ഐപിഎല്ലിന്റെ പുതിയൊരു സീസണിനു ഇനി കഷ്ടിച്ചു മൂന്നു മാസങ്ങളാണ് ബാക്കിയുള്ളത്. അടുത്ത വര്‍ഷം മാര്‍ച്ച് പകുതിയോടെ ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിനു കൊടിയേറുമെന്നാണ് സൂചനകള്‍. 2008ലായിരുന്നു യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളുടെ മാതൃകയില്‍ നഗരങ്ങളെ കേന്ദ്രീകരിച്ച് ഫ്രാഞ്ചൈസികളെ ഉള്‍പ്പെടുത്തി ഐപിഎല്‍ എന്ന പുതിയൊരു ആശയത്തിനു ബിസിസിഐ തുടക്കമിട്ടത്.
പ്രഥമ സീസണില്‍ തന്നെ ടൂര്‍ണമെന്റ് വന്‍ വിജയമായതോടെ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നതുമില്ല. നിരവധി അവിശ്വസനീയ ബാറ്റിങ് പ്രകടനങ്ങള്‍ക്കു ടൂര്‍ണമെന്റ് ഇതിനകം സാക്ഷിയായിരുന്നു. എങ്കിലും ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി സെഞ്ച്വറി കുറിച്ച ഇന്ത്യന്‍ താരം ആരാണെന്നു അധികം പേര്‍ക്കും അറിയാന്‍ സാധ്യതയില്ല.

മുന്‍ ബാറ്റിങ് ഇതിഹാസവും മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റനുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരായിരിക്കും പലരുടെയും മനസ്സിലേക്കു വരുന്നത്. പക്ഷെ സച്ചിനല്ല ആദ്യമായി സെഞ്ച്വറയടിച്ച ഇന്ത്യന്‍ താരമെന്നതാണ് യാഥാര്‍ഥ്യം. ആരാണ് ഈ താരമെന്നും ഏതു ടീമിനു വേണ്ടിയായിരുന്നെന്നും അറിയാം.
നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത മധ്യനിര ബാറ്ററും മികച്ച ഫീല്‍ഡറുമായ മനീഷ് പാണ്ഡെയാണ് ഈ റെക്കോര്‍ഡിന്റെ അവകാശി. 2009ല്‍ ഐപിഎല്ലിന്റെ രണ്ടാം സീസണിലായിരുന്നു പാണ്ഡെ സെഞ്ച്വറിയുമായി ഈ നേട്ടം കൈവരിച്ച ആദ്യത്തെ ഇന്ത്യന്‍ താരമായി മാറിയത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയായിരുന്നു പാണ്ഡെയുടെ മിന്നുന്ന ബാറ്റിങ് പ്രകടനം.
ഇപ്പോള്‍ ഐപിഎല്ലിന്റെ ഭാഗമല്ലാത്ത ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേയാണ് ആര്‍സിബിക്കു വേണ്ടി താരം സെഞ്ച്വറി കണ്ടെത്തിയത്. ഓപ്പണറായി ഇറങ്ങിയ പാണ്ഡെ അന്നു പുറത്താവാതെ 74 ബോളില്‍ അടിച്ചെടുത്തത് 114 റണ്‍സായിരുന്നു. ദേശീയ ടീമിനു വേണ്ടി അരങ്ങേറ്റം കുറിക്കുന്നതിനു മുമ്പായിരുന്നു അദ്ദേഹത്തിന്റെ ഈ കിടിലന്‍ ഇന്നിങ്‌സ്. പാണ്ഡെയുടെ സെഞ്ച്വറിയുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം 20 ഓവറില്‍ 170 റണ്‍സ് നേടിയ ആര്‍സിബി മല്‍സരത്തില്‍ 12 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.
34 കാരനായ പാണ്ഡെയുടെ ഐപിഎല്‍ കരിയറിലെ ഏക സെഞ്ച്വറിയും ഇതു തന്നെയാണ്. ടൂര്‍ണമെന്റില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി 170 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 29.07 ശരാശരിയില്‍ 120.97 സ്‌ട്രൈക്ക് റേറ്റോടെ 3808 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഒരു സെഞ്ച്വറി കൂടാതെ 22 ഫിഫ്റ്റികളും പാണ്ഡെ നേടുകയും ചെയ്തിട്ടുണ്ട്.

2009ല്‍ ആര്‍സിബിയുടെ കരിയര്‍ ആരംഭിച്ച പാണ്ഡെ പിന്നീട് പൂനെ വാരിയേഴ്‌സ് ഇന്ത്യ, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ടീമുകളുടെയും ഭാഗമായിട്ടുണ്ട്. പക്ഷെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ഒരു ടീമിലും സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനായില്ല.
അവസാന സീസണില്‍ ഡിസിയുടെ ഭാഗമായിരുന്നു പാണ്ഡെ. പക്ഷെ പുതിയ സീസണിലേക്കു അദ്ദേഹത്തെ അവര്‍ നിലനിര്‍ത്തിയില്ല. ഇതോടെ ഈ മാസം 19നു നടക്കാനിരിക്കുന്ന ലേലത്തില്‍ ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിയിലേക്കു തനിക്കു വിളിയെത്തുമെന്ന പ്രതീക്ഷയിലാണ് പാണ്ഡെ.
അന്താരാഷ്ട്ര കരിയറെടുത്താല്‍ ഇന്ത്യക്കു വേണ്ടി 2015-2021 വര്‍ഷത്തിനിടെ ടി20, ഏകദിനം എന്നിവയില്‍ താരം കളിച്ചിരുന്നു. ഏകദിനത്തില്‍ 24 ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയുമടക്കം 566 റണ്‍സാണ് പാണ്ഡെയുടെ സമ്പാദ്യം. ടി20യില്‍ 33 ഇന്നിങ്‌സുകളില്‍ നിന്നു മൂന്നു ഫിഫ്റ്റികളടക്കം 709 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.