ഐപിഎല്ലിന്റെ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനൊരുങ്ങുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ തുറുപ്പുചീട്ടിനെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രം. ബുധനാഴ്ച രാത്രി 7.30 മുതല്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ആര്‍സിബിയും റോയല്‍സും കൊമ്പുകോര്‍ക്കുക. തോല്‍ക്കുന്ന ടീം ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുമ്പോള്‍ ജയിക്കുന്നവര്‍ രണ്ടാം ക്വാളിഫയറിലേക്കും മുന്നേറും.
നോക്കൗട്ടില്‍ ആര്‍സിബിയെ തനിച്ച് കളി ജയിപ്പിക്കാന്‍ സാധിക്കുന്നയാള്‍ റണ്‍ മെഷീന്‍ വിരാട് കോലിയോ, നായകന്‍ ഫാഫ് ഡുപ്ലെസിയോ അല്ലെന്നാണ് അക്രത്തിന്റെ നിരീക്ഷണം. പകരം ഈ സീസണില്‍ ഇനിയും ഫോമായിട്ടില്ലാത്ത ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെയാണ് ആര്‍സിബിയുടെ തുറുപ്പുചീട്ടായി അക്രം തിരഞ്ഞെടുത്തത്. നോക്കൗട്ടില്‍ മാക്‌സി തന്റെ തനിനിറം പുറത്തെടുത്തേക്കുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.

ഉയര്‍ന്ന റിസ്‌ക്ക്, ഉയര്‍ന്ന പ്രതിഫലം. ആര്‍സിബിയെ ഗ്ലെന്‍ മാക്‌സ്വെല്‍ നോക്കൗട്ട് മല്‍സരത്തില്‍ തനിച്ചു ജയിപ്പിക്കും. ഡ്രസിങ് റൂമില്‍ അദ്ദേഹത്തിനൊപ്പം നിങ്ങള്‍ ശാന്തരായിരിക്കണം. ഇപ്പോഴത്തെ ഫോം തീര്‍ച്ചയായും നിരാശപ്പെടുത്തുന്നതാണെന്നു അറിയാം. മാക്‌സ്വെല്ലിനെ സംബന്ധിച്ചും ഇങ്ങനെ തന്നെയായിരിക്കുമെന്നും മുന്‍ പാക് ക്യാപ്റ്റന്‍ കൂടിയായ സ്വിങ് ബൗളിങ് വിസ്മയം അഭിപ്രായപ്പെട്ടു.
ഈ സീസണില്‍ വെറും ഒമ്പതു മല്‍സരങ്ങളില്‍ മാത്രമേ മാക്‌സി കളിച്ചിട്ടുള്ളൂ. തുടര്‍ച്ചയായ ഫ്‌ളോപ്പ് ഷോ കാരണം അദ്ദേഹം സ്വയം ചില മല്‍സരങ്ങളില്‍ മാറി നില്‍ക്കുകയായിരുന്നു. 6.50 എന്ന ദയനീയ ശരാശരിയില്‍ വെറും 52 റണ്‍സാണ് സീസണില്‍ മാക്‌സി നേടിയിരിക്കുന്നത്. ഉയര്‍ന്ന സ്‌കോര്‍ 28 റണ്‍സാണ്. മൂന്നു മല്‍സരങ്ങളില്‍ അദ്ദേഹം ഡെക്കായിരുന്നു. ബൗളിങെടുത്താല്‍ വീഴ്ത്തിയതാവട്ടെ ആറു വിക്കറ്റുകള്‍ മാത്രം. 8.06 ആണ് ഇക്കോണമി റേറ്റ്.
ഓസ്‌ട്രേലിയക്കാരെ കുറിച്ച് എനിക്കു നന്നായി അറിയാം, പ്രത്യേകിച്ചും മാക്‌സ്വെല്ലിനെ ശരിക്കുമറിയാം. എത്രയധികം മല്‍സരബുദ്ധിയാണുള്ളതെന്നും വിജയം കൈവരിക്കാന്‍ എത്രമാത്രം അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നും എനിക്കറിയാം. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരേയുള്ള മല്‍സരത്തില്‍ മാക്‌സ്വെല്ലിന്റെ ഇന്നിങ്‌സ് ഓര്‍മയില്ലേ? അന്നു അദ്ദേഹത്തിനു പരിക്കേറ്റിരുന്നു, നടക്കാനുമായില്ല, എന്നിട്ടും ഒറ്റക്കൈ കൊണ്ട് ബാറ്റ് ചെയ്ത് 200 റണ്‍സ് നേടിയിരുന്നതായും അക്രം നിരീക്ഷിച്ചു.

നോക്കൗട്ടിനു തുല്യമായ അവസാനത്തെ ലീഗ് മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഹോംഗ്രൗണ്ടായ ചിന്നസ്വാമിയില്‍ വീഴ്ത്തിയാണ് ആര്‍സിബി തികച്ചും നാടകീയമായി പ്ലേഓഫിലേക്കു ടിക്കറ്റെടുത്തത്. നെറ്റ് റണ്‍റേറ്റില്‍ സിഎസ്‌കെയെ മറികടന്നു പ്ലേഓഫിലെത്താന്‍ 18 റണ്‍സ് മാര്‍ജിനില്‍ ജയം അനിവാര്യമായിരുന്ന ആര്‍സിബി 27 റണ്‍സിന്റെ ജയമാണ് കൈക്കലാക്കിയത്. താനുള്‍പ്പെടെ എല്ലാവരുടെയും പ്രവചനങ്ങളെ തെറ്റാണെന്നു തെളിയിച്ച ആര്‍സിബി ടീമിനെ അക്രം അഭിനന്ദിച്ചു.
ആര്‍സിബിയും ചെന്നൈയും തമ്മിലുള്ള മല്‍സരം ക്വാര്‍ട്ടര്‍ ഫൈനല്‍ പോലെയായിരുന്നു. ഭാഗ്യം കൂടെ നില്‍ക്കുകയും നിങ്ങള്‍ക്കു സ്വയം വിശ്വാസവുമുണ്ടെങ്കില്‍ അസാധ്യമായതു നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് ഇതു കാണിച്ചുതരുന്നത്.
ഇത്തവണ ആര്‍സിബിക്കു പ്ലേഓഫിലേക്കു യോഗ്യത നേടുകയെന്നത് കടുപ്പം മാത്രമല്ല അസാധ്യവുമാണെന്നു ഞാനും നേരത്തേ പറഞ്ഞിട്ടുണ്ട്. പക്ഷെ അവര്‍ എല്ലാവരെയും തെറ്റാണെന്നു തെളിയിച്ചു. അതിശയിപ്പിക്കുന്ന കഥ തന്നെയാണ് ആര്‍സിബിയുടേത്. ചെന്നൈയുമായുള്ള മല്‍സരം ഐപിഎല്ലിന്റെ ചരിത്രത്താളുകളില്‍ എഴുതപ്പെടുമെന്നും അക്രം വിശദമാക്കി.