Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈയ്ക്കു മതിയായി ? അടുത്ത കളിയില്‍ രോഹിത് ക്യാപ്റ്റനായേക്കും! സര്‍പ്രൈസ് നീക്കം

ഐപിഎല്ലില്‍ മോശം സമയത്തിലുടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന മുംബൈ ഇന്ത്യന്‍സിനു ഇനിയൊരു തിരിച്ചുവരവ് സാധ്യമാണോ? ആരാധകര്‍ മുഴുവന്‍ ആശങ്കയോടെ ഉറ്റുനോക്കുന്ന കാര്യമാണിത്. ഹാട്രിക് പരാജയങ്ങളേറ്റു വാങ്ങിയ മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു വീണിരിക്കുകയാണ്. ഇതിനു മുമ്പ് ഒരിക്കല്‍ മാത്രമേ മുംബൈയ്ക്കു ഒരു സീസണില്‍ അവസാന സ്ഥാനക്കാരാവേണ്ടി വന്നിട്ടുള്ളൂ. 2022ലായിരുന്നു ഇത്.

സമാനമായൊരു ദുരന്തം ഇത്തവണയും നേരിടേണ്ടി വരുമോയെന്ന ഭീതി അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈയ്ക്കുണ്ട്. രോഹിത് ശര്‍മയെ പുറത്താക്കി പകരം ഹാര്‍ദിക്കിനെ ഈ സീസണില്‍ ക്യാപ്റ്റനാക്കിയതോടെ മുംബൈ ക്യാംപില്‍ എല്ലാം താറുമാറായിരിക്കുകയാണ്. കളിക്കാര്‍ക്കിടയിലെ ഭിന്നിപ്പും ടീമിന്റെ മോശം പ്രകടനത്തിനു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്നു മുംബൈ ടീം മാനേജ്‌മെന്റ് ചില നിര്‍ണായക തീരുമാനങ്ങള്‍ ഈയാഴ്ച സ്വീകരിച്ചേക്കുമെന്നാണ് വിവരം.

ROHIT- HARDIK

ഞായറാഴ്ച ഹോംഗ്രൗണ്ടായ വാംഖഡെയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായിട്ടാണ് മുംബൈയുടെ അടുത്ത പോരാട്ടം. ഈ മല്‍സരത്തിനു മുമ്പ് ഹാര്‍ദിക്കിനെ മാറ്റി പകരം രോഹിത്തിനെ വീണ്ടും നായകസ്ഥാനമേല്‍പ്പിക്കാനുള്ള നീക്കം മുംബൈ ക്യാംപില്‍ നടക്കുന്നുണ്ടെന്നാണ് അണിയറയിലെ സംസാരം. നിലവില്‍ മുംബൈ ടീം ഐപിഎല്ലിനിടെ ചെറിയൊരു ബ്രേക്കിലാണ്. ഡിസിക്കെതിരായ അടുത്ത മല്‍സരത്തിനു മുമ്പ് ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് രോഹിത്തുമായി മുംബൈ ടീം മാനേജ്‌മെന്റ് ചര്‍ച്ച നടത്തുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മുംബൈയുടെ ഈ ഓഫര്‍ രോഹിത് അംഗീകരിക്കുമോയെന്നാണ് അറിയാനുള്ളത്. നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഹിറ്റ്മാന്‍ നോ പറയാന്‍ തന്നെയാണ് സാധ്യത. തീര്‍ത്തും ഏകപക്ഷീയമായി ക്യാപ്റ്റന്‍സിയില്‍ നിന്നും തന്നെ പുറത്താക്കിയതിലുള്ള അമര്‍ഷവും നിരാശയുമെല്ലാം അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ വീണ്ടുമൊരിക്കല്‍ക്കൂടി ക്യാപ്റ്റന്‍സി വാഗ്ദാനം ചെയ്യപ്പെട്ടാല്‍ രോഹിത് അതു സ്വീകരിക്കാന്‍ സാധ്യത തീരെ കുറവാണ്.

ഈ സീസണിനു ശേഷം മുംബൈ വിടാന്‍ തന്നെയാണ് രോഹിത്ത് തീരുമാനിച്ചിട്ടുള്ളതെന്നാണ് വ്യക്തമാവുന്നത്. സീസണിനു ശേഷം മെഗാ താരലേലം നടക്കാനിരിക്കുന്നതിനാല്‍ മുംബൈയ്ക്കു നാലു പേരെ മാത്രമേ ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. അക്കൂട്ടത്തില്‍ രോഹിത് ഉണ്ടാവാന്‍ സാധ്യതയുമില്ല. അങ്ങനെയെങ്കില്‍ അടുത്ത സീസണില്‍ പുതിയൊരു ഫ്രാഞ്ചൈസിക്കൊപ്പമായിരിക്കും അദ്ദേഹത്തെ കാണാന്‍ സാധിക്കുക. ഡല്‍ഹി ക്യാപ്പിറ്റല്‍സുള്‍പ്പെടെയുള്ള ടീമുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേര് ഇതിനകം വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു.

ROHIT HARDIK

ഈയാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ രോഹിത് ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പിന്നെയെന്ത് എന്നതാണ് മുംബൈ ടീം മാനേജ്‌മെന്റിനെ കുഴപ്പിക്കുന്ന കാര്യം. രോഹിത്ത് തയ്യാറായില്ലെങ്കില്‍ ടീമിനും ആരാധകര്‍ക്കും കൂടുതല്‍ സ്വീകാര്യനായ മറ്റൊരു താരത്തെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാന്‍ മുംബൈ നിര്‍ബന്ധിതരായി തീരും.

രോഹിത് കഴിഞ്ഞാല്‍ ടീമിലെ മറ്റു സീനിയര്‍ കളിക്കാര്‍ സൂപ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുമാണ്. കഴിഞ്ഞ സീസണ്‍ വരെ മുംബൈയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു സ്‌കൈ. പൂര്‍ണ ഫിറ്റല്ലാത്തതു കാരണം ഇത്തവണ ആദ്യത്തെ മൂന്നു മല്‍സരങ്ങളും നഷ്ടമായ അദ്ദേഹം ഡിസിയുമായുള്ള അടുത്ത കളിയിലൂടെ ടീമില്‍ മടങ്ങിയെത്തുകയാണ്.

ഹാര്‍ദിക്കിനു പകരം ആരെയും ക്യാപ്റ്റനായി സ്വീകരിക്കാന്‍ മുംബൈ ആരാധകര്‍ തയ്യാറാണ്. രോഹിത്തിനു താല്‍പ്പര്യമില്ലെങ്കില്‍ സൂര്യയോ, ബുംറയോ സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ മുംബൈയെ നയിച്ചേക്കും. ഇത്തരമൊരു സര്‍പ്രൈസ് തീരുമാനമുണ്ടാവുമോയെന്നു കാത്തിരുന്നു തന്നെ കാണണം.

Story first published: Thursday, April 4, 2024, 11:29 [IST]
Other articles published on Apr 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+