കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ആദ്യം പ്ലേ ഓഫിലെത്തുന്ന ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തോല്‍പ്പിച്ചാണ് കെകെആര്‍ പ്ലേ ഓഫ് സീറ്റ് നേടിയത്. മഴമൂലം 16 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 7 വിക്കറ്റിന് 157 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് 8 വിക്കറ്റിന് 139 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മുംബൈയ തകര്‍ത്തത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന കെകെആറിന്റെ തുടക്കം പിഴച്ചു. ഈ സീസണിലെ കെകെആറിന്റെ കുതിപ്പിന് അടിത്തറ പാകിയത് ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു. എന്നാല്‍ മുംബൈക്കെതിരേ ഈ മികവ് ആവര്‍ത്തിക്കാനായില്ല. ആദ്യ ഓവറില്‍ത്തന്നെ ഫില്‍ സാള്‍ട്ട് (6) പുറത്തായി. നുവാന്‍ തുഷാരയുടെ ആദ്യ പന്ത് സിക്‌സര്‍ പറത്തി സാള്‍ട്ട് പ്രതീക്ഷ നല്‍കി. എന്നാല്‍ ശക്തമായി തിരിച്ചെത്തിയ തുഷാര മൂന്ന് പന്തുകള്‍ ഡോട്ട്‌ബോളാക്കി ഫില്ലിനെ സമ്മര്‍ദ്ദത്തിലാക്കി.
ഇതോടെ സിക്‌സറിന് ശ്രമിക്കാന്‍ നിര്‍ബന്ധിതനായ ഫില്ലിന്റെ ടൈമിങ് പിഴച്ചു. അന്‍ഷുല്‍ കാംബോജിന്റെ മികച്ച ക്യാച്ചിലാണ് ഫില്‍ മടങ്ങിയത്. സുനില്‍ നരെയ്‌ന്റെ വെടിക്കെട്ടില്‍ കെകെആറില്‍ പ്രതീക്ഷവെച്ചിരുന്നു. എന്നാല്‍ രണ്ടാം ഓവര്‍ എറിയാനെത്തിയ ജസ്പ്രീത് ബുംറ ആദ്യ പന്തില്‍ത്തന്നെ നരെയ്‌നെ മടക്കി. പന്ത് പുറത്തേക്കാണെന്ന് കരുതി ലീവ് ചെയ്ത നരെയ്‌ന് പിഴച്ചു. ബുംറയുടെ സ്വിങ്ങിങ് യോര്‍ക്കര്‍ സ്റ്റംപിലേക്കായിരുന്നു. ഇതോടെ നരെയ്‌ന് ഗോള്‍ഡന്‍ ഡെക്കായി പുറത്താവേണ്ടി വന്നു.
നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ക്ക് ഒന്നും ചെയ്യാനായില്ല. 10 പന്ത് നേരിട്ട താരം 7 റണ്‍സ് നേടി പുറത്തായി. കാംബോജിനെ ഓഫ് സ്റ്റംപിലേക്ക് കയറി ലെഗ് സൈഡിലേക്ക് കളിക്കാനുള്ള ശ്രേയസിന്റെ ശ്രമം പാളി. ഇതോടെ ലെഗ് സ്റ്റംപ് തെറിച്ചു. വെങ്കടേഷ് അയ്യര്‍ വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. 21 പന്തില്‍ 42 റണ്‍സെടുത്ത വെങ്കടേഷിനെ പീയൂഷ് ചൗളയാണ് മടക്കിയത്. 6 ഫോറും 2സിക്‌സുമാണ് വെങ്കടേഷ് നേടിയത്.

നിധീഷ് റാണ നിലയുറപ്പിച്ച് റണ്‍സുയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ നിര്‍ഭാഗ്യം വേട്ടയാടി. 23 പന്തില്‍ 33 റണ്‍സെടുത്ത നിധീഷിനെ തിലക് വര്‍മ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കി. 4 ഫോറും 1 സിക്‌സുമാണ് നിധീഷ് നേടിയത്. ആന്‍ഡ്രേ റസലിനും വലിയ സ്‌കോര്‍ നേടാനായില്ല.
14 പന്തില്‍ 2 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 24 റണ്‍സ് നേടിയ റസലിനെ പീയൂഷ് ചൗള മടക്കി. കാംബോജിനാണ് ക്യാച്ച്. 12 പന്തില്‍ 20 റണ്‍സെടുത്ത റിങ്കു സിങ്ങിനെ അവസാന ഓവറില്‍ ബുംറ പുറത്താക്കി.
രമന്‍ദീപ് സിങ് 8 പന്തില്‍ 17 റണ്‍സോടെ പുറത്താവാതെ നിന്നു. മിച്ചല്‍ സ്റ്റാര്‍ക്കും (2) ക്രീസില്‍ തുടര്‍ന്നു. ഇതോടെ 16 ഓവറില്‍ 7ന് 157 എന്ന സ്‌കോറിലേക്കെത്താന്‍ കെകെആറിനായി.
മറുപടിക്കിറങ്ങിയ മുംബൈക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഒന്നാം വിക്കറ്റില്‍ 65 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം ഇഷാന്‍ കിഷന്‍ മടങ്ങി. 22 പന്തില്‍ 5 ഫോറും 2 സിക്‌സുമുള്‍പ്പെടെ 40 റണ്‍സ് നേടിയ ഇഷാനെ സുനില്‍ നരെയ്‌നാണ് പുറത്താക്കിയത്. രോഹിത് ശര്‍മ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് നടത്തിയത്. 24 പന്തില്‍ 19 റണ്‍സ് നേടിയ രോഹിത്തിനെ വരുണ്‍ ചക്രവര്‍ത്തി മടക്കി.
പിന്നീട് തുടര്‍ച്ചയായി മുംബൈക്ക് വിക്കറ്റ് നഷ്ടമായി. സൂര്യകുമാര്‍ യാദവിനെ (14 പന്തില്‍ 11) റസല്‍ മടക്കിയപ്പോള്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ (2) വരുണ്‍ പുറത്താക്കി. വമ്പനടിക്കാരന്‍ ടിം ഡേവിഡിനെ (3 പന്തില്‍ 0) അക്കൗണ്ട് തുറക്കും മുമ്പ് റസല്‍ മടക്കി അയച്ചു.
ഇതോടെ 92ന് 5 എന്ന നിലയിലേക്ക് മുംബൈ തകര്‍ന്നു. നിഹാല്‍ വദേര (2) റണ്ണൗട്ടുമായി. നമാന്‍ ദിര്‍ 6 പന്തില്‍ 17 റണ്‍സോടെ പൊരുതി നോക്കി. എന്നാല്‍ ഹര്‍ഷിത് റാണ മടക്കിയതോടെ മുംബൈ തോല്‍വി ഉറപ്പിച്ചു. തിലക് വര്‍മ 17 പന്തില്‍ 32 റണ്‍സെടുത്തു.
പ്ലേയിങ് 11- മുംബൈ - ഇഷാന്‍ കിഷന്‍ (wc), നിഹാല്‍ വദേര, നമാന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (c), ടിം ഡേവിഡ്, അന്‍ഷുല്‍ കാംബോജ്, പീയൂഷ് ചൗള, ജസ്പ്രീത് ബുംറ, നുവാന്‍ തുഷാര
കെകെആര്‍- ഫില്‍ സാള്‍ട്ട് (wc), സുനില്‍ നരെയ്ന്‍, നിതീഷ് റാണ, ആന്‍ഡ്രേ റസല്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍ (c), രമന്‍ദീപ് സിങ്, വെങ്കടേഷ് അയ്യര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി