ്ലേയിങ് 11ല്‍ നിര്‍ണ്ണായക സ്ഥാനം ഉറപ്പാണ്.
ആറാം നമ്പറിലാണ് ഹാര്‍ദിക് പാണ്ഡ്യക്ക് സ്ഥാനം. ടോപ് ഓഡറില്‍ ബാറ്റു ചെയ്യാനാണ് താല്‍പര്യമെന്ന് ഹാര്‍ദിക് വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്തിലും ടോപ് ഓഡറിലാണ് കൂടുതലും ഹാര്‍ദിക് കളിച്ചത്. എന്നാല്‍ മുംബൈയില്‍ ഹാര്‍ദിക്കിന് ഫിനിഷര്‍ റോളാണ് നല്ലതെന്നാണ് അശ്വിന്‍ പറയുന്നത്. നേരത്തെ മുംബൈയ്ക്കായി കളിച്ചപ്പോള്‍ ഹാര്‍ദിക് ഫിനിഷര്‍ റോളിലാണ് തിളങ്ങിയത്. ഏഴാം നമ്പറില്‍ ടിം ഡേവിഡുണ്ടാവും. കറെന്‍ പൊള്ളാര്‍ഡിന്റെ വിടവ് നികത്താന്‍ മുംബൈ കളത്തിലിറക്കുന്നത് ഡേവിഡിനെയാണ്.
ഉയര്‍ന്ന കായിക ക്ഷമതയുള്ള താരം അതിവേഗത്തില്‍ ബാറ്റുചെയ്യാനും സമ്മര്‍ദ്ദ ഘട്ടത്തില്‍ കസറാനും മിടുക്കനാണ്. എട്ടാം നമ്പറില്‍ പീയൂഷ് ചൗളക്കാണ് അവസരം. സീനിയര്‍ സ്പിന്നര്‍ക്ക് മുംബൈ വലിയ പരിഗണനയാണ് നല്‍കുന്നത്. അവസാന സീസണിലും മികച്ച പ്രകടനം ചൗള കാഴ്ചവെച്ചിരുന്നു. ഒമ്പതാം നമ്പറില്‍ ജസ്പ്രീത് ബുംറയുണ്ട്. ഇന്ത്യയുടെ സീനിയര്‍ പേസറുടെ പ്രകടനത്തില്‍ ടീമിന് വലിയ പ്രതീക്ഷകളാണുള്ളത്.
അവസാന സീസണിലെ കണ്ടെത്തലായ ആകാശ് മധ്‌വാളാണ് 10ാമന്‍. കഴിഞ്ഞ സീസണിലെ മികവ് ഇത്തവണയും താരം ആവര്‍ത്തിക്കുമോയെന്നത് കണ്ടറിയാം. 11ാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവരിലൊരാളെ മുംബൈ സ്വന്തമാക്കണമെന്നാണ് അശ്വിന്‍ പറയുന്നത്. ഇടം കൈയന്‍ പേസറായ സ്റ്റാര്‍ക്കിനെ സ്വന്തമാക്കാന്‍ മുംബൈക്ക് താല്‍പര്യമുണ്ടെന്നാണ് സൂചന.