മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ വരാനിരിക്കെ എല്ലാവരേയും ഞെട്ടിച്ചത് ഹാര്‍ദിക് പാണ്ഡ്യയുടെ കൂടുമാറ്റമാണ്. മുംബൈ ഇന്ത്യന്‍സ് വിട്ട് ഗുജറാത്ത് ടൈറ്റന്‍സിലേക്കെത്തിയ ഹാര്‍ദിക് അരങ്ങേറ്റ സീസണില്‍ ടീമിനെ കപ്പിലേക്കെത്തിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായി പുതിയ സീസണിന് മുന്നോടിയായി മുംബൈയിലേക്ക് അദ്ദേഹം തിരിച്ചെത്തുകയും ചെയ്തിരിക്കുകയാണ്.
തികച്ചും അപ്രതീക്ഷിതമായ നീക്കമാണ് ഹാര്‍ദിക് നടത്തിയതെന്ന് പറയാം. ഗുജറാത്തിന്റെ നായകസ്ഥാനം ഉപേക്ഷിച്ചാണ് ഹാര്‍ദിക് തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ മുംബൈ ഹാര്‍ദിക്കിനെ തിരികെ എത്തിക്കാന്‍ നേരത്തെ തന്നെ പദ്ധതി ഇട്ടിരുന്നോ?. ഇല്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുംബൈ ഗുജറാത്തിനോട് ആവശ്യപ്പെട്ട താരം ഹാര്‍ദിക് അല്ലെന്നും അത് റാഷിദ് ഖാനായിരുന്നുവെന്നുമാണ് മുംബൈ ടീം വൃത്തത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റാഷിദ് ഖാനുവേണ്ടി 16 കോടി രൂപവരെ മുംബൈ നല്‍കാന്‍ തയ്യാറായെന്നും എന്നാല്‍ താരത്തെ വിട്ടുകൊടുക്കാന്‍ ഗുജറാത്ത് തയ്യാറാകാത്തതോടെയാണ് ഇൗ കൂടുമാറ്റം നടക്കാതെ പോയത്. ഇതിന് പിന്നാലെയാണ് ഹാര്‍ദിക്കിലേക്ക് മുംബൈയെത്തിയത്. അവസാന സമയത്ത് ഹാര്‍ദിക്കിനെ വാങ്ങേണ്ട നിലപാടായിരുന്നു മുംബൈക്കുണ്ടായിരുന്നത്. നായകന്‍ രോഹിത് ശര്‍മയും ഇക്കാര്യത്തില്‍ വലിയ താല്‍പര്യം കാട്ടിയിരുന്നില്ല. ഇതോടെ ഹാര്‍ദിക്കിനെ വേണ്ടെന്ന നിലപാടിലേക്ക് ടീം എത്തിയിരുന്നു.
എന്നാല്‍ നിലനിര്‍ത്തല്‍ പ്രഖ്യാപിക്കേണ്ട സമയമായപ്പോഴേക്കും നിര്‍ണ്ണായക നീക്കത്തെക്കുറിച്ചും വീണ്ടും മുംബൈ ആലോചിക്കുകയായിരുന്നു. ആര്‍സിബി കാമറൂണ്‍ ഗ്രീനില്‍ താല്‍പര്യം അറിയിച്ചതും അവസാന സമയത്താണ്. ഇതാണ് ഹാര്‍ദിക്കിനെ സ്വന്തമാക്കാന്‍ മുംബൈക്ക് കരുത്തായത്. ഗ്രീന്‍ മുംബൈയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഹാര്‍ദിക്കിനെ സ്വന്തമാക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ ഗ്രീന്‍ ആര്‍സിബിയിലേക്ക് മാറിയതോടെ ഹാര്‍ദിക്കിനെ ടീമിലേക്ക് തിരിച്ചെത്തിക്കാനായി.

റാഷിദ് ഖാനെ സ്വന്തമാക്കാന്‍ നേരത്തെ മുതല്‍ മുംബൈ ആഗ്രഹിച്ചിരുന്നു. അഫ്ഗാന്‍ താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ചിരുന്ന സമയത്തും അദ്ദേഹത്തിനായി മുംബൈ ശ്രമിച്ചിരുന്നു. ഇക്കാര്യം ഹൈദരാബാദ് പരിശീലകനായിരുന്ന ടോം മൂഡി തുറന്ന് പറയുകയും ചെയ്തിരുന്നു. 2020ല്‍ ശക്തമായ നീക്കങ്ങള്‍ റാഷിദിനായി മുംബൈ നടത്തിയെങ്കിലും ഫലം കണ്ടില്ല.
'നേരത്തെ തന്നെ റാഷിദ് ഖാനെ സ്വന്തമാക്കാന്‍ മുംബൈ ആഗ്രഹിച്ചിരുന്നു. റാഷിദ് ഖാനെ വിട്ടുനല്‍കണമെന്ന് ഹൈദരാബാദിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്നത് നടന്നില്ല. ഐപിഎല്ലില്‍ ഏറ്റവും നന്നായി ട്രേഡ് വിന്റോ ഉപയോഗിക്കുന്ന ടീമാണ് മുംബൈ. ടീം ശക്തിപ്പെടുത്താനും കപ്പിലേക്കെത്താനും ഏത് ടീമിന്റെ വാതില്‍ മുട്ടാനും അവര്‍ തയ്യാറാണ്. ഇത് തുടര്‍ച്ചയായി ചെയ്യുമ്പോള്‍ ടീമുകള്‍ ഒടുവില്‍ വഴങ്ങുന്നതാണ് കാണാനായത്'- മൂഡി പറഞ്ഞു.
റാഷിദ് ഖാനെ മുംബൈ നോട്ടമിട്ടിട്ട് നാളുകളേറെയായി. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ മുംബൈ കേപ് ടൗണ്‍ ടീമിന്റെ ക്യാപ്റ്റന്‍ റാഷിദ് ഖാനാണ്. മേജര്‍ ലീഗ് ക്രിക്കറ്റിലും മുംബൈ ന്യൂയോര്‍ക്ക് ടീമിന്റെ ഭാഗമാണ് റാഷിദ് ഖാന്‍. മുംബൈ എമിറേറ്റ്‌സിനൊപ്പവും റാഷിദ് കളിച്ചിട്ടുണ്ട്. മുംബൈ ടീം മാനേജ്‌മെന്റുമായി അടുത്ത സൗഹൃദം റാഷിദിനുണ്ട്. അതുകൊണ്ടുതന്നെ ഗുജറാത്ത് വിട്ട് മുംബൈയിലേക്കെത്താന്‍ റാഷിദിന് താല്‍പര്യക്കുറവ് ഉണ്ടാവില്ല.
എന്നാല്‍ ഗുജറാത്തിന് ഇപ്പോള്‍ ഈ കൈമാറ്റത്തിന് താല്‍പര്യമില്ല. പക്ഷെ അടുത്ത സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. മുംബൈ റാഷിദിനെ ടീമിലെത്തിക്കാന്‍ ശക്തമായിത്തന്നെ ശ്രമിച്ചേക്കും. മുംബൈയുടെ സൂപ്പര്‍ താരങ്ങളെല്ലാം ടീം വിട്ടതോടെ ടീമിന് ഇപ്പോള്‍ പഴയ മികവ് അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ സൂപ്പര്‍ താരങ്ങളെ കൊണ്ടുവന്ന് ടീമിനെ ശക്തിപ്പെടുത്താനാണ് മുംബൈ ശ്രമിക്കുന്നത്.