For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സര്‍ഫറാസിന്റെ വഴിയെ മുഷീറും, പിതാവ് നല്‍കിയത് ഈ ഉപദേശം, മനസ്സ് തുറന്ന് മുംബൈ ഹീറോ

ഇന്ത്യന്‍ ക്രിക്കറ്റില്‍ അടുത്തിടെ അരങ്ങേറുകയും കന്നി പരമ്പരയില്‍ തന്നെ കൈയടി നേടുകയും ചെയ്ത സര്‍ഫറാസ് ഖാന്റെ വഴിയെ ദേശീയ ടീമിന്റെ കുപ്പായം സ്വപ്‌നം കാണുകയാണ് ഇളയ സഹോദരന്‍ മുഷീര്‍ ഖാന്‍. സര്‍ഫറാസിനെപ്പോലെ ഇത്തവണത്തെ ഐപിഎല്ലില്‍ മുഷീറിനും ഒരു ടീമിന്റെയും ഭാഗമാവാന്‍ സാധിച്ചിട്ടില്ല. ഐപിഎല്ലിന്റ ഭാഗമാവാതിരുന്നപ്പോള്‍ പിതാവ് നല്‍കിയ ഉപദേശം എന്തായിരുന്നുവെന്നു താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

സമാപിച്ച രഞ്ജി ട്രോഫിയില്‍ മുംബൈയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ മുഷീറിനായിരുന്നു. വിദര്‍ഭയെ തകര്‍ത്ത് മുംബൈ 42ാമത് രഞ്ജി ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹമാണ്. രണ്ടാമിന്നിങ്‌സില്‍ 136 റണ്‍സ് അടിച്ചെടുത്താണ് മുഷീര്‍ മുംബൈയുടെ വിജയശില്‍പ്പിയായി മാറിയത്. നേരത്തേ തമിഴ്‌നാടുമായുള്ള സെമി ഫൈനലില്‍ ഫിഫ്റ്റി കുറിക്കാനും യുവതാരത്തിനായിരുന്നു.

MUSHEER KHAN

ഐപിഎല്ലില്‍ ഇത്തവണ അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിക്കാതിരുന്നതില്‍ നിരാശയില്ലെന്നു 19 കാരനായ മുഷീര്‍ വ്യക്തമാക്കി. എന്റെ പേര് ഇത്തവണത്തെ ഐപിഎല്ലില്‍ ഇല്ല. പക്ഷെ എനിക്കു അതില്‍ നിരാശയൊന്നുമില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാനും ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കാനുമാണ് പിതാവ് എന്നോടു ഉപദേശിച്ചത്. ഐപിഎല്‍ സ്വാഭാവികമായി തന്നെ സംഭവിക്കുകയും ചെയ്യും. ഇന്നു അല്ലെങ്കില്‍ നാളെ അതുണ്ടാവുമെന്നും ഓള്‍റൗണ്ടര്‍ കൂടിയായ താരം വ്യക്തമാക്കി.

ഐപിഎല്ലിനു വേണ്ടി തയ്യാറെടുക്കാന്‍ എനിക്കു ഒരു വര്‍ഷം കൂടി ലഭിച്ചത് നല്ല കാര്യമാണ്. ടി20 ക്രിക്കറ്റിനെ കൂടുതല്‍ മനസ്സിലാക്കാന് എനിക്കു സാധിക്കും. ഈ ഫോര്‍മാറ്റിനു വേണ്ടി എങ്ങനെ തയ്യാറെടുക്കണമെന്നതിനെക്കുറിച്ചും മനസ്സിലാക്കാന്‍ കഴിയുമെന്നും മുഷീര്‍ പറയുന്നു. വലംകൈയന്‍ ബാറ്ററായ താരം വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ഇടംകൈയന്‍ സ്പിന്നറും കൂടിയാണ്.

പരിക്കു കാരണം ശ്രേയസ് അയ്യര്‍ രഞ്ജിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്നും പിന്‍മാറിയതോടെയാണ് മുഷീറിനു രഞ്ജിയില്‍ മുംബൈ ടീമിലേക്കു വിളിയെത്തിയത്. 2022നു ശേഷം താരം കളിച്ച ആദ്യത്തെ ഫസ്റ്റ് ക്ലാസ് മല്‍സരം കൂടിയായിരുന്നു ഇത്. ലഭിച്ച അവസരം മുഷീര്‍ ഇത്തവണ ശരിക്കും മുതലാക്കുകയും ചെയ്തു. ക്വാര്‍ട്ടറില്‍ കന്നി ഫസ്റ്റ് ക്ലാസ് സെഞ്ച്വറി ആഘോഷിച്ച താരം അതു ഡബിള്‍ സെഞ്ച്വറിയാക്കി മാറ്റിയെടുക്കുകയും ചെയ്തു. അതിനു ശേഷം സെമി, ഫൈനല്‍ എന്നിവയിലും മുഷീര്‍ കസറി.

ഇംഗ്ലണ്ടുമായി സമാപിച്ച അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തിലൂടെയായിരുന്നു മുഷീറിന്റെ മൂത്ത സഹോദരനായ സര്‍ഫറാസിന്റെ ഇന്ത്യന്‍ അരങ്ങേറ്റം. ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളോളം റണ്‍സ് വാരിക്കൂട്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരുന്നിട്ടും നിരന്തരം തഴയപ്പെട്ട സര്‍ഫറാസിനു ഇത്തനണ സമയം തെളിയുകയായിരുന്നു. കന്നി ടെസ്റ്റിലെ രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവ് സര്‍ഫറാസ് ആഘോഷിച്ചത്.

MUSHEER SARFARAZ

ജ്യേഷ്ഠനായ സര്‍ഫറാസില്‍ നിന്നാണ് താന്‍ പ്രചോദനമുള്‍ക്കൊണ്ടിട്ടുള്ളതെന്നാണ് മുഷീറിന്റെ വാക്കുകള്‍. എന്റെ സഹോദരനില്‍ നിന്നും എനിക്കു വളരെയധികം പ്രചോദനം ലഭിച്ചിട്ടുണ്ട്. അവന്റെ അര്‍പ്പണബോധവും ബാറ്റ് ചെയ്യുന്ന രീതിയുമാണ് ഇതിന്റെ കാരണം.

ഞങ്ങള്‍ രണ്ടു പേരുടെയും ബാറ്റിങ് ശൈലി ഒരുപോലെയാണ്. ഒരു സാധാരണ മല്‍സരം പോലെ ഈ കളിയെ കണ്ടാല്‍ മതിയെന്നായിരുന്നു ഇത്തവണ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി ഇറങ്ങുന്നതിനു മുമ്പ് സര്‍ഫറാസ് എന്നോടു പറഞ്ഞത്. ഒരുപാട് സമ്മര്‍ദ്ദത്തിലേക്കു വീഴരുതെന്നും ആവശ്യപ്പെട്ടു.

പുറമെ നിന്നും ഇതൊരു സാധാരണ മല്‍സരമായി തോന്നാം. പക്ഷെ ഫീല്‍ഡില്‍ ഇങ്ങനെയല്ല. ഫീല്‍ഡില്‍ തീര്‍ച്ചയായും ഞങ്ങള്‍ക്കു സമ്മര്‍ദ്ദം അനുഭവപ്പെടാറുണ്ട്. സ്വന്തം കഴിവുകളില്‍ പൂര്‍ണമായി വിശ്വസിക്കൂയെന്നും ഇതു വരെ ചെയ്തുപോന്ന കാര്യങ്ങള്‍ തന്നെ പിന്തുടരൂയെന്നുമാണ് സര്‍ഫറാസ് പറഞ്ഞതെന്നും മുഷീര്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷമാദ്യം നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിലെ ടോപ്‌സ്‌കോററും കൂടിയാണ് താരം. രണ്ടു സെഞ്ച്വറികള്‍ കുറിച്ച മുഷീര്‍ ഇന്ത്യയെ റണ്ണറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.

Story first published: Saturday, March 16, 2024, 10:18 [IST]
Other articles published on Mar 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+