ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തന്മാരുടെ നിരയാണ് രാജസ്ഥാന്‍ റോയല്‍സ്. പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന് പിന്നീട് കപ്പടിക്കാനായിട്ടില്ലെങ്കിലും ഇപ്പോഴും വലിയ ആരാധക പിന്തുണയുള്ള ടീമാണ് രാജസ്ഥാന്‍. സഞ്ജും സാംസണ്‍ ക്യാപ്റ്റനായുള്ള രാജസ്ഥാന്‍ റോയല്‍സിന് നിരവധി മലയാളി ആരാധകരുടെ പിന്തുണയുമുണ്ട്. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ എല്ലാ ടീമുകളിലും വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
രാജസ്ഥാന്‍ റോയല്‍സിലും വലിയ മാറ്റങ്ങളുണ്ടാവുമെന്നുറപ്പാണ്. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സിലേക്ക് ഏതെങ്കിലും താരത്തെ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചാല്‍ ഏത് താരത്തെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് രാജസ്ഥാന്റെ ജോസ് ബട്‌ലര്‍. അത് വിരാട് കോലിയോ രോഹിത് ശര്‍മയോ ജസ്പ്രീത് ബുംറയോ അല്ലെന്നും അത് റാഷിദ് ഖാനാണെന്നുമാണ് ബട്‌ലര്‍ പറയുന്നത്. ജിയോ ടിവിയില്‍ ട്രന്റ് ബോള്‍ട്ടിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ബട്‌ലര്‍.
അഫ്ഗാനിസ്ഥാന്‍ സ്പിന്‍ ഓള്‍റൗണ്ടറായ റാഷിദ് ഖാന്‍ നിലവില്‍ നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണുള്ളത്. അടുത്ത സീസണിലും ഗുജറാത്ത് റാഷിദിനെ വിട്ടു കളയാന്‍ സാധ്യതയില്ല. ഗുജറാത്ത് നിലനിര്‍ത്തുന്ന താരങ്ങളിലൊരാള്‍ റാഷിദാവും. അതുകൊണ്ടുതന്നെ രാജസ്ഥാന് ഒരിക്കലും റാഷിദിനെ ടീമിലേക്കെത്തിക്കാനായേക്കില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെയാണ് റാഷിദ് ഐപിഎല്ലിലേക്കെത്തുന്നത്. അഞ്ച് വര്‍ഷം ഹൈദരാബാദിനായി കളിച്ച റാഷിദിനെ 15 കോടിക്കാണ് ഗുജറാത്ത് സ്വന്തമാക്കിയത്.
145 വിക്കറ്റും 472 റണ്‍സുമായി ഐപിഎല്ലില്‍ ഗംഭീര റെക്കോഡുള്ള താരങ്ങളിലൊരാളാണ് റാഷിദ് ഖാന്‍. രാജസ്ഥാന്‍ റോയല്‍സിനെ അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് തോല്‍പ്പിച്ചിരുന്നു. 11 പന്തില്‍ 24 റണ്‍സ് നേടി രാജസ്ഥാന്റെ കൈയില്‍ നിന്ന് മത്സരം തട്ടിയെടുത്തത് റാഷിദ് ഖാനായിരുന്നു. ഐപിഎല്ലില്‍ ഒട്ടുമിക്ക ടീമും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് റാഷിദ് ഖാന്‍. എന്നാല്‍ റാഷിദ് ഖാനെ ടീമിലേക്കെത്തിക്കുക എളുപ്പമാവില്ലെന്നുറപ്പ്.

നേരത്തെ മുംബൈ ഇന്ത്യന്‍സും റാഷിദ് ഖാനെ ടീമിലേക്കെത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ നീക്കം നടന്നില്ല. ഇത്തവണ ശക്തമായ താരനിരയുള്ള രാജസ്ഥാന്‍ റോയല്‍സ് കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത് രാജസ്ഥാനാണ്. വരുന്ന മത്സരങ്ങളിലും ഇതേ പ്രകടന മികവ് തുടര്‍ന്നാല്‍ കപ്പിലേക്കെത്താനുള്ള കരുത്ത് രാജസ്ഥാനുണ്ട്. അവസാന സീസണില്‍ പ്ലേ ഓഫിലേക്കെത്താന്‍ രാജസ്ഥാനായിരുന്നില്ല.
ജോസ് ബട്‌ലര്‍ ഈ സീസണില്‍ ഒരു സെഞ്ച്വറി നേടിയെങ്കിലും സ്ഥിരതയോടെ മികവ് കാട്ടാനാവുന്നില്ല. പവര്‍പ്ലേയില്‍ തല്ലിത്തകര്‍ക്കുന്ന ഓപ്പണറാണ് ബട്‌ലര്‍. എന്നാല്‍ ഇത്തവണ മികച്ച സ്‌ട്രൈക്ക് റേറ്റോടെ സ്ഥിരതയോടെ കളിക്കാന്‍ ബട്‌ലര്‍ക്ക് സാധിക്കുന്നില്ല. വരുന്ന മത്സരങ്ങളില്‍ ബട്‌ലറുടെ പ്രകടനം രാജസ്ഥാനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. യശ്വസി ജയ്‌സ്വാളും ഇത്തവണ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാവാതെ പ്രയാസപ്പെടുന്നു.
എന്നാല്‍ നായകന്‍ സഞ്ജു സാംസണിന്റേയും റിയാന്‍ പരാഗിന്റേയും ഗംഭീര ഫോമാണ് രാജസ്ഥാന് കരുത്താവുന്നത്. രണ്ട് പേരും മൂന്ന് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവെക്കുന്നത്. ന്യൂബോളില്‍ ട്രന്റ് ബോള്‍ട്ട് വിക്കറ്റ് നേടി മികച്ച തുടക്കം നല്‍കുന്നതും രാജസ്ഥാന് കരുത്താവുന്നു. സ്പിന്‍ നിരയില്‍ യുസ് വേന്ദ്ര ചഹാലും ആര്‍ അശ്വിനും മികച്ച് നില്‍ക്കുന്നു. ദ്രുവ് ജുറേലിന് ഇത്തവണ വലിയൊരു പ്രകടനം നടത്താനായിട്ടില്ല.
സന്ദീപ് ശര്‍മയുടെ പരിക്ക് രാജസ്ഥാനെ തളര്‍ത്തുന്നുണ്ട്. എങ്കിലും നായകന്‍ സഞ്ജു സാംസണിന് ടീമിനെ നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നു. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കുന്ന രാജസ്ഥാന്‍ ഇത്തവണ കപ്പിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.