ഐപിഎല്ലിന്റെ 17ാമത് സീസണ്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്. ഈ മാസം 22നു നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ശക്തരായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ പോരാട്ടം. 10 ഫ്രാഞ്ചൈസികളാണ് ഇത്തവണയും കിരീടത്തിനായി പോര്‍ക്കളത്തിലിറങ്ങുക. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ടി20 ഫ്രാഞ്ചൈസി ലീഗെന്നാണ് ഐപിഎല്‍ വിശേഷിപ്പിക്കപ്പെടുന്നത്.
അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍സി മിടുക്കും ഈ ടൂര്‍ണമെന്റില്‍ വളരെ പ്രധാനമാണ്. മികച്ച നായകന്‍ കൂടിയുണ്ടെങ്കില്‍ മാത്രമേ ഒരു ടീമിനു വലിയ നേട്ടങ്ങളിലേക്കു കുതിക്കാന്‍ സാധിക്കുകയുള്ളൂ. ടൂര്‍ണമെന്റിന്റെ കഴിഞ്ഞ 16 സീസണുകളെടുത്താല്‍ ഇന്ത്യക്കാരും വിദേശികളുമായ നിരവധി ക്യാപ്റ്റന്‍മാരെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.

പക്ഷെ അവരില്‍ കുറച്ചു പേര്‍ക്കു മാത്രമേ ക്യാപ്റ്റനായി കസറാന്‍ സാധിച്ചിട്ടുള്ളൂ. ഒരു മികച്ച നായകനെ തീരുമാനിക്കുന്നത് അയാളുടെ വിജയ ശതമാനമാണ്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമുയര്‍ന്ന വിജയ ശതമാനമുള്ള ക്യാപ്റ്റന്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ഏറ്റവും കുറഞ്ഞത് 50 മല്‍സരങ്ങളിലെങ്കിലും ടീമിനെ നയിച്ചവരെ മാത്രം പരിഗണിച്ചാണ് ഈ ലിസ്റ്റ് തയ്യാറാക്കിയത്.
അഞ്ചാംസ്ഥാനത്തുള്ളത് കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് മുന്‍ ക്യാപ്റ്റനും ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ ഓപ്പണറുമായ ഗൗതം ഗംഭീറാണ്. 55.42 വിജയ ശതമാനമാണ് അദ്ദേഹത്തിനുള്ളത്. കെകെആറിനെ രണ്ടു തവണ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ചിട്ടുള്ള ക്യാപ്റ്റനും കൂടിയാണ് ഗംഭീര്‍. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ കെകെആര്‍ ടീമിന്റെ ഉപദേശകന്റെ റോളില്‍ അദ്ദേഹത്തെ കാണാം.
ഗംഭീറിനു മുകളില്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നത് രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ സ്പിന്നറുമായിരുന്ന ഷെയ്ന്‍ വോണാണ്. റോയല്‍സ് ക്യാപ്റ്റനെന്ന നിലയില്‍ 55.45 വിജയശതമാനമാണ് അദ്ദേഹത്തിനുള്ളത്. 2008ലെ പ്രഥമ സീസണില്‍ വോണിനു കീഴിലാണ് റോയല്‍സ് സര്‍പ്രൈസ് ചാംപ്യന്‍മാരായത്. ആരും കിരീട സാധ്യത കല്‍പ്പിക്കാതിരുന്ന റോയല്‍സിന്റെ യുവനിര എല്ലാ പ്രവചനങ്ങളും തെറ്റിച്ചായിരുന്നു ഐപിഎല്‍ ട്രോഫിയില്‍ മുത്തമിട്ടത്.
മികച്ച വിജയ ശതമാനമുള്ള മൂന്നാമത്തെ ക്യാപ്റ്റന്‍ മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകനും ഇന്ത്യന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ്. 56.32 വിജയ ശതമാനത്തോടെയാണ് അദ്ദേഹം മൂന്നാംസ്ഥാനത്തുള്ളത്. അഞ്ചു ഐപിഎല്‍ ട്രോഫികളുടെ അവകാശിയായ ക്യാപ്റ്റനാണ് ഹിറ്റ്മാന്‍. 2013ലായിരുന്നു ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങിനു പകരം രോഹിത് നായകസ്ഥാനമേറ്റെടുക്കുന്നത്.
മുംബൈ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു സീസണിന്റെ മധ്യത്തില്‍ വച്ച് പോണ്ടിങ് ക്യാപ്റ്റന്‍സി ഒഴിയുകയായിരുന്നു. തുടര്‍ന്നാണ് രോഹിത്തിനു അപ്രതീക്ഷിതമായി ക്യാപ്റ്റന്റെ റോളിലേക്കു നറുക്കുവീണത്. ഇതേ സീസണില്‍ മുംബൈയെ കന്നിക്കിരീടത്തിലേക്കു നയിച്ചാണ് നായകനെന്ന നിലയില്‍ അദ്ദേഹം വരറിയിക്കുന്നത്. പിന്നീട് നാലു ട്രോഫികള്‍ കൂടി രോഹിത് മുംബൈയുടെ ഷെല്‍ഫിലെത്തിക്കുകയും ചെയ്തു. 2015, 2017, 2019, 2020 സീസണുകളിലായിരുന്നു ഇത്.

വരാനിരിക്കുന്ന സീസണില്‍ കൂടിയെങ്കിലും മുംബൈയെ രോഹിത് നയിക്കുമെന്നായിരുന്നു ഉറപ്പിച്ചിരുന്നത്. പക്ഷെ ട്രേഡ് വിന്‍ഡോയില്‍ തികച്ചും അപ്രതീക്ഷിതമായി ഹാര്‍ദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും മുംബെ വാങ്ങുകയായിരുന്നു. തുടര്‍ന്ന് ടീമിന്റെ നായകസ്ഥാനം അദ്ദേഹത്തേ ഫ്രാഞ്ചൈസി ഏല്‍പ്പിക്കുകയും ചെയ്തു.
രോഹിത്തിന് മുകളില്‍ മികച്ച ശരാശരിയുള്ള രണ്ടാമത്തെ ഐപിഎല്‍ ക്യാപ്റ്റന്‍ ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിനു 58.82 വിജയശരാശരിയുണ്ട്. മികച്ച വിജയ ശതമാനമുള്ള ഐപിഎല്‍ ക്യാപ്റ്റന്‍മാരുടെ ടോപ്പ് ഫൈവില്‍ ഒരു ട്രോഫി പോലും നേടിയിട്ടില്ലാത്ത ഒരേയൊരാളും സച്ചിനാണ്.
ഏറ്റവുമുയര്‍ന്ന വിജയ ശതമാനമുള്ള ക്യാപ്റ്റന്മാരിലെ കിങ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസമായ എംഎസ് ധോണിയാണ്. 59.37 ആണ് അദ്ദേഹത്തിന്റെ വിജയ ശരാശരി. 2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ സിഎസ്‌കെയെ നയിക്കുന്ന ധോണി അഞ്ചു ട്രോഫികള്‍ ടീമിനു സമ്മാനിക്കുകയും ചെയ്തു. സസ്‌പെന്‍ഷന്‍ കാരണം 2016, 17 സീസണുകളില്‍ സിഎസ്‌കെ ഐപിഎല്ലില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ മാത്രമാണ് അദ്ദേഹം മറ്റൊരു ഫ്രാഞ്ചൈസിയുടെ ഭാഗമായത്.