കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 28ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 26 പന്തുകള്‍ ബാക്കിയാക്കിയാണ് കൊല്‍ക്കത്ത ലഖ്‌നൗവിനെ തളച്ചത്. ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 7 വിക്കറ്റിന് 161 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത അനായാസം വിജയം തൊട്ടു. ഫില്‍ സാള്‍ട്ടിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കെകെറിന് ലഖ്‌നൗവിനെതിരായ ആദ്യ ജയം സമ്മാനിച്ചത്.
ഓപ്പണറായി ഇറങ്ങിയ ഫില്‍ സാള്‍ട്ട് 47 പന്തില്‍ 89 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയായിരുന്നു. 14 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് ഫില്‍ സാള്‍ട്ട് കടന്നാക്രമിച്ചത്. ലഖ്‌നൗ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ട പിച്ചിലാണ് 189.36 സ്‌ട്രൈക്ക് റേറ്റില്‍ ഫില്‍ സാള്‍ട്ട് കസറിയത്. മിനി ലേലത്തില്‍ ആരും വാങ്ങാത്ത താരമായിരുന്നു ഫില്‍ സാള്‍ട്ട്. എന്നാല്‍ ജേസന്‍ റോയ്ക്ക് പരിക്കേറ്റതോടെ ഫില്‍ സാള്‍ട്ടിനെ കെകെആര്‍ ടീമിലേക്കെത്തിക്കുകയായിരുന്നു.
പിന്നീട് ഓപ്പണര്‍ സ്ഥാനവും നല്‍കിയതോടെ ഫില്‍ സാള്‍ട്ട് കെകെആറിനായി തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ഇപ്പോള്‍ ലഖ്‌നൗവിനെതിരേ കെകെആറിന്റെ വിജയ ശില്‍പ്പിയാവാനും ഫില്‍ സാള്‍ട്ടിന് സാധിച്ചിരിക്കുകയാണ്. ലേലത്തില്‍ ആര്‍ക്കും വേണ്ടാതെ തഴയപ്പെട്ടവനില്‍ നിന്നാണ് സാള്‍ട്ടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. അഞ്ച് മത്സരത്തില്‍ നിന്ന് 191 റണ്‍സുമായി കെകെആറിന്റെ റണ്‍വേട്ടക്കാരില്‍ സാള്‍ട്ടാണ് തലപ്പത്ത്. 47.75 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന സാള്‍ട്ടിന് 159ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമുണ്ട്.
പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ കഴിവുള്ള താരമാണ് സാള്‍ട്ട്. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ മിടുക്കനാണ്. അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങളിലും കെകെആറിനായി ഫില്‍ സാള്‍ട്ട് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കാം. ലഖ്‌നൗവിനെതിരേ സുനില്‍ നരെയ്‌നും (6), അംഗൃഷ് രഘുവന്‍ഷിയും (7) നിരാശപ്പെടുത്തിയപ്പോഴും ഫില്‍ സാള്‍ട്ടും ശ്രേയസ് അയ്യരും (38) ചേര്‍ന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. 38 പന്തില്‍ 6 ബൗണ്ടറി ഉള്‍പ്പെടെ 38 റണ്‍സാണ് ശ്രേയസ് നേടിയത്.

നായകന്റെ പ്രകടനത്തോടെ ശ്രേയസ് വഴിതുറന്ന് കൊടുത്തപ്പോള്‍ സാള്‍ട്ട് ഒരുവശത്ത് മാച്ച് വിന്നറായി മാറി. അല്‍പ്പം കൂടി റണ്‍സുണ്ടായിരുന്നെങ്കില്‍ സെഞ്ച്വറി പ്രകടനം നടത്താന്‍ ഒരു പക്ഷെ സാള്‍ട്ടിന് സാധിക്കുമായിരുന്നു. എന്തായാലും സാള്‍ട്ടിന്റെ പ്രകടനം കെകെആറിന് ലഖ്‌നൗവിനെതിരേ കന്നി ജയമാണ് നേടിക്കൊടുത്തത്. ഇതിന് മുമ്പ് നേര്‍ക്കുനേര്‍ എത്തിയ 3 മത്സരത്തിലും ജയം ലഖ്‌നൗവിനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആദ്യ ജയത്തിലേക്കെത്താന്‍ ലഖ്‌നൗവിന് സാധ്യമായിരിക്കുകയാണ്.
പ്ലേയിങ് 11: ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- ക്വിന്റന്‍ ഡീകോക്ക് (wc), കെ എല്‍ രാഹുല്‍ (c), ദീപക് ഹൂഡ, ആയുഷ് ബദോനി, മാര്‍ക്കസ് സ്‌റ്റോയിണിസ്, നിക്കോളാസ് പുരാന്‍, ക്രുണാല്‍ പാണ്ഡ്യ, മൊഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌നോയ്, സിജോമോന്‍ ജോസഫ്, യഷ് താക്കൂര്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ഫില്‍ സാള്‍ട്ട് (wc), വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (c), സുനില്‍ നരെയ്ന്‍, അന്‍കൃഷ് രഘുവംശി, ആന്‍ഡ്രേ റസല്‍, രമന്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ