അഹമ്മദാബാദ്: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ സ്ലോ ബാറ്റിങിലൂടെ ക്രിക്കറ്റ് പ്രേമികളുടെ ക്ഷമ പരീക്ഷിച്ചിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്. മറ്റു മല്‍സരങ്ങളില്‍ ടീമുകള്‍ പവര്‍പ്ലേയില്‍ 70-80 റണ്‍സ് വാരിക്കൂട്ടി റണ്‍മഴ പെയ്യിച്ചുകൊണ്ടിരിക്കെയാണ് ശുഭ്മന്‍ ഗില്ലിന്റെ ടീം ഹോംഗ്രൗണ്ടായ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ 'ടെസ്റ്റ്' കളിച്ചത്.
പവര്‍പ്ലേയിലെ 30 ബോളുകളില്‍ ജിടിക്കു സ്‌കോര്‍ ചെയ്യാനായത് വെറും 42 റണ്‍സ് മാത്രമാണ്. ഫീല്‍ഡിങ് നിയന്ത്രണങ്ങളുടെ ആനുകൂല്യം ബാറ്റര്‍മാര്‍ക്കുണ്ടായിട്ടും ഒരു സിക്‌സര്‍ പോലും ജിടിക്കു പവര്‍പ്ലേയില്‍ നേടാന്‍ സാധിച്ചില്ല. മാത്രമല്ല ഫോറുകളുടെ എണ്ണമെടുത്താല്‍ അഞ്ചെണ്ണം മാത്രമേ അവര്‍ക്കു ആറോവറിനിടെ പായിക്കാന്‍ കഴിഞ്ഞുള്ളൂ.

സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ നിന്നും രൂക്ഷവിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ജിടി ടീം നേരിടുന്നത്. ഗുജറാത്ത് ടൈറ്റന്‍സ് എന്ത് ബാറ്റിങ് സമീപനമാണ് പവര്‍പ്ലേയില്‍ പുറത്തെടുത്തത്? എന്തുകൊണ്ടാണ് ദുര്‍ബലമായ ബൗളിങ് ലൈനപ്പുള്ള ആര്‍സിബിക്കെതിരേ ഇത്രയും പ്രതിരോധത്തിലൂന്നി അവര്‍ ബാറ്റ് ചെയ്തത്. ടി20 ഫോര്‍മാറ്റില്‍ പ്രത്യേകിച്ചും പവര്‍പ്ലേയില്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത ബാറ്റിങ് ശൈലിയാണിതെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
ആര്‍സിബിക്കെതിരായ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പവര്‍പ്ലേയിലെ ബാറ്റിങ് കാണുകയെന്നത് വലിയ പീഢനം തന്നെയാണ്. ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവര്‍ ഭയത്തോടെയാണ് ഷോട്ടുകള്‍ കളിച്ചത്. പവര്‍പ്ലേയില്‍ ഈ രീതിയിലാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ ഗില്ലിനെ ഇനി ഇന്ത്യന്‍ ടി20 ടീമിലുള്‍പ്പെടുത്തണമോയെന്നു ഗൗരവമായി തന്നെ ആലോചിക്കണം. തനിക്കു വളരെ മികച്ച റെക്കോര്‍ഡുള്ള വേദിയായിട്ടും ഗില്‍ ഈ തരത്തില്‍ പരിഭ്രമത്തോടെ കളിച്ചതിനു കാരണം മനസ്സിലാവുന്നില്ലെന്നും ആരാധകര്‍ കുറിക്കുന്നു.
ഗുജറാത്ത് ടൈറ്റന്‍സ് പവര്‍പ്ലേയില്‍ നേടിയത് 42 റണ്‍സ്. മറ്റു ടീമുകള്‍ നേടുന്നത് 90 റണ്‍സ്. ഔട്ട്‌ഡേറ്റായിക്കഴിഞ്ഞ വൃധിമാന്‍ സാഹയല്ലാതെ പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാന്‍ സാധിക്കുന്ന ഒരു അഗ്രസീവ് ഓപ്പണിങ് ബാറ്റര്‍ ജിടിക്കില്ല. പവര്‍പ്ലേയില്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാനുള്ള ധൈര്യം സായ് സുദര്‍ശനുമില്ല. മറുവശത്ത് ബാറ്റിങില്‍ കാര്യമായ പിന്തുണ ലഭിക്കാത്തതിനാല്‍ ശുഭ്മന്‍ ഗില്‍ സമ്മര്‍ദ്ദത്തിലാണ് കാണപ്പെട്ടതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, സ്ലോ ബൗളറായ സ്വപ്‌നില്‍ സിങിനെയാണ് ആദ്യ ഓവറില്‍ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലെസി പരീക്ഷിച്ചത്. ഈ ചൂതാട്ടം ഫലം കാണുകയും ചെയ്തു. രണ്ടാമത്തെ ബോളില്‍ സാഹ ഫോറടിച്ചെങ്കിലും അവസാനത്തെ ബോളില്‍ വിക്കറ്റ് പിഴുത് സ്വപ്‌നില്‍ പകരംവീട്ടി. ഷോര്‍ട്ട് തേര്‍ഡ് മാനില്‍ കരണ്‍ ശര്‍മയാണ് സിംപിള്‍ ക്യാച്ചെടുത്തത്. നാലു ബോളില്‍ അഞ്ചു റണ്‍സാണ് വെറ്ററന്‍ താരം നേടിയത്.
അടുത്ത ഓവറില്‍ പരിചയ സമ്പന്നനായ മുഹമ്മദ് സിറാജാണ് ബൗള്‍ ചെയ്തത്. ഒരു ഫോറടക്കം ജിടി നേടിയത് ഏഴു റണ്‍സ് മാത്രം. ഗില്ലിന്റെ ബാറ്റില്‍ നിന്നായിരുന്നു ഏക ഫോര്‍. സ്വപ്‌നില്‍ എറിഞ്ഞ മൂന്നാമത്തെ ഓവറില്‍ ജിടി 11 റണ്‍സെടുത്തു. ആദ്യത്തെ നാലു ബോളില്‍ മൂന്നു സിംഗിളുകള്‍ മാത്രമേ വന്നുള്ളൂ. എന്നാല്‍ അവസാനത്തെ രണ്ടു ബോളില്‍ സുദര്‍ശന്‍ ഫോറുകള്‍ പായിച്ചു. പേസര്‍ യഷ് ദയാലിനായിരുന്നു നാലാം ഓവര്‍. നാലു സിംഗിളുകളടക്കം ജിടിക്കു ലഭിച്ചത് നാലു റണ്‍സ് മാത്രം.
സിറാജെറിഞ്ഞ അഞ്ചാം ഓവറിലും ഫോറോ, സിക്‌സറോ പിറന്നില്ല. മൂന്നു വൈഡുള്‍പ്പെടെ ഏഴു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ. പവര്‍പ്ലേയിലെ അവസാന ഓവര്‍ ദയാലിനായിരുന്നു. ഒരു ഫോറടക്കം ഏഴു റണ്‍സ് മാത്രമേ ജിടിക്കു നേടാനായുള്ളൂ. ഇതോടെ പവര്‍പ്ലേയില്‍ ജിടിയുടെ സ്‌കോര്‍ ബോര്‍ഡില്‍ ഒരു വിക്കറ്റിനു 42 റണ്‍സ് മാത്രം. ഗില്‍ 14 ബോളില്‍ 16ഉം സുദര്‍ശദന്‍ 16 ബോളില്‍ 18 റണ്‍സുമാണ് നേടിയത്.