For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ആര്‍സിബിയോടു റോയല്‍സ് തോല്‍ക്കുമോ? അതു സംഭവിച്ചാല്‍ കാരണം ആ താരം! വോന്‍ പറയുന്നു

ഐപിഎല്‍ എലിമിനേറ്ററില്‍ ബുധനാഴ്ച രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും കൊമ്പുകോര്‍ക്കുകയാണ്. രാത്രി 7.30 മുതല്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് സഞ്ജു സാംസണും ഫാഫ് ഡുപ്ലെസിയും മുഖാമുഖം വരുന്നത്. തോല്‍ക്കുന്ന ടീം ഫൈനല്‍ കാണാതെ പുറത്താവുമെന്നതില്‍ പോരാട്ടം തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല. ജയിക്കുന്ന ടീമിനു വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ക്വാളിഫയറിലേക്കു യോഗ്യത നേടാം. ഇതില്‍ ജയിക്കുന്നവരായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം.

ഇത്തവണ എലിമിനേറ്ററില്‍ ആര്‍സിബിയോടു പരാജയപ്പെട്ട് റോയല്‍സ് പുറത്തായാല്‍ ഇതിനു കാരണക്കാരന്‍ ഒരു താരമായിരിക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. റോയല്‍സ് ഈ മല്‍സരം തോല്‍ക്കുന്നുണ്ടെങ്കില്‍ അതു ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജോസ് ബട്‌ലറുടെ അഭാവം കാരണമായിരിക്കുമെന്നാണ് വോനിന്റെ വിലയിരുത്തല്‍. പാകിസ്താനുമായുള്ള ഇംഗ്ലണ്ടിന്റെ ടി20 പരമ്പരയുമായി ബന്ധപ്പെട്ടാണ് പ്ലേഓഫ് മല്‍സരങ്ങള്‍ക്കു നില്‍ക്കാതെ ബട്‌ലര്‍ റോയല്‍സ് വിട്ടത്.

SANJU - VAUGHAN

ഈ സീസണില്‍ മികച്ച ഫോമിലായിരുന്നു ബട്‌ലര്‍. 11 മല്‍സരങ്ങളില്‍ നിന്നും 39.88 ശരാശരിയില്‍ 140.78 സ്‌ട്രൈക്ക് റേറ്റില്‍ 359 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. രണ്ടു സെഞ്ച്വറികളുള്‍പ്പെടെയാണിത്. ക്രിക്ക്ബസിനോടു സംസാരിക്കവെയാണ് റോയല്‍സ് എലിമിനേറ്ററില്‍ തോല്‍ക്കുകയാണെങ്കില്‍ അതു ബട്‌ലറുടെ അസാന്നിധ്യം കൊണ്ടു മാത്രമായിരിക്കുമെന്നു വോന്‍ ചൂണ്ടിക്കാണിച്ചത്.

രാജസ്ഥാന്‍ റോയല്‍സിനെ അപേക്ഷിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു ഫോമിലുള്ള കൂടുതല്‍ കളിക്കാരുണ്ട്. ജോസ് ബട്‌ലര്‍ റോയല്‍സിനെ സംബന്ധിച്ച് വളരെ വലിയ താരമാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ അദ്ദേഹത്തിന്റെ സെഞ്ച്വറി നോക്കൂ, സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ തന്റെ ജോലി എങ്ങനെയാണ് പൂര്‍ത്തിയാക്കേണ്ടതെന്നു ബട്‌ലര്‍ക്കു അറിയാം. എലിമിനേറ്ററില്‍ റോയല്‍സിനു തങ്ങളുടെ നിര്‍ണായക താരത്തെയാണ് മിസ്സായിരിക്കുന്നതെന്നും വോന്‍ വിശദമാക്കി.

ഞായഴാഴ്ച ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴേ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലായിരിക്കും ഏറ്റുമുട്ടുകയെന്നും അദ്ദേഹം പ്രവചിക്കുന്നു. എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 എന്നിവയില്‍ ജയിക്കുന്ന ടീമിനു ഫൈനലില്‍ അധിക മുന്‍തൂക്കമുണ്ടാവുമെന്നും വോന്‍ അഭിപ്രായപ്പെട്ടു.

പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ കെകെആറും എസ്ആര്‍എച്ചും തമ്മിലായിരിക്കും ചെന്നൈയിലെ ഫൈനലെന്നു ഞാന്‍ കരുതുന്നു. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ക്വാളിഫയറില്‍ ആരു ജയിച്ചാലും അവര്‍ക്കു ഫൈനലില്‍ മുന്‍തൂക്കമുണ്ടായിരിക്കും. കാരണം അവര്‍ രണ്ടാം ക്വാളിഫയര്‍ കളിക്കുന്നത് ചെന്നൈയിലാണ്. അതു വലിയൊരു മുന്‍തൂക്കമല്ല, എങ്കിലും നേരിയ മുന്‍തൂക്കം തന്നെയാണെന്നും വോന്‍ കൂട്ടിച്ചേര്‍ത്തു.

JOS BUTTLER

അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മല്‍സരശേഷമാണ് ബട്‌ലര്‍ ഐപിഎല്ലിനോടു ഗുഡ്‌ബൈ പറഞ്ഞത്. പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരത്തില്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇംഗ്ലണ്ടിന്റെ തന്നെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ ടോം കോഹ്ലര്‍ കാഡ്‌മോറിനെയാണ് ഓപ്പണിങില്‍ റോയല്‍സ് പരീക്ഷിച്ചത്. പക്ഷെ താരം നിരാശപ്പെടുത്തി.

23 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 18 റണ്‍സെടുത്ത് കാഡ്‌മോര്‍ പുറത്താവുകയായിരുന്നു. ആര്‍സിബിക്കെതിരായ എലിമിനേറ്ററിലും അദ്ദേഹം ഓപ്പണറായി തന്നെ തുടരാനാണ് സാധ്യത.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള അവസാനത്തെ ലീഗ് മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടതോടെയാണ് റോയല്‍സ് പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടത്. ഈ മല്‍സരത്തില്‍ കെകെആറിനെതിരേ ജയിച്ചിരുന്നെങ്കില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ആദ്യ ക്വാളിഫയറില്‍ കളിക്കാന്‍ അവര്‍ക്കു സാധിക്കുമായിരുന്നു. പക്ഷെ മഴ വില്ലനായതോടെ റോയല്‍സിന്റെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുകയായിരുന്നു.

Story first published: Monday, May 20, 2024, 16:45 [IST]
Other articles published on May 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+