ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ വമ്പനടിക്കാരനായ ശിവം ദുബെ തീര്‍ച്ചയായും വേണമെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പേസര്‍ വെങ്കടേഷ് പ്രസാദ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അദ്ദേഹം ഒരിക്കല്‍ക്കൂടി മിന്നിച്ചതോടെയാണ് പ്രസാദ് പിന്തുണയുമായി രംഗത്തുവന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ദുബെ 18 ബോളില്‍ നിന്നും മൂന്നു സിക്‌സറും ഒരു ഫോറുമടക്കം 28 റണ്‍സ് അടിച്ചെടുത്തിരുന്നു.
സിഎസ്‌കെയ്ക്കായി ഈ സീസണില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തത് ദുബെയാണ്. അഞ്ചിന്നിങ്‌സുകളില്‍ നിന്നും 44 ശരാശരിയില്‍ 160 സ്‌ട്രൈക്ക് റേറ്റേില്‍ 176 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു ഫിഫ്റ്റിയുള്‍പ്പെടെയാണിത്. സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയെപ്പോലും തഴഞ്ഞാണ് ദുബെ ലോകകപ്പില്‍ ഉറപ്പായും വേണമെന്നു പ്രസാദ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

എക്‌സിലൂടെയണ് ദുബെയെ പ്രസാദ് ലോകകപ്പ് സ്‌ക്വാഡിലേക്കു നിര്‍ദേശിച്ചിരിക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരേയുള്ള സ്‌ട്രൈക്കിങ് ശേഷിയുടെ പേരില്‍ ശിവം ദുബെ വേണം. അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച ബാറ്ററായതിനാല്‍ സൂര്യയും അസാധാരണമായ ഫിനിഷിങ് പാടവമുള്ളതിാല്‍ റിങ്കു സിങും ആവശ്യമാണ്.
ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ഇലവനില്‍ ഈ മൂന്നു പേരെ ഉള്‍ക്കൊള്ളിക്കാന്‍ ഇന്ത്യ വഴി കണ്ടെത്തിയാല്‍ അതു വലിയ കാര്യമായിരിക്കും. വിരാടും രോഹിത്തും കൂടിയുള്ളതിനാല്‍ പിന്നീട് ഒരേയൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്കു കൂടി മാത്രമേ ഇടമുണ്ടാവുകയുള്ളൂ. എങ്ങനെയാണ് കാര്യങ്ങള്‍ വരുന്നതെന്നു കാണാന്‍ താല്‍പര്യത്തോടെ കാത്തിരിക്കുകയാണ് എന്നായിരുന്നു എക്‌സില്‍ പ്രസാദ് കുറിച്ചത്.
മുംബൈ ഇന്ത്യന്‍സിന്റെ പുതിയ നായകനായ ഹാര്‍ദിക്കിന്റെ ഈ സീസണിലെ പ്രകടനം അത്ര ആശാവഹമല്ല. നാലു മല്‍സരങ്ങളില്‍ നിന്നും 27 ശരാശരിയില്‍ 138.46 സ്‌ട്രൈക്ക് റേറ്റില്‍ 108 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 39 റണ്‍സാണ്. ബൗളിങിലാവട്ടെ രണ്ടു മല്‍സരങ്ങളില്‍ പന്തെറിഞ്ഞ ഹാര്‍ദിക് ഒരു വിക്കറ്റെടുക്കുകയും ചെയ്തു.
അതേസമയം, 2022ലെ ലേലത്തില്‍ സിഎസ്‌കെയിലെത്തിയതു മുതല്‍ മാരക ഫോമിലാണ് ദുബെ. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ് ടീമുള്‍ക്കൊപ്പം നേരത്തേ തന്റെ കഴിവ് പൂര്‍ണമായി പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല. എന്നാല്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ സിഎസ്‌കെയില്‍ കളിക്കാന്‍ ആരംഭിച്ചതോടെ ദുബെ മാച്ച് വിന്നറായി മാറുകയായിരുന്നു.

മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ ആഞ്ഞടിക്കാനുള്ള മിടുക്കാണ് അദ്ദേഹത്തെ അപകടകാരിയാക്കുന്നത്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയ്ക്കായി 158 സ്‌ട്രൈക്ക് റേറ്റില്‍ 418 റണ്‍സ് ദുബെ അടിച്ചെടുത്തിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരേയുള്ള വെടിക്കെട്ട് മാത്രമല്ല പേസര്‍മാര്‍ക്കെതിരേയും അദ്ദേഹത്തിന്റെ ബാറ്റിങ് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ മീഡിയം പേസറായി ബൗളിങിലും ദുബെയെ ഉപയോഗിക്കാന്‍ ഇന്ത്യക്കു സാധിക്കും.
വിരാട് കോലി ക്യാപ്റ്റനായിരിക്കെ ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ അരങ്ങേറിയ താരമാണ് ദുബെ. പക്ഷെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹത്തിനു ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയൊരു ഭാവിയുണ്ടാവില്ലെന്നു ഉറപ്പിച്ചിരിക്കെയാണ് ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം ദുബെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. നിലവിലെ ഫോമില്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ തീര്‍ച്ചയായും അദ്ദേഹത്തിനു സ്ഥാനം പ്രതീക്ഷിക്കാം. ഈ മാസം ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുകയും ചെയ്യും.