മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലേക്ക് കരുത്തുറ്റ താരനിരയുമായെത്തിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. വമ്പന്‍ താരനിരയോടെയെത്തിയിട്ടും ഇത്തവണ പ്ലേ ഓഫില്‍ കടക്കാന്‍ മുംബൈക്ക് സാധിക്കാതെ പോയി. രോഹിത് ശര്‍മയെ അപ്രതീക്ഷിതമായി നായകസ്ഥാനത്ത് നിന്ന് മാറ്റുകയും പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയാണ് മുംബൈ ഈ സീസണില്‍ ഇറങ്ങിയത്. ഗുജറാത്തിനൊപ്പം ഹാര്‍ദിക് നടത്തിയ മാജിക് മുംബൈക്കൊപ്പം ആവര്‍ത്തിക്കാനായില്ല.
ഇത്തവണത്തെ മുംബൈയുടെ പുറത്താകലിന് പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേയാണ് വലിയ വിമര്‍ശനം ഉയര്‍ന്നത്. ഹാര്‍ദിക്കിനെ നായകനാക്കിയത് മുംബൈ ടീമിനുള്ളിലെ ഐക്യത്തെ നശിപ്പിച്ചു. ടീം രണ്ട് തട്ടിലാവുകയും ചെയ്തു. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി രീതി അംഗീകരിച്ച് കൊടുക്കാന്‍ സീനിയര്‍ താരങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ഇത് ടീമിനെ പിന്നോട്ടടിച്ചു. ഹാര്‍ദിക്കിനെതിരേ ആരാധകരുടെ വലിയ പ്രതിഷേധവും ഉണ്ടായി.
ഇപ്പോഴിതാ മുംബൈയുടെ തകര്‍ച്ചയുടെ കാരണം ഹാര്‍ദിക്കല്ലെന്നും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികച്ചതായിരുന്നെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് എബി ഡിവില്ലിയേഴ്‌സ്. 'എക്‌സിലൂടെ ഹാര്‍ദിക്കിനെതിരായ നിരവധി പോസ്റ്റുകള്‍ ഞാന്‍ കണ്ടു. പല തെറ്റായ കാര്യങ്ങളും പ്രചരിപ്പിക്കുന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. ഞാന്‍ നേരത്തെ പറഞ്ഞതേ ഇപ്പോഴും പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഹാര്‍ദിക് പാണ്ഡ്യ കളിച്ച രീതിയേയും നയിച്ച രീതിയേയും ഞാന്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നു.
അവന്‍ സ്വന്തമായി സൃഷ്ടിച്ചെടുത്ത ക്യാപ്റ്റന്‍സി ശൈലിയാണിത്. ബുദ്ധിമാനായ നായകനാണവന്‍. ചില സമയങ്ങളില്‍ മുന്നില്‍ നിന്ന് ആക്രമണോത്സകതയോടെ ടീമിനെ മുന്നോട്ട് കൊണ്ടുപോകേണ്ടതായുണ്ട്. അതാണ് ഹാര്‍ദിക് ചെയ്തത്. അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ക്യാപ്റ്റന്‍സി ശൈലിയല്ല ഹാര്‍ദിക്കിന്റേത്. പ്രത്യേകിച്ച് സീനിയര്‍ താരങ്ങള്‍ക്ക്' ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യ അതിവേഗം റണ്‍സുയര്‍ത്തുന്ന ഓള്‍റൗണ്ടറാണ്.

ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് വിട്ടുവീഴ്ച കാട്ടാറില്ല. ചില സമയങ്ങളില്‍ കടുത്ത തീരുമാനമെടുക്കാനും അദ്ദേഹം മടി കാട്ടാറില്ല. സീനിയര്‍ താരങ്ങളെപ്പോലും ശകാരിക്കാന്‍ ഹാര്‍ദിക് മടികാട്ടില്ല. എന്നാല്‍ ഇതൊന്നും പല സീനിയര്‍ താരങ്ങളും ഉള്‍ക്കൊള്ളില്ല. ഇതാണ് മുംബൈ ടീമിനുള്ളില്‍ സംഭവിച്ചത്. രോഹിത് ശര്‍മ കൈപിടിച്ച് വളര്‍ത്തിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ കിരീടത്തിലേക്കും ടീമിനെ എത്തിച്ചു.
എന്നാല്‍ രോഹിത്തിനോട് ആവശ്യത്തിന് ചര്‍ച്ചകളില്ലാതെയാണ് മുംബൈ അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. രോഹിത് നായകസ്ഥാനം ഒഴിഞ്ഞാല്‍ പിന്നീട് നായകസ്ഥാനത്തേക്കെത്തേണ്ടിയിരുന്നത് സൂര്യകുമാര്‍ യാദവോ ജസ്പ്രീത് ബുംറയോ ആയിരുന്നു. പക്ഷെ ഇവരുടെ മുകളിലൂടെയാണ് ഹാര്‍ദിക്കിനെ അപ്രതീക്ഷിതമായി മുംബൈ ടീമിന്റെ നായകസ്ഥാനത്തേക്കെത്തിച്ചത്. ഇതില്‍ സൂര്യക്കും ബുംറക്കും രോഹിത്തിനും എതിര്‍പ്പുണ്ടായിരുന്നു.
ഹാര്‍ദിക് പാണ്ഡ്യ ആദ്യ മത്സരത്തില്‍ത്തന്നെ രോഹിത് ശര്‍മയെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യിപ്പിച്ചതും വലിയ വിവാദത്തിന് കാരണമായി. രോഹിത്ത് സീനിയര്‍ നായകനായിട്ടും അര്‍ഹിച്ച പിന്തുണയോ ബഹുമാനമോ ഹാര്‍ദിക് നല്‍കിയില്ല. ഹാര്‍ദിക്കിനെ മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ത്തിയത് രോഹിത് ശര്‍മയായിരുന്നു. എന്നാല്‍ രോഹിത്തിനെ അപമാനിക്കുന്ന തരത്തിലാണ് ഹാര്‍ദിക് പെരുമാറിയിരുന്നത്. ഇതോടെ ടീം രണ്ട് തട്ടിലായി.
ഒട്ടുമിക്ക സീനിയര്‍ താരങ്ങളും യുവതാരങ്ങളും രോഹിത്തിനൊപ്പമായിരുന്നു. ഹാര്‍ദിക്കിന്റെ നിര്‍ദേശങ്ങള്‍ കളത്തിനുള്ളില്‍ത്തന്നെ പരസ്യമായി നിരസിക്കുന്ന സാഹചര്യംപോലും ഉണ്ടായി. എന്നാല്‍ ടീം മാനേജ്‌മെന്റ് ഹാര്‍ദിക്കിലാണ് ഭാവി കാണുന്നത്.
മെഗാ ലേലത്തിന് മുമ്പ് ഉടക്കി നില്‍ക്കുന്ന സീനിയര്‍ താരങ്ങളെ ഒഴിവാക്കി ഹാര്‍ദിക്കിന് കീഴില്‍ മികച്ച യുവതാരനിരയെ വളര്‍ത്താനാവും മുംബൈ അടുത്ത തവണ ശ്രമിക്കുക. രോഹിത് ശര്‍മ മുംബൈ വിടുമെന്ന കാര്യം ഉറപ്പാണ്. ഹാര്‍ദിക്കിന് കീഴില്‍ മുംബൈ അടുത്ത സീസണില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കാം.