Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഗില്ലാവില്ല, ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍ ശ്രേയസ്! ഉറപ്പിച്ചു, പ്രവചിച്ച് മുന്‍ താരം

10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. ഐപിഎല്‍ കിരീട നേട്ടത്തോടെ ശ്രേയസ് ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാവാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണെന്നു മുന്‍ കെകെആര്‍ താരം കൂടിയായിരുന്ന അദ്ദേഹം ചൂണ്ടിക്കാട്ടി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിനു നിഷ്പ്രഭരാക്കിയാണ് കെകെആര്‍ തങ്ങളുടെ മൂന്നാമത്തെ ഐപിഎല്‍ ട്രോഫിയില്‍ മുത്തമിട്ടത്.

കെകെആറിനൊപ്പം ശ്രേയസിന്റെ രണ്ടാം സീസണായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞ വര്‍ഷത്തെ ലേലത്തിലാണ് അദ്ദേഹം കെകെആറിലെത്തിയത്. ടീമിന്റെ നായകസ്ഥാനവും ശ്രേയസിനു ലഭിക്കുകയും ചെയ്തു. പക്ഷെ പരിക്ക് അപ്രതീക്ഷിത വില്ലനായതോടെ അദ്ദേഹത്തിനു സീസണ്‍ നഷ്ടമായി. ഈ സീസണില്‍ നായക സ്ഥാനത്തേക്കുള്ള മടങ്ങിവരവ് കിരീട വിജയത്തോടെ ശ്രേയസ് ഗംഭീരമാക്കുകയും ചെയ്തിരിക്കുകയാണ്.

SHREYAS IYER

ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെയാണ് ശ്രേയസിന്റെ ക്യാപ്റ്റന്‍സിയെ ഉത്തപ്പ പ്രശംസിച്ചത്. ഞാന്‍ ഇവിടെ അക്കാര്യം പറയാന്‍ പോവുകയാണ്. ശ്രേയസ് അയ്യരായിരിക്കും ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍. അടുത്തതായി നായകനായി വരാന്‍ പോവുന്നത് അദ്ദേഹമാണെന്നു ഞാന്‍ കരുതുന്നു. ശുഭ്മന്‍ ഗില്ലിനേക്കാള്‍ മുന്നിലാണ് ശ്രേയസ്. ഒരു ടീമിനെ വളരെ നന്നായി കൈകാര്യം ചെയ്യാനുള്ള സ്വഭാവ ഗുണവും കഴിവുമെല്ലാം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു.

ഈ ഐപിഎല്‍ സീസണിനിടെ ശ്രേയസ് അയ്യര്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുള്ളതായി ഞാന്‍ കരുതുന്നു. ഗൗതം ഗംഭീര്‍, ചന്ദ്രകാന്ത് പണ്ഡിറ്റ്, അഭിഷേക് നായര്‍ എന്നിവരോടൊപ്പമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത് എന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഈ മൂന്നു പേരും വളരെ കരുത്തുറ്റ വ്യക്തിത്വങ്ങളാണെന്നും ഉത്തപ്പ നിരീക്ഷിച്ചു. ഈ മൂന്നു പേരും കൂടെയുള്ളപ്പോള്‍ ടീമിനെ നയിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നും എന്നാല്‍ ഫീല്‍ഡില്‍ ശരിയായ കോളുകളെടുക്കാന്‍ ശ്രേയസിനു സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കരുത്തരായ ഈ മൂന്നു വ്യക്തികള്‍ കൂടെയുള്ളപ്പോള്‍ ഇവര്‍ക്കിടയിലൂടെ സീസണ്‍ മുഴുവന്‍ നിങ്ങള്‍ക്കു ടീമിനെ മുന്നോട്ടു കൊണ്ടു പോവേണ്ടതുണ്ട്. ഈ യാത്രയില്‍ ഇവരില്‍ നിന്നും പലതും പഠിക്കുകയും വേണം. നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നല്‍കുകയും അതോടൊപ്പം ശരിയായ കോളുകളെടുക്കകുയും ചെയ്ത ശേഷം ഒരു സീസണ്‍ മുഴുവന്‍ ടീമിനെ മുന്നോട്ടു കൊണ്ടു പോവുക എളുപ്പമല്ല.

SHREYAS GAMBHIR

പക്ഷെ ശ്രേയസ് വലിയ ആധിപത്യത്തോടെയാണ് ഈ ദൗത്യം പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിന്റെ കഴിവും തനിക്കു എന്തു ചെയ്യാന്‍ സാധിക്കുമെന്നുമുള്ള വിശ്വാസവുമാണ് ഇതു കാണിക്കുന്നത്. ഈ കാരണത്താല്‍ തന്നെ അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനു വേണ്ടിയുള്ള ചര്‍ച്ചയില്‍ ശ്രേയസ് ശരിയായ സ്ഥലത്തു തന്നെയാണുള്ളതെന്നു താന്‍ കരുതുന്നതായും ഉത്തപ്പ വിശദമാക്കി.

ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയ ശേഷമാണ് ശ്രേയസ് ഈ ഐപിഎല്ലില്‍ ഇറങ്ങിയത്. പുറംഭാഗത്തിനേറ്റ പരിക്കും, ടി20 ലോകകപ്പില്‍ നിന്നും തഴയപ്പെട്ടതും, ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും ഒഴിവാക്കപ്പെട്ടതുമെല്ലാം അദ്ദേഹത്തിനു തിരിച്ചടിയായിരുന്നു. പക്ഷെ തനിക്കു നേരിടേണ്ടി വന്ന വിഷമകരമായ ഈ സാഹചര്യങ്ങളെക്കുറിച്ചൊന്നും ശ്രേയസ് അധികം സംസാരിക്കാറില്ല.

ഫൈനലിനു തൊട്ടുമുമ്പാണ് അദ്ദേഹം ഇതിനെക്കുറിച്ച് ആലോചിച്ചതെന്നു ഞാന്‍ കരുതുന്നു. സ്വയം തനിക്കു വേണ്ടിയും ടീമിനു വേണ്ടിയും എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ കാഴ്ചപ്പാട് ശ്രേയസിനുണ്ടായിരുന്നു. ശ്രേസയെന്ന നായകന്റെ തുടക്കം മാത്രമാണിതെന്നു താന്‍ കരുതുന്നതായും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, May 27, 2024, 21:18 [IST]
Other articles published on May 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+