Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈ ക്ലച്ച് പിടിക്കില്ല, ടീമിനകത്തു നിന്ന് തന്നെ പണി വരും! ഹാര്‍ദിക്കിന് തെറിയുറപ്പ്

ഗുജറാത്ത് ടൈറ്റന്‍സിനോടൊപ്പം ക്യാപ്റ്റനായി ഐപിഎല്ലില്‍ കസറിയതു പോലെ മുംബൈ ഇന്ത്യന്‍സിലും ഹാര്‍ദിക് പാണ്ഡ്യ മിന്നിക്കുമോ? ക്രിക്കറ്റ് പ്രേമികള്‍ക്കു മുഴുവന്‍ അറിയാനുള്ളത് ഈ കാര്യമാണ്. വന്‍ താരനിര ഇല്ലാതിരുന്നിട്ടും ജിടിയെ ഉജ്ജ്വലമായി നയിച്ച ശേഷമാണ് ഹാര്‍ദിക് പഴയ കൂടാരത്തില്‍ മടങ്ങിയെത്തിയിരിക്കുന്നത്. 2022ല്‍ ജിടിയെ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയാണ് നായകനായി അദ്ദേഹം വരവറിയിച്ചത്. കഴിഞ്ഞ സീസണില്‍ ഹാര്‍ദിക്കിനു കീഴില്‍ ജിടി റണ്ണറപ്പാവുകയും ചെയ്തു.

പക്ഷെ മുംബൈ ടീമില്‍ കാര്യങ്ങള്‍ ഹാര്‍ദിക്കിനു അത്ര ശുഭകരമാവില്ല. ഈ സീസണില്‍ അദ്ദേഹത്തിനു കീഴില്‍ മുംബൈ ടീമിനു വലിയ തിരിച്ചടികള്‍ നേരിട്ടേക്കുകയും ചെയ്യും. ഇതേ തുടര്‍ന്നു ഹാര്‍ദിക്കിനു ഏറെ പഴിയും കേള്‍ക്കാനിടയുണ്ട്. എന്തൊക്കെയാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളെന്നു നമുക്കു നോക്കാം. ആദ്യത്തെ കാരണം മുംബൈ ടീമിലെ ഐക്യം ഹാര്‍ദിക് തകര്‍ത്തുവെന്നതാണ്.

ROHIT HARDIK

നേരത്തേ രോഹിത് ശര്‍മ ക്യാപ്റ്റനായിരുന്നപ്പോള്‍ ഒരു കുടുംബം പോലെയായിരുന്നു മുംബൈ ടീം. പക്ഷെ ഹാര്‍ദിക്കിന്റെ വരവോടെ ടീം ആകെ അസ്വസ്ഥമായിരിക്കുകയാണ്. രോഹിത്തില്‍ നിന്നും നായകസ്ഥാനം ഹാര്‍ദിക് തട്ടിയെടുത്തതാണ് ഇതിനു പ്രധാന കാരണം.

ഇതു ടീമിലെ ചില സീനിയര്‍ താരങ്ങളെയടക്കം പലരെയും ചൊടിപ്പിച്ചിരുന്നു. ടീമിനകത്തെ ഈ പ്രശ്‌നങ്ങള്‍ ഹാര്‍ദിക്കിനു പുതിയ സീസണില്‍ തിരിച്ചടിയാവും. രോഹിത്തിനെ പിന്തുണയ്ക്കുന്നവരും അല്ലാത്തവരുമെന്ന രണ്ടു ഗ്രൂപ്പുകള്‍ മുംബൈ ടീമില്‍ ഉടലെടുത്തതായാണ് പുറത്തുവരുന്ന സൂചനകള്‍.

മുംബൈ ടീമിനകത്തു നിന്നു തന്നെ ഹാര്‍ദിക് പണികിട്ടാനുളള സാധ്യത കൂടുതലാണ്. സീനിയര്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെല്ലാം രോഹിത്തിനോടു കൂറ് പുലര്‍ത്തുന്നവരാണ്. മാത്രമല്ല ഭാവിയില്‍ ടീമിന്റെ നായകസ്ഥാനം ഇവര്‍ മോഹിക്കുകയും ചെയ്തിരുന്നു. പക്ഷെ ഈ കണക്കുകൂട്ടലുകളെല്ലാം തകിടം മറിച്ചാണ് ഹാര്‍ദിക് ഇടിത്തീ പോലെ മുംബൈ ടീമിലേക്കു വരികയും നായകസ്ഥാനം കൈക്കലാക്കുകയും ചെയ്തത്.

രോഹിത്തിന്റെ ക്യാപ്റ്റന്‍സി തട്ടിയെടുത്തതില്‍ മാത്രമല്ല തങ്ങള്‍ക്കു ലഭിക്കേണ്ടിയിരുന്ന റോള്‍ ഹാര്‍ദിക് പിടിച്ചെടുത്തതിന്റെ രോഷവും നിരാശയുമെല്ലാം സൂര്യക്കും ബുംറയ്ക്കുമുണ്ടാവും. അതുകൊണ്ടു തന്നെ ടീമിനു വേണ്ടി ആത്മാര്‍ഥമായൊരു പ്രകടനം ഇവര്‍ പുറത്തെടുക്കുമോയെന്നതും സംശയമാണ്.

കൂടാതെ രോഹിത്തും ക്യാപ്റ്റന്‍സിയില്‍ ഹാര്‍ദിക്കിനു എത്ര മാത്രം പിന്തുണ നല്‍കുമെന്നതും കാത്തിരുന്നു കാണണം. രോഹിത്, സൂര്യ, ബുംറ ഈ മൂന്നു പേര്‍ മനസ്സുവച്ചാല്‍ ഹാര്‍ദിക് എങ്ങനെ കിണഞ്ഞു ശ്രമിച്ചാലും മുംബൈ ക്ലച്ച് പിടിക്കാന്‍ സാധ്യത കുറവാണ്.

ക്യാപ്റ്റന്റെ റോളില്‍ ഹാര്‍ദിക്കിനു പണി കിട്ടാനുള്ള രണ്ടാമത്തെ കാരണം ജിടി കോച്ചായ ആശിഷ് നെഹ്‌റ ഇത്തവണ കൂടെയില്ലെന്നതാണ്. ഗുജറാത്തില്‍ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി ഇത്ര മാത്രം വിജയിക്കാനുള്ള പ്രധാന കാരണം നെഹ്‌റയുടെ സാന്നിധ്യമായിരുന്നു. കളിക്കിടെ എല്ലായ്‌പ്പോഴും ബൗണ്ടറി ലൈനിന് അരികില്‍ തന്നെ നെഹ്‌റയെ നമുക്കു കാണാം. ഹാര്‍ദിക്കിന് ഇടയ്ക്കിടെ ഉപദേശങ്ങള്‍ നല്‍കിയും ആത്മവിശ്വാസം പകര്‍ന്നുമെല്ലാം അദ്ദേഹം താങ്ങും തണലുമായി നില്‍ക്കാറുണ്ട്.

HARDIK - NEHRA

ഈ കാരണത്താല്‍ തന്നെ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയുടെ പകുതി ക്രെഡിറ്റ് നെഹറയ്ക്കും അവകാശപ്പെട്ടതാണ്. പക്ഷെ മുംബൈ ടീമില്‍ അദ്ദേഹത്തെ ഹാര്‍ദിക് ശരിക്കും മിസ്സ് ചെയ്യും. സൗത്താഫ്രിക്കയുടെ മുന്‍ താരം മാര്‍ക്ക് ബൗച്ചറാണ് മുംബൈ ടീമിന്റെ മുഖ്യ കോച്ച്. കളിയില്‍ അധികം സജീവമായി ഇടപെടാതെ ഒതുങ്ങിയിരിക്കുന്ന പ്രകൃതാണ് ബൗച്ചറുടേത്. ഇതു കാരണം ഹാര്‍ദിക്കിനു കളിക്കളത്തില്‍ തനിച്ചു തന്നെ എല്ലായ്‌പ്പോഴും തീരുമാനങ്ങള്‍ എടുക്കേണ്ടതായും വരും.

ഹാര്‍ദിക്കിനു തിരിച്ചടിയാവുന്ന മൂന്നാമത്തെ കാര്യം ആരാധകരുടെ ഭാഗത്തു നിന്നും നേരിടേണ്ടി വരുന്ന അധിക്ഷേപമായിരിക്കും. രോഹിത് ഫാന്‍സില്‍ നിന്നും വലിയ രീതിയിലുള്ള പരിഹാസവും വിമര്‍ശനവുമെല്ലാം ഹാര്‍ദിക്കിനു നേരിടേണ്ടതായി വരും. അദ്ദേഹത്തിന്റെ ഓരോ അബദ്ധങ്ങളും പിഴവുകളുമെല്ലാം അവര്‍ കൂവി വിളിച്ച് ആഘോഷിക്കുമെന്നുറപ്പാണ്.

ഇവയൊന്നും മുഖവിലയ്‌ക്കെടുക്കാതെ മുംബൈ ടീമിനെ മുന്നില്‍ നിന്നും നയിക്കുകയെന്ന വലിയ വെല്ലുവിളിയാണ് ഹാര്‍ദിക്കിനെ കാത്തിരിക്കുന്നത്. ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് മുംബൈയെ മികച്ച രീതിയില്‍ മുന്നോട്ടു നയിക്കാനായാല്‍ അതായിരിക്കും ഹാര്‍ദിക്കെന്ന ക്യാപ്റ്റന്റെ ഏറ്റവും വലിയ വിജയം.

Story first published: Sunday, March 17, 2024, 13:29 [IST]
Other articles published on Mar 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+