IPL 2024: മുംബൈക്ക് ആദ്യ കിരീടം സമ്മാനിച്ചത് രോഹിത്തോ? അല്ലേ അല്ല! അത് മറ്റൊരു നായകന്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായി ചരിത്ര തീരുമാനമെടുത്തിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ മുംബൈയെ ചാമ്പ്യന്മാരാക്കിയ നായകന്‍ രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്ത് നിന്ന് നീക്കിയിരിക്കുകയാണ്. 2013ല്‍ മുംബൈ നായകസ്ഥാനത്തേക്കെത്തിയ രോഹിത് 2023ല്‍ ആ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ പുതിയ നായകന്‍.
സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെയെല്ലാം മറികടന്നാണ് ഹാര്‍ദിക് പാണ്ഡ്യ നായകസ്ഥാനത്തേക്കെത്തിയത്. ഗുജറാത്തിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക്. അതുകൊണ്ടുതന്നെ താരത്തിന്റെ നായകനായുള്ള വരവ് മുംബൈക്ക് ഗുണം ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ മുംബൈക്ക് അഞ്ച് കിരീടം നേടിക്കൊടുത്ത രോഹിത്തിന് ടീം നല്‍കിയത് അര്‍ഹിച്ച പടിയിറക്കമായില്ലെന്ന ആക്ഷേപവും ശക്തമാണ്.
രോഹിത് നായകസ്ഥാനത്തേക്കെത്തിയതിന് ശേഷമാണ് മുംബൈ കിരീടങ്ങള്‍ വാരിക്കൂട്ടാന്‍ തുടങ്ങിയത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ കിരീടം നേടിക്കൊടുത്ത നായകന്‍ ആരാണ്? അത് രോഹിത് ശര്‍മയല്ലെന്നതാണ് സത്യം. മുംബൈ ഇന്ത്യന്‍സ് ആദ്യ കിരീടം നേടുന്നത് 2011ലാണ്. 2011ലെ ചാമ്പ്യന്‍സ് ലീഗിലായിരുന്നു മുംബൈയുടെ ഈ കിരീട നേട്ടം. അന്ന് ടീമിന്റെ നായകസ്ഥാനത്തുണ്ടായിരുന്നത് ഹര്‍ഭജന്‍ സിങ്ങായിരുന്നു. മുന്‍ സൂപ്പര്‍ സ്പിന്നര്‍ ഹര്‍ഭജന് കീഴിലാണ് മുംബൈ തങ്ങളുടെ ആദ്യ കിരീടം നേടിയത്.
എന്നാല്‍ പിന്നീട് മുംബൈ നേടിയ അഞ്ച് ഐപിഎല്‍ കിരീടവും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും രോഹിത്തിന് കീഴിലായിരുന്നു. 2012ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ ഹര്‍ഭജന്‍ സിങ് നായകസ്ഥാനത്തേക്കെത്തി. 2013ല്‍ റിക്കി പോണ്ടിങ് മുംബൈയുടെ ക്യാപ്റ്റനായെങ്കിലും പാതിവഴിയില്‍ പിന്മാറുകയും രോഹിത് ശര്‍മ തല്‍സ്ഥാനത്തേക്ക് എത്തുകയുമായിരുന്നു. ഇതോടെ ടീമിന്റെ തലവരയും മാറി. ഇനി ഹാര്‍ദിക്കിന്റെ ഊഴമാണ്.

രോഹിത്തിനെപ്പോലെ തന്നെ ബുദ്ധിമാനായ നായകനും ഭാഗ്യം വേണ്ടുവോളമുള്ള നായകനുമാണ് ഹാര്‍ദിക്. അതുകൊണ്ടുതന്നെയാണ് ഹാര്‍ദിക് പാണ്ഡ്യ അരങ്ങേറ്റ സീസണില്‍ ഗുജറാത്തിനെ കപ്പിലേക്കെത്തിച്ചത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക്കിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. മുംബൈയില്‍ രോഹിത്തിന് ശേഷം നായകസ്ഥാനം അര്‍ഹിച്ചിരുന്ന മറ്റ് ചിലരുണ്ട്. അവരെ ഒപ്പം നിര്‍ത്തുകയെന്നത് ഹാര്‍ദിക്കിന് വലിയ വെല്ലുവിളി തന്നെയാണ്.
സൂര്യകുമാര്‍ യാദവ് രോഹിത്തിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. രോഹിത് പടിയിറങ്ങുമ്പോള്‍ നായകസ്ഥാനത്തേക്ക് സൂര്യകുമാര്‍ എത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇന്ത്യയുടെ ടി20 ടീമിനെ നയിച്ച് സൂര്യകുമാര്‍ യാദവ് ഗംഭീര പ്രകടനം നടത്തുന്നുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് സൂര്യയില്‍ അര്‍പ്പിക്കുന്ന വിശ്വാസം മുംബൈ ടീം മാനേജ്‌മെന്റിനില്ല. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്കും മുംബൈയുടെ നായകസ്ഥാനത്ത് നോട്ടമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ രോഹിത്തിന് പകരം ഹാര്‍ദിക് നായകസ്ഥാനത്തേക്കെത്തുമ്പോള്‍ ടീമിനുള്ളില്‍ അതൃപ്തിയുണ്ടാവുമെന്നുറപ്പ്. അവസാന സീസണില്‍ മുംബൈ ടീമിനെ അപഹസിക്കുന്ന തരത്തില്‍ ഹാര്‍ദിക് പ്രതികരിച്ചത് വിവാദമായിരുന്നു. സൂപ്പര്‍ താരങ്ങളെ മാത്രം ടീമിലെടുത്താണ് മുംബൈ കപ്പടിക്കുന്നതെന്നാണ് ഹാര്‍ദിക് പറഞ്ഞത്. ഇതിന് മുംബൈ താരങ്ങള്‍ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. മുംബൈയെ അപമാനിച്ച താരം നായകനായി എത്തുമ്പോള്‍ ആരാധകര്‍ക്കും ഇത് ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ട്.
ഹാര്‍ദിക് എത്തുമ്പോള്‍ ടീമിനുള്ളിലെ സൗഹൃദ അന്തരീക്ഷം നിലനിര്‍ത്തുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്നാല്‍ സീനിയേഴ്‌സിനോട് വലിയ ബഹുമാനം കാട്ടാത്ത നായകനാണ് ഹാര്‍ദിക്. ഗുജറാത്തിലായിരിക്കെ മുഹമ്മദ് ഷമിയോടടക്കം ഹാര്‍ദിക് ചൂടായിട്ടുണ്ട്. എന്നാല്‍ ഇതേ നിലപാട് മുംബൈയില്‍ സ്വീകരിച്ചാല്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications