മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കരുത്തരായ ആര്‍സിബിയും ഏറ്റുമുട്ടും. മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം ഗുജറാത്ത് ടൈറ്റന്‍സിനെതിരേയാണ്. ആരാധകര്‍ കാത്തിരിക്കുന്ന സൂപ്പര്‍ പോരാട്ടമാണിത്. ഇന്ന് ഔദ്യോഗികമായി ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ പുറത്തുവന്നിരിക്കുകയാണ്. ഇത്തവണത്തെ സീസണിന് മുമ്പ് മുംബൈ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
പകരം ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ തിരികെ എത്തിച്ച് നായകസ്ഥാനം നല്‍കി. ഇതില്‍ മുംബൈ ടീമിനുള്ളില്‍ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നതാണ്. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെയെല്ലാം പൂര്‍ണ്ണമായും തഴഞ്ഞാണ് ഹാര്‍ദിക്കിലേക്ക് നായക പദവി എത്തിയത്. കൂടാതെ രോഹിത്തിനോട് ചോദിക്കാതെയാണ് മുംബൈ ഇത്തരമൊരു തീരുമാനം എടുത്തതെന്ന അഭ്യൂഹവും ശക്തമാണ്.

അതുകൊണ്ടുതന്നെ ഈ സീസണിന് മുമ്പ് തന്നെ രോഹിത് മുംബൈ ഇന്ത്യന്‍സ് വിടുമെന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കോ ഡല്‍ഹി ക്യാപിറ്റല്‍സിലേക്കോ പോകുമെന്നുമുള്ള റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക ഷെഡ്യൂള്‍ പുറത്തായതിന് പിന്നാലെ ട്രേഡ് വിന്റോയും പൂട്ടിയിരിക്കുകയാണ്. ഇതോടെ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് വിടാന്‍ രോഹിത്തിന് സാധിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ ഹാര്‍ദിക്കിന് കീഴില്‍ രോഹിത്തിന് കളിക്കേണ്ടി വരും.
രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ് ഹാര്‍ദിക് പാണ്ഡ്യ. ഇപ്പോള്‍ രോഹിത്തിനെ നയിക്കുന്ന നിലയിലേക്ക് വളരാന്‍ ഹാര്‍ദിക്കിനായിരിക്കുകയാണ്. 2020മുതലുള്ള ഐപിഎല്ലിലെ കണക്ക് പരിശോധിക്കുമ്പോള്‍ രോഹിത്തിന്റെ ബാറ്റിങ് പ്രകടനത്തിന്റെ ഗ്രാഫ് താഴോട്ടാണുള്ളത്. അതുകൊണ്ടുതന്നെ വരുന്ന സീസണ്‍ രോഹിത്തിന് നിര്‍ണ്ണായകമാണ്. ഇത്രയും നാള്‍ നായകനെന്ന ആനുകൂല്യം രോഹിത്തിനുണ്ടായിരുന്നു.
എന്നാല്‍ ഇത്തവണ ഈ മുന്‍തൂക്കം രോഹിത്തിനില്ല. അതുകൊണ്ടുതന്നെ മോശം പ്രകടനം നടത്തി രോഹിത് പ്ലേയിങ് 11ന് പുറത്താവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈ സീസണിന് ശേഷം മെഗാ താരലേലമാണ് നടക്കാന്‍ പോവുന്നത്. രോഹിത്തിന് വലിയ പ്രതിഫലം ലഭിക്കണമെങ്കില്‍ പ്രകടനം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരം ഫോമിലാണ്. അഫ്ഗാനെതിരായ ടി20യില്‍ സെഞ്ച്വറി നേടിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും സെഞ്ച്വറിയടക്കം നേടി രോഹിത് കസറുകയാണ്. ഈ മികവ് ഐപിഎല്ലിലും ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണ ഹാര്‍ദിക്കിന് കീഴില്‍ മുംബൈക്ക് കിരീടം നേടാനായാല്‍ രോഹിത് ശര്‍മക്കത് വലിയ നാണക്കേടായിരിക്കും. ഹാര്‍ദിക്കും ക്രുണാലും ടീം വിട്ടതോടെ മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവം മുംബൈയെ വേട്ടയാടുന്നുണ്ട്. എന്നാല്‍ ഹാര്‍ദിക് മടങ്ങിയെത്തിയതോടെ ടീം ശക്തമായി.
ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും മുംബൈ കരുത്തരായിട്ടുണ്ട്. ജസ്പ്രീത് ബുംറ, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, ദില്‍ഷന്‍ മധുശന്‍ക, ആകാശ് മധ്‌വാള്‍ എന്നിവരെല്ലാം മുംബൈയുടെ പേസ് നിരയില്‍ കരുത്ത് പകരുന്നു. ഇത്തവണ മുംബൈ കപ്പിലേക്കെത്താനുള്ള എല്ലാ സാധ്യതകളുമുണ്ട്. നിലവില്‍ സിഎസ്‌കെയും മുംബൈ ഇന്ത്യന്‍സും അഞ്ച് തവണ വീതം കപ്പിലേക്കെത്തി കിരീട നേട്ടങ്ങളില്‍ ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ ഇത്തവണ കപ്പിലേക്കെത്തി മുന്നിലെത്താന്‍ ഇരു ടീമും തമ്മില്‍ ശക്തമായ പോരാട്ടം ഉറപ്പാണ്.
രോഹിത് ശര്‍മ ഈ സീസണില്‍ മുംബൈയില്‍ തുടര്‍ന്നാലും അടുത്ത സീസണില്‍ ടീം വിടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. കെകെആറിലേക്കോ ഡല്‍ഹിയിലേക്കോ രോഹിത് ശര്‍മ കൂടുമാറാനുള്ള സാധ്യതയാണ് കൂടുതല്‍. ആര്‍സിബിയിലേക്ക് രോഹിത് ശര്‍മ എത്തണമെന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്. രോഹിത്തിന് വലിയ പ്രതിഫലം നല്‍കാന്‍ ആര് തയ്യാറാവുമെന്നതാണ് കണ്ടറിയേണ്ടത്.