ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു സമയത്തു നിറഞ്ഞുനിന്ന പേരുകളിലൊന്നാണ് വെടിക്കെട്ട് ബാറ്റര്‍ പൃഥ്വി ഷാ. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും വീരേന്ദര്‍ സെവാഗിന്റെയെല്ലാം പിന്‍ഗാമായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടയാളാണ് അദ്ദേഹം. എന്നാല്‍ വിവാദങ്ങളും മോശം ഫോമുമെല്ലാം പൃഥ്വിയുടെ കരിയറില്‍ വില്ലനായി മാറി. കരിയര്‍ അവസാനിച്ചെന്നു കരുതപ്പെട്ട ഇടത്തു നിന്ന് ഈ ഐപിഎല്ലിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് പൃഥ്വി.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി മികച്ച പ്രകടനമാണ് പൃഥ്വി നടത്തിക്കൊണ്ടിരിക്കുന്നത്. വീണ്ടുമൊരു മികച്ച ഇന്നിങ്‌സ് കളിച്ച് അദ്ദേഹം കൈയടി നേടിയിരിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള കളിയില്‍ അഗ്രസീവ് ഇന്നിങ്‌സാണ് പൃഥ്വി ക്രീസ് വിട്ടത്. 22 ബോളില്‍ നിന്നും 145.45 സ്‌ട്രൈക്ക് റേറ്റില്‍ 32 റണ്‍സാണ് താരം നേടിയത്. ആറു ഫോറുകള്‍ പൃഥ്വിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ടൂര്‍ണമെന്റിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും തഴയപ്പെട്ട പൃഥ്വിയെ മൂന്നാമത്തെ കളിയിലാണ് ടീമിലേക്കു തിരിച്ചുവിളിച്ചത്. മികച്ച പ്രകടനവുമായി അദ്ദേഹം ടീമില്‍ സാന്നിധ്യമറിയിക്കുകയും ചെയ്തിരിക്കുകയാണ്. നാലിന്നിറങ്‌സുകളില്‍ നിന്നും 37.75 ശരാശരിയില്‍ 157.29 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 151 റണ്‍സാണ് പൃഥ്വിയുടെ അക്കൗണ്ടിലുള്ളത്. ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 66 റണ്‍സാണ്.
നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മൂന്നാം റൗണ്ട് പോരാട്ടത്തിലാണ് പൃഥ്വി സീസണില്‍ ആദ്യം കളിച്ചത്. കളിയില്‍ ഡിസിക്കായി തകര്‍പ്പന്‍ ഇന്നിങ്‌സ് താരം കളിക്കുകയും ചെയ്തു. 27 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമടക്കം 43 റണ്‍സ് നേടിയാണ് പൃഥി ക്രീസ് വിട്ടത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള അടുത്ത കളിയില്‍ അദ്ദേഹത്തിനു കാര്യമായി തിളങ്ങാനായില്ല. ഏഴു ബോളില്‍ 10 റണ്‍സ് മാത്രമേ പൃഥ്വക്കു നേടാനായുള്ളൂ.
മുംബൈ ഇന്ത്യന്‍സിനെതിരേ പൃഥ്വ്വി സീസണിലെ ആദ്യ ഫിഫ്റ്റിയും കണ്ടെത്തി. കളിയില്‍ ഡിസി തോറ്റെങ്കിലും താരത്തിന്റെ ഇന്നിങ്‌സ് ശ്രദ്ധിക്കപ്പെട്ടു. 40 ബോളില്‍ 66 റണ്‍സാണ് പൃഥ്വി അടിച്ചെടുത്തത്. എട്ടു ഫോറുകളും മൂന്നു വമ്പന്‍ സിക്‌സറുമുള്‍പ്പെടെയാണിത്. ഇപ്പോള്‍ ലഖ്‌നൗവിനെതിരേയും താരം മിന്നിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ ടീമിലേക്കുള്ള പൃഥ്വിയുടെ മടങ്ങിവരവിനു ഇത്തവണത്തെ ഐപിഎല്‍ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം പൃഥ്വി ഷായുടെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് കാണാന്‍ സാധിക്കും. സിംബാബ്‌വെയുമായുള്ള ടി20 പരമ്പരയില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുമമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.