IPL 2024: ഐപിഎല്ലില്‍ മിന്നിച്ചു, ഇന്ത്യന്‍ ടീമിലേക്ക് ഇവര്‍ തിരിച്ചെത്തും! ആരൊക്കെ?
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ അവസാനിക്കാന്‍ പോവുകയാണ്. നാളെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ കിരീട ജേതാവിനെ അറിയാം. ഐപിഎല്‍ ആവേശത്തിന് പിന്നാലെ തന്നെ ടി20 ലോകകപ്പ് ആരംഭിക്കുന്നതിനാല്‍ താരങ്ങളെല്ലാം ദേശീയ ടീമിനൊപ്പമുള്ള മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കഴിഞ്ഞു. ഇത്തവണത്തെ ഐപിഎല്ലും നിരവധി യുവ പ്രതിഭകളെയാണ് സമ്മാനിച്ചിരിക്കുന്നത്.
ഇവരില്‍ മിക്കവരും ദേശീയ ടീമിലേക്ക് വളരാന്‍ കെല്‍പ്പുള്ളവരാണ്. ഇന്ത്യന്‍ താരങ്ങളും വലിയ പ്രതീക്ഷയോടെയാണ് ഐപിഎല്ലിലെ പ്രകടനത്തെ കാണുന്നത്. ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനത്തിലൂടെ ചില താരങ്ങള്‍ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയുണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ ലോകകപ്പിന് ശേഷം സിംബാബ് വെ പര്യടനം ഇന്ത്യയെ കാത്തിരിക്കുകയാണ്.
ഈ പരമ്പരയില്‍ ഇന്ത്യയുടെ മിക്ക സീനിയര്‍ താരങ്ങളും കളിക്കില്ല. അതുകൊണ്ടുതന്നെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചേക്കും. അങ്ങനെ വരുമ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം രാഹുല്‍ ത്രിപാഠിയാണ്. ഇത്തവണ സണ്‍റൈസേഴ്‌സിനൊപ്പം അധികം മത്സരം കളിക്കാന്‍ ത്രിപാഠിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ പ്ലേ ഓഫുകളില്‍ കസറാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഇന്ത്യ സിംബാബ് വെ പര്യടനത്തില്‍ ത്രിപാഠിക്ക് അവസരം നല്‍കാന്‍ സാധ്യതയുണ്ട്. ഇന്ത്യ ടി20യില്‍ വേണ്ടവിധം ഉപയോഗിക്കാത്ത പ്രതിഭയാണ് ത്രിപാഠി. രണ്ടാമത്തെ താരം ടി നടരാജനാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം നടത്താന്‍ നടരാജന് സാധിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലായതോടെ നടരാജന്‍ തഴയപ്പെട്ടു. പിന്നീടൊരു തിരിച്ചുവരവ് അവസരം ലഭിച്ചില്ല.

13 മത്സരത്തില്‍ നിന്ന് 19 വിക്കറ്റുകളാണ് നടരാജന്‍ വീഴ്ത്തിയത്. ഫൈനല്‍ മത്സരം ബാക്കിയുമുണ്ട്. ഇടം കൈയന്‍ പേസറായ നടരാജന്‍ ഡെത്തോവറില്‍ മിന്നിക്കുന്ന ബൗളറാണ്. അതുകൊണ്ടുതന്നെ നടരാജന് തിരിച്ചുവരവിന് ഇന്ത്യ അവസരം നല്‍കിയേക്കും. ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലേക്കും നടരാജനെ പിന്തുണച്ചാല്‍ ടീമിനത് ഗുണം ചെയ്യുമെന്നുറപ്പാണ്. പക്ഷെ സെലക്ടര്‍മാര്‍ നടരാജന്റെ ബൗളിങ് മികവില്‍ പൂര്‍ണ്ണമായും വിശ്വാസം അര്‍പ്പിക്കുന്നില്ല.
സന്ദീപ് ശര്‍മക്ക് ഇന്ത്യ മടങ്ങിവരവിന് അവസരം നല്‍കിയേക്കും. സ്വിങ് പേസറായ സന്ദീപ് നേരത്തെ ഇന്ത്യക്കായി രണ്ട് ടി20 കളിച്ചിട്ടുള്ള താരമാണ്. എന്നാല്‍ പിന്നീട് ഒരവസരം പോലും നല്‍കിയില്ല. ഐപിഎല്ലിന്റെ ഈ സീസണില്‍ 11 മത്സരത്തില്‍ നിന്ന് 13 വിക്കറ്റാണ് സന്ദീപ് നേടിയത്. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന്റെ നിര്‍ണ്ണായക ബൗളറാണ് സന്ദീപ്. സിംബാബ് വെ പര്യടനത്തില്‍ സന്ദീപ് മടങ്ങിവരവ് പ്രതീക്ഷിക്കുന്നു.
ഷഹബാസ് അഹമ്മദാണ് മറ്റൊരു താരം. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ഷഹബാസ് നേരത്തെ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. എന്നാല്‍ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമുള്ളതിനാല്‍ ഷഹബാസ് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണുള്ളത്. ഇത്തവണ അര്‍ധ സെഞ്ച്വറിയടക്കം നേടി ഓള്‍റൗണ്ട് പ്രകടനം നടത്തിയതിനാല്‍ ഷഹബാസിന് ഇന്ത്യ തിരിച്ചുവരവിന് അവസരം നല്‍കിയേക്കും. ചില താരങ്ങള്‍ സിംബാബ് വെ പര്യടനത്തിലൂടെ അരങ്ങേറ്റവും പ്രതീക്ഷിക്കുന്നു.
റിയാന്‍ പരാഗ് രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. യുവ താരത്തെ ഇന്ത്യ സിംബാബ്‌വെ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയേക്കും. ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിന് ഉപകാരിയാണ് പരാഗ്. മധ്യനിരയില്‍ തിളങ്ങാന്‍ കഴിവുണ്ട്. ദ്രുവ് ജുറേല്‍ ഇന്ത്യക്കായി ടെസ്റ്റ് കളിച്ചു. എന്നാല്‍ ടി20യില്‍ അരങ്ങേറ്റം സിംബാബ് വെ പര്യടനത്തില്‍ നടത്താനുള്ള സാധ്യതയാണ് കൂടുതല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications