മുംബൈ: ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കിടിലന്‍ പോരാട്ടങ്ങളിലൊന്നാണ് തിങ്കളാഴ്ച വാംഖഡയെില്‍ നടക്കാനിരിക്കുന്നത്. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും പ്രഥമ സീസണിലെ വിജയികളായ രാജസ്ഥാന്‍ റോയല്‍സുമാണ് മല്‍സരത്തില്‍ മുഖാമുഖം വരുന്നത്. പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ മുംബൈ ഈ സീസണില്‍ ഹോംഗ്രൗണ്ടില്‍ ആദ്യമായി കളിക്കുന്ന മല്‍സരം കൂടിയാണിത്. കഴിഞ്ഞ രണ്ടു കളിയിലും പരാജയമേറ്റു വാങ്ങിയതിനാല്‍ മുംബൈയ്ക്കു സ്വന്തം കാണികള്‍ക്കു മുന്നില്‍ ജയിച്ചേ തീരൂ.
ക്യാപ്റ്റന്‍ ഹാര്‍ദിക്കിനും ഇതു ജീവന്‍മരണ പോരാട്ടമാണ്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും കാണികളുടെ ഭാഗത്തു നിന്നും വലിയ രീതിയിലുള്ള പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് ഹാര്‍ദിക്കിനു നേരിടേണ്ടി വന്നത്. ഇത്തവണ ഹോംഗ്രൗണ്ടില്‍ കാണികളുടെ പ്രതിഷേധം അതിരു കടന്നേക്കുമോയെന്ന ആശങ്ക ഹാര്‍ദിക്കിനും മുംബൈ ടീമിനുമുണ്ട്. വിമര്‍ശകരുടെ വായടപ്പിക്കണമെങ്കില്‍ ഹാര്‍ദിക്കിനു എന്തു വില കൊടുത്തും മുംബൈയെ തോല്‍പ്പിച്ചേ തീരൂ.

അതിനിടെ ഈ സൂപ്പര്‍ ത്രില്ലറില്‍ ആരാവും വിജയിക്കുകയെന്നു പ്രവചിച്ചിരിക്കുകയാണ് ആരാധകര്‍. ഇന്‍സൈഡ് സ്‌പോര്‍ട്ടിനോടും സംസാരിക്കവെയാണ് ആരാധകരില്‍ ഭൂരിഭാഗം പേരും മുംബൈയെ പിന്തുണച്ചത്. 20 പേരോടാണ് കളിയില്‍ ആരാവും വിജയം കൊയ്യുകയെന്നു നേരിട്ടു അഭിപ്രായം തേടിയത്. ഇതില്‍ 19 പേരും മുംബൈ ജയിക്കുമെന്നു ഉറപ്പിച്ചു പറയുകയും ചെയ്തിരിക്കുകയാണ്. ഒരേയൊരു ആരാധകന്‍ മാത്രമാണ് റോയല്‍സിനൊപ്പമായിരിക്കും ജയമെന്നു ചൂണ്ടിക്കാണിച്ചത്.
അതേസമയം, ഐപിഎല്ലില്‍ മുംബൈയും റോയല്‍സും നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള കണക്കുകളെടുത്താല്‍ മുന്‍തൂക്കം മുംബൈയ്ക്കാണെന്നു കാണാം. ഇതുവരെ 28 തവണയാണ് 16 സീസണുകളിലായി ഇരുടീമുകളും കൊമ്പുകോര്‍ത്തിട്ടുള്ളത്. ഇതില്‍ 15 മല്‍സരങ്ങളില്‍ മുംബൈ വിജയം കൊയ്യുകയും ചെയ്തു.
റോയസല്‍സിനു ജയിക്കാനായത് 12 മല്‍സരങ്ങളാണ്. ഒരു മല്‍സരം ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഉയര്‍ന്ന ടീം ടോട്ടലിന്റെ കാര്യത്തിലും നേരിയ മേല്‍ക്കൈ മുംബൈയ്ക്കു തന്നെ. എംഐയുടെ ഉയര്‍ന്ന ടോട്ടല്‍ 214ഉം റോയല്‍സിന്റേത് 212ഉം ആണ്. മുംബൈയുടെ കുറഞ്ഞ ടോട്ടല്‍ 92ഉം റോയല്‍സിന്റേത് 90ഉം ആണ്.

അതേസമയം, ഈ സീസണില്‍ മുംബൈയുെ ആദ്യ പോരാട്ടം കഴിഞ്ഞ ഞായറാഴ്ച അഹമ്മദാബാദില്‍ മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സുമായിട്ടായിരുന്നു. ഈ മല്‍സരത്തില്‍ വിജയത്തിനു അരികെ വരെയെത്തിയ ശേഷം മുംബൈ തോല്‍വിയിലേക്കു വീഴുകയായിരുന്നു. റണ്‍ചേസില്‍ 15ാം ഓവര്‍ വരെ മുംബൈ ആയിരുന്നു ഫേവറിറ്റ്. പക്ഷെ അവസാനത്തെ അഞ്ചോവറില്‍ മല്‍സരം അവരില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു. ബാറ്റിങ് നിരയാണ് ഈ മല്‍സരത്തില്‍ മുംബൈയെ ചതിച്ചത്.
രണ്ടാം മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടാണ് മുംബൈ 31 റണ്‍സിന്റെ പരാജയം സമ്മതിച്ചത്. റണ്‍മഴ കണ്ട പോരാട്ടത്തില്‍ മുംബൈ ലോക റെക്കോര്‍ഡ് കുറിക്കുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും പതിവുപോലെ ബാറ്റിങ് നിരയ്ക്കു ഒരിക്കല്‍ക്കൂടി മല്‍സരം ഫിനിഷ് ചെയ്യാനായില്ല. 278 റണ്‍സിന്റെ ലോക റെക്കോര്‍ഡ് ടോട്ടലായിരുന്നു മുംബൈയ്ക്കു ചേസ് ചെയ്യേണ്ടിയിരുന്നത്.
ടി20യുടെ ചരിത്രത്തില്‍ മുമ്പൊരു ടീമിനും ചേസ് ചെയ്യാന്‍ സാധിക്കാത്ത സ്‌കോറാണിത്. എങ്കിലും മുംബൈ വീറോടെ പൊരുതി. 12 ഓവര്‍ വരെ അവര്‍ക്കു വിജയസാധ്യതയുമുണ്ടായിരുന്നെങ്കിലും പിന്നീട് കളി കൈവിട്ടുപോവുകയായിരുന്നു.
എന്നാല്‍ റോയല്‍സാവട്ടെ മികച്ച രീതിയിലാണ് സീസണ്‍ ആരംഭിച്ചിട്ടുള്ളത്. ആദ്യ കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 20 റണ്‍സിനാണ് റോയല്‍സ് മറികടന്നത്. രണ്ടാമത്തെ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 12 റണ്‍സിനും അവര്‍ പരാജയപ്പെടുത്തുകയായിരുന്നു.