ആറാം ഐപിഎല്‍ ട്രോഫിയെന്ന വലിയ സ്വപ്‌നവും പേറിയാണ് ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ മുംബൈ ഇന്ത്യന്‍സ് ഇത്തവണയിറങ്ങുക. നിലവില്‍ അഞ്ചു കിരീടങ്ങളുമായി ചെന്നൈ സൂപ്പര്‍ കിങ്‌സിനോടൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് മുംബൈയുടെ നീലപ്പട. 2020നു ശേഷം ഐപിഎല്ലില്‍ ജേതാക്കളായിട്ടില്ലാത്ത മുംബൈ ഇത്തവണ കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. ഇതിന്റെ ഭാഗമായിട്ടാണ് രോഹിത്തിനെ മാറ്റി നായകസ്ഥാനത്തേക്കു അവര്‍ ഹാര്‍ദിക്കിനെ കൊണ്ടുവന്നിരിക്കുന്നത്.
ശക്തമായ ബാറ്റിങ്, ബൗളിങ് നിരയാണ് ഈ സീസണില്‍ മുംബൈയ്ക്കുള്ളത്. ഇവരില്‍ നിന്നും മികച്ച സംഭാവനകള്‍ ലഭിച്ചെങ്കില്‍ മാത്രമേ മുംബൈയ്ക്കു വീണ്ടുമൊരു ഐപിഎല്‍ ട്രോഫിയില്‍ മുത്തമിടാന്‍ സാധിക്കുകയുള്ളൂ. ആരാവും ഈ സീസണില്‍ മുംബൈയ്ക്കുവേണ്ടി റണ്‍വേട്ടയില്‍ മുന്നിലെത്തുക? മുംബൈയ്ക്കായി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധ്യതയുള്ള മൂന്നു പേര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

യുവ താരം തിലക് വര്‍മയാണ് ഈ ലിസ്റ്റിലെ ഒരാള്‍. 2022ലെ ഐപിഎല്ലിലൂടെ അരങ്ങേറിയ താരമാണ് ഇടംകൈയന്‍ ബാറ്റര്‍. കന്നി സീസണില്‍ തന്നെ മുംബൈയ്‌ക്കൊപ്പം തിലക് വരവറിയിക്കുകയും ചെയ്തു. 36.09 ശരാശരിയില്‍ 131.02 സ്‌ട്രൈക്ക് റേറ്റില്‍ 397 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. ഈ പ്രകടനം ഇന്ത്യന്‍ ടീമിലേക്കും തിലകിനു വൈകാതെ വഴി തുറക്കുകയും ചെയ്തു. കഴിഞ്ഞ സീസണിലും അദ്ദേഹം ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്.
പരിക്കു കാരണം കുറച്ചു മല്‍സങ്ങള്‍ നഷ്ടമായെങ്കിലും 11 മല്‍സരങ്ങളില്‍ തിലക് മുംബൈയ്ക്കായി കളിച്ചു. ഇവയില്‍ നിന്നും 42.88 ശരാശരിയില്‍ 164.11 സ്‌ട്രൈക്ക് റേറ്റില്‍ 343 റണ്‍സും താരം സ്‌കോര്‍ ചെയ്തു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ എം ചിന്നസ്വാമി സ്‌റ്റേഡിയത്തല്‍ നടന്ന പോരാട്ടത്തില്‍ തിലകിന്റെ വീരോചിത ഇന്നിങ്‌സ് ഏറെ കൈയടി നേടി. 46 ബോളില്‍ പുറത്താവാതെ 84 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ഒമ്പതു ഫോറും നാലു സിക്‌സറും 21കാരന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
360 ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ റണ്‍വേട്ടക്കാരനായി മാറാന്‍ സാധ്യതയുള്ള രണ്ടാമത്തെയാള്‍. ടി20യില്‍ നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയാണ് അദ്ദേഹം. പരിക്കേറ്റ ശേഷം ഫിറ്റ്‌നസ് വീണ്ടെടുത്തു കൊണ്ടിരിക്കുന്ന സൂര്യ ആദ്യ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഇറങ്ങുമോയെന്ന കാര്യം സംശയമാണ്. എന്നാല്‍ അധികംവൈകാതെ തന്നെ സ്‌കൈ മുംബൈ ടീമില്‍ മടങ്ങിയെത്തുമെന്നുറപ്പാണ്.
തന്റേതായ ദിവസം ഏതു ബൗളിങ് നിരയെയും തനിച്ചു തീര്‍ക്കാനുള്ള അസാധാരണ പ്രഹരശേഷി സൂര്യക്കുണ്ട്. 2021, 2022 സീസണുകള്‍ അത്ര ഉജ്ജ്വലമായിരുന്നില്ലെങ്കിലും കഴിഞ്ഞ തവണ ഗംഭീര ഫോമിലായിരുന്നു അദ്ദേഹം. 16 മല്‍സരങ്ങളില്‍ നിന്നും 43.21 ശരാശരിയില്‍ 181.14 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ സൂര്യ വാരിക്കൂട്ടിയത് 605 റണ്‍സാണ്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റിയുമുള്‍പ്പെടെയാണിത്.
ഐപിഎല്‍ കരിയറിലെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നു സൂര്യ കുറിച്ചത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ മുംബൈയിലെ വാംഖഡെയിലാണ് താരം മൂന്നക്കം കടന്നത്. വെറും 49 ബോളില്‍ പുറത്താവാതെ 103 റണ്‍സ് സൂര്യ അടിച്ചെടുത്തു. 11 ഫോറും ആറു സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു. ഇതു പോലെയുള്ള തീപ്പൊരി പ്രകടനങ്ങളാണ് അദ്ദേഹത്തില്‍ നിന്നും മുംബൈ പ്രതീക്ഷിക്കുന്നത്.

മുന്‍ നായകനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയാണ് മുംബൈയുടെ റണ്‍വേട്ടക്കാരനാവാനിടയുള്ള മൂന്നാമത്തെയാള്‍. ഇത്തവണ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലാതെ വെറും ബാറ്ററായിട്ടാണ് അദ്ദേഹം കളിക്കുക. ഇതു ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഹിറ്റ്മാനെ സഹായിച്ചേക്കും.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഐപിഎല്ലില്‍ അദ്ദേഹം അത്ര മികച്ച ഫോമിലല്ല. 2017 മുതലുള്ള സീസണുകളെടുത്താല്‍ ഒരിക്കല്‍ മാത്രമേ 400ന് മുകളില്‍ റണ്‍സ് രോഹിത് സ്‌കോര്‍ ചെയ്തിട്ടുള്ളൂ. 2022ല്‍ 14 മല്‍സരങ്ങളില്‍ നിന്നും വെറും 268 റണ്‍സും കഴിഞ്ഞ സീസണില്‍ 332ഉം റണ്‍സുമാണ് രോഹിത് സ്‌കോര്‍ ചെയ്തത്.
എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നോക്കിയാല്‍ ഇന്ത്യന്‍ ടീമിനോടൊപ്പം ഉജ്ജ്വല ഫോമിലാണ് ഹിറ്റ്മാന്‍. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി 11 കളിയില്‍ രോഹിത് 597 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ഈ സീസണിലെ ഐപിഎല്ലിലും ഇതേ ഫോം അദ്ദേഹം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് മുംബൈ.