ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലിന്റെ അടുത്ത സീസണില്‍ തന്റെ മുന്‍ തട്ടകമായ മുംബൈ ഇന്ത്യന്‍സില്‍ മടങ്ങിയെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് അധികം വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാവും. 2021ലെ സീസണിനു ശേഷം മുംബൈ കൈവിട്ടതോടെയാണ് ഹാര്‍ദിക്കിനെ ജിടി റാഞ്ചിയത്. തുടര്‍ന്നു അദ്ദേഹത്തിനു നായകസ്ഥാനം ലഭിക്കുകയും ചെയ്തു.
2022ല്‍ ജിടിക്കൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ കിരീടമുയര്‍ത്താനും ഹാര്‍ദിക്കിനായിരുന്നു. കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിനു കീഴില്‍ ജിടി വീണ്ടും ഫൈനലില്‍ കളിക്കുകയും ചെയ്തു. ഹാര്‍ദിക്കിന്റെ മടങ്ങിവരവ് നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ തങ്ങളെ സഹായിക്കുമെന്നാണ് മുംബൈയുടെ കണക്കുകൂട്ടല്‍. 2020നു ശേഷം ഐപിഎല്ലില്‍ ചാംപ്യന്‍മാരാവാന്‍ മുംബൈയ്ക്കായിട്ടില്ല. ഹാര്‍ദിക്കിനെ കൈവിട്ട ശേഷം മികച്ചൊരു മാച്ച് വിന്നറുടെ അഭാവം മുംബൈ നിരയില്‍ പ്രകടവുമാണ്.

പക്ഷെ അദ്ദേഹത്തിന്റഎ മടങ്ങിവരവ് ടീമിലെ ചില താരങ്ങള്‍ക്കു ഭീഷണിയാണ്. ഹാര്‍ദിക് മുംബൈയിലേക്കു മടങ്ങിയെത്തിയാല്‍ ചിലര്‍ക്കു പ്ലെയിങ് ഇലവനിലെ സ്ഥാനം നഷ്ടമാവും. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം. കഴിഞ്ഞ സീസണില്‍ മുംബൈയ്‌ക്കൊപ്പം അരങ്ങേറിയ യുവ ഓള്‍റൗണ്ടര്‍ നെഹാല്‍ വദേരയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. 23കാരനായ താരം കന്നി സീസണില്‍ തന്നെ മിന്നുന്ന പ്രകടനവുമായി വരവറിയിച്ചിരുന്നു.
14 മല്‍സരങ്ങളില്‍ നിന്നും 26.78 ശരാശരിയില്‍ 145.18 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 241 റണ്‍സാണ് വദേര സ്‌കോര്‍ ചെയ്തത്. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. പ്രതിസന്ധി ഘട്ടങ്ങളില്‍പ്പോലും സമ്മര്‍ദ്ദമില്ലാതെ വളരെ കൂളായി ബാറ്റ് ചെയ്ത വദേരയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഭാവി സൂപ്പര്‍ താരമാവാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹമെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഹാര്‍ദിക് വരികയാണെങ്കില്‍ വദേരയ്ക്കു പ്ലെയിങ് ഇലവനില്‍ നിന്നും വഴി മാറിക്കൊടുക്കേണ്ടതായി വരും. ഹാര്‍ദിക്കിനെപ്പോലെ അടുത്ത ഓള്‍റൗണ്ടറായി മുംബൈയ്ക്കു വളര്‍ത്തിക്കൊണ്ടു വരാവുന്ന താരമാണ് വദേര.
പക്ഷെ കളിക്കാന്‍ മതിയായ അവസരങ്ങള്‍ ലഭിക്കാതെ വന്നാല്‍ അതു താരത്തിനു തിരിച്ചടിയായി മാറും. മാത്രമല്ല കഴിഞ്ഞ തവണ നന്നായി പെര്‍ഫോം ചെയ്തിട്ടും തഴയപ്പെടുകയാണെങ്കില്‍ അതു വദേരയുടെ ആത്മവിശ്വാസത്തെയും സാരമായി ബാധിക്കാനിടയുണ്ട്.
ഓള്‍റൗണ്ടര്‍ രമണ്‍ദീപ് സിങാണ് ഹാര്‍ദിക്ക് കാരണം അവസരങ്ങള്‍ നിഷേധിക്കപ്പെടാന്‍ സാധ്യതയുള്ള രണ്ടാമത്തെ ഓള്‍റൗണ്ടര്‍. ഹാര്‍ദിക്കിന്റെ പകരക്കാരനായി മുംബൈ തങ്ങളുടെ ടീമിലേക്കു കൊണ്ടു വന്ന താരമാണ് പഞ്ചാബില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍.
എന്നാല്‍ കഴിഞ്ഞ സീസണില്‍ നെഹാല്‍ വദേര തനിക്കു ലഭിച്ച അവസരങ്ങള്‍ നന്നായി മുതലാക്കിയതോടെ രമണ്‍ദീപിനു അവസരങ്ങള്‍ ലഭിച്ചില്ല. ഒരു മല്‍സരം പോലും ലഭിക്കാതെ അദ്ദേഹം പുറത്തിരിക്കുകയായിരുന്നു. 2022ലെ ഐപിഎല്ലില്‍ മുംബൈയ്ക്കായി അഞ്ചു മല്‍സരങ്ങളിലാണ് രമണ്‍ദീപ് കളിച്ചത്.
ഇവയില്‍ നിന്നും 22.50 ശരാശരിയില്‍ 112.50 സ്‌ട്രൈക്ക് റേറ്റില്‍ 45 റണ്‍സ് മാത്രമേ നേടായാനുള്ളൂ. ഇനി ഹാര്‍ദിക് കൂടി വരുന്നതോടെ മുംബൈയുടെ പ്ലെയിങ് ഇലവനില്‍ രമണ്‍ദീപിന്റെ വഴി പൂര്‍ണമായും അടയുകയും ചെയ്യുമെന്നുറപ്പാണ്.

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഇടംകൈയന്‍ സീം ബൗളിങ് ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറാണ് ഹാര്‍ദിക് കാരണം മുബൈ ടീമില്‍ പണി കിട്ടാന്‍ പോവുന്ന മൂന്നാമത്തെ താരം. 2020 മുതല്‍ മുംബൈ ടീമിന്റെ ഭാഗമാണെങ്കിലും ആദ്യ രണ്ടു സീസണുകളിലും ടീമിനു പുറത്തായിരുന്നു അര്‍ജുന്റെ സ്ഥാനം. കഴിഞ്ഞ സീസണിന്റെ പകുതിയോടെയാണ് താരത്തിനു മുംബൈ ടീമില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചത്.
നാലു മല്‍സരങ്ങളിലാണ് അര്‍ജുന്‍ കളിച്ചത്. ഇവയില്‍ നിന്നും 13 റണ്‍സെടുത്ത താരം മൂന്നു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ന്യൂബോള്‍ ബൗളറായിട്ടാണ് താരത്തെ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രധാനമായും പരീക്ഷിച്ചത്. കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ അര്‍ജുന് മെച്ചപ്പെട്ട പ്രകടനങ്ങള്‍ നടത്താനും ഓള്‍റൗണ്ടറെന്ന നിലയില്‍ കൂടുതല്‍ പക്വത കൈവരിക്കാനും കഴിഞ്ഞേക്കും.
എന്നാല്‍ ഹാര്‍ദിക് ടീമിലേക്കു തിരിച്ചെത്തിയാല്‍ അര്‍ജുന്റെ സ്ഥാനത്തു ഒരു വിദേശ ബൗളറെ ഉള്‍പ്പെടുത്താന്‍ മുംബൈയ്ക്കു കഴിയും. വിദേശ പേസറില്ലെങ്കില്‍ ജസ്പ്രീത് ബുംറയോടൊപ്പം ന്യൂബോള്‍ കൈകാര്യം ചെയ്യാനും ഹാര്‍ദിക്കിനാവും. ഇതു ടീമിനു കൂടുതല്‍ ബാലന്‍സ് നല്‍കുകയും ചെയ്യും. ഗുജറാത്ത് ടൈറ്റന്‍സില്‍ നേരത്തേ ഹാര്‍ദിക് ന്യൂബോള്‍ എറിഞ്ഞിട്ടുള്ളതുമാണ്. ഇതോടെ അര്‍ജുന് മുംബൈ ടീമില്‍ അവസരവും ലഭിക്കാനിടയില്ല.