Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: വാംഖഡെയിലും നാണംകെട്ടു, മുംബൈ പുറത്ത്! കെകെആറിന്റെ കുതിപ്പ്

മുംബൈ: തുടര്‍ച്ചയായ നാലാം തോല്‍വിയോടെ ഐപിഎല്ലില്‍ ഇത്തവണ പ്ലേഓഫ് കാണാതെ പുറത്തായ ആദ്യത്തെ ടീമായി മാറിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. ഹോംഗ്രൗണ്ടായ വാംഖഡെയിലെ സ്വന്തം ആരാധകകര്‍ക്കു മുന്നിലും മുംബൈയ്ക്കു നാണംംകെടേണ്ടി വന്നു. കൊല്‍ത്ത നൈറ്റ്‌റൈഡേഴ്‌സിനോടു 24 റണ്‍സിന്റെ തോല്‍വിയാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും ഏറ്റുവാങ്ങിയത്. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വാംഖഡെയില്‍ മുംബൈയ്‌ക്കെതിരേ കെകെആര്‍ വിജയക്കൊടി പാറിച്ചത്.

റണ്‍ചേസ് എളുപ്പമായിരുന്ന വാംഖഡെയില്‍ 170 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈയ്ക്കു കെകെആര്‍ നല്‍കിയത്. ശക്തമായ ബാറ്റിങ് നിരയുള്ള മുംബൈ ഇതു അനായാസം മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത കെകെആര്‍ 18.5 ഓവറില്‍ 145 റണ്‍സിനു മുംബൈയെ എറിഞ്ഞിട്ടു. 11 മല്‍സരങ്ങളില്‍ നിന്നും മുംബൈയുടെ എട്ടാം പരാജയമാണിത്. ശേഷിച്ച മൂന്നു കളി ജയിച്ചാലും മുംബൈ ഇനി പ്ലേഓഫ് കാണില്ല.

KKR

ചേസില്‍ സൂര്യകുമാര്‍ യാദവൊഴികെ (56) മറ്റാരും തന്നെ മുംബൈയ്ക്കായി ബാറ്റിങില്‍ പിടിച്ചുനിന്നില്ല. 35 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ഫോറും രണ്ടു സിക്‌സറുമടിച്ചു. വാലറ്റത്ത് ടിം ഡേവിഡിന്റെ (24) പോരാട്ടം തോല്‍വിയുടെ ആഘാതം കുറയ്ക്കുകയായിരുന്നു. മറ്റാരും തന്നെ മുംബൈ നിരയില്‍ 14 റണ്‍സ് പോലുമെടുത്തില്ല. നാലു വിക്കറ്റുകള്‍ പിഴുത മിച്ചെല്‍ സറ്റാര്‍ക്കാണ് മുംബൈയെ തീര്‍ത്തത്. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

രോഹിത് ശര്‍മയെ ഇംപാക്ട് പ്ലെയറാക്കി പുതിയ പ്ലാനുമായി ഇറങ്ങിയ മുംബൈയ്ക്കു പക്ഷെ ബാറ്റിങില്‍ അടിമുടി പാളുകയായിരുന്നു. തോല്‍വിക്കു പ്രധാന കാരണവും ഇതു തന്നെയാണ്. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കെകെആറിനു വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ഒരു ഘട്ടത്തില്‍ അവര്‍ 100 റണ്‍സ് പോലും കടക്കുമോയെന്ന കാര്യം സംശയമായിരുന്നു.

VENKATESH IYER

ഏഴോവര്‍ ആവുമ്പോഴേക്കും അഞ്ചിനു 57ലേക്കു കെകെആര്‍ കൂപ്പുകുത്തി. വെങ്കടേഷ് അയ്യര്‍ (70), ഇംപാക്ട് പ്ലെയറായി ഇറങ്ങിയ മനീഷ് പാണ്ഡെ (42) എന്നിവരുടെ പോരാട്ടവീര്യമാണ് കെകെആറിനെ 170ന് അടുത്ത് എത്തിച്ചത്. 52 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് വെങ്കടേഷിന്റെ ഇന്നിങ്‌സ്. പാണ്ഡെ 31 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമടിച്ചു. 13 റണ്‍സെടുത്ത ആന്‍ക്രിഷ് രഘുവംശിയാണ് രണ്ടക്കത്തിലെത്തിയ മറ്റൊരാള്‍.

ഫില്‍ സാള്‍ട്ട് (5), സുനില്‍ നരെയ്ന്‍ (8), രഘുവംശി, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (6), റിങ്കു സിങ് (9) എന്നിവരെ ഏഴോവറിനുള്ളില്‍ കെകെആറിനു നഷ്ടമാവുകയായിരുന്നു. ഇതോടെയാണ് കെകെആര്‍ അഞ്ചിനു 57 റണ്‍സിലേക്കു തകര്‍ന്നടിഞ്ഞത്. തുടര്‍ന്നാണ് ഇംപാക്ട് പ്ലെയറായി പാണ്ഡെയെ കെകെആര്‍ പരീക്ഷിച്ചത്. ഈ നീക്കം അവരെ രക്ഷിക്കുകയും ചെയ്തു.

ആറാം വിക്കറ്റില്‍ വെങ്കടേഷ്- പാണ്ഡെ ജോടി 83 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ കെകെആര്‍ കരകയറി. ടീം സ്‌കോര്‍ 140ല്‍ വച്ച് പാണ്ഡെ പുറത്തായതോടെയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. ശേഷിച്ച വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീണെങ്കിലും വെങ്കടേഷ് അവസാനം വരെ ക്രീസില്‍ നിന്നത് ടീം ടോട്ടല്‍ 169ല്‍ എത്തിക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, നെഹാല്‍ വദേര, ടിം ഡേവിഡ്, ജെറാള്‍ഡ് കോട്‌സി, പിയൂഷ് ചൗള, നുവാന്‍ തുഷാര, ജസ്പ്രീത് ബുംറ.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ആന്‍ക്രിഷ് രഘുവംശി, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, റിങ്കു സിങ്, രമണ്‍ദീപ് സിങ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

Story first published: Friday, May 3, 2024, 17:25 [IST]
Other articles published on May 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+