ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയൊരു ട്രാന്‍സ്ഫര്‍ സംഭവിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സിനെതിരേ ആരാധകര്‍ ആഞ്ഞടിച്ചിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനും തങ്ങളുടെ മുന്‍ മാച്ച് വിന്നറുമായ ഹാര്‍ദിക് പാണ്ഡ്യയെയാണ് ടീമിലേക്കു മുംബൈ തിരികെയെത്തിക്കുന്നത്. കരാറിനെക്കുറിച്ച് ധാരണയിലെത്തി കഴിഞ്ഞതായും ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളൂവെന്നുമാണ് പുറത്തു വരുന്ന വിവരം.
അടുത്ത സീസണിനു ശേഷം നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരുപക്ഷെ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഇതു മുന്നില്‍ കണ്ടാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ ഭാവി നായകന്‍ കൂടിയായ ഹാര്‍ദിക്കിനെ തിരികെ കൊണ്ടുവരാന്‍ മുംബൈ രണ്ടും കല്‍പ്പിച്ചിറങ്ങിയത്. ക്യാപ്റ്റന്‍സി കൂടി ഉറപ്പ് നല്‍കിയാണ് ഹാര്‍ദിക്കിനെ മുംബൈ തിരികെ കൊണ്ടു വന്നിരിക്കുന്നതെന്നാണ് സൂചനകള്‍.

ഗുജറാത്ത് ടൈറ്റന്‍സിനെ ഒരു തവണ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ഹാര്‍ദിക് തന്റെ ക്യാപ്റ്റന്‍സി മിടുക്ക് തെളിയിച്ചുകഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ജിടി റണ്ണറപ്പാവുകയും ചെയ്തിരുന്നു. മാത്രല്ല കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റിലും അദ്ദേഹം തന്നെയാണ് ഇന്ത്യയെയും നയിച്ചുകൊണ്ടിരിക്കുന്നത്.
മുംബൈയ്‌ക്കൊപ്പം ഐപിഎല്‍ കരിയര്‍ ആരംഭിച്ച ഹാര്‍ദിക് അവര്‍ക്കു വേണ്ടി ഏഴു സീസണുകള്‍ കളിച്ച ശേഷമാണ് 2021ലെ സീസണിനു ശേഷം ഒഴിവാക്കപ്പെട്ടത്. ഇതിനിടെ നാലു ഐപിഎല്‍ കിരീട വിജയങ്ങളില്‍ അദ്ദേഹം പങ്കാളിയാവുകയും ചെയ്തിരുന്നു. മുംബൈയില്‍ മടങ്ങിയെത്തുന്ന ഹാര്‍ദിക്കിനു അടുത്ത സീസണില്‍ ടീമിന്റെ ക്യാപ്റ്റന്‍സിയും ലഭിച്ചേക്കുമെന്നു അഭ്യൂഹങ്ങളുണ്ട്. അങ്ങനെ സംഭവിച്ചാല്‍ രോഹിത്തിനു അദ്ദേഹത്തിനു കീഴില്‍ കളിക്കേണ്ടതായും വരും.
ഇതാണ് മുംബൈ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ടീമിനെ അഞ്ചു തവണ ജേതാക്കളാക്കിയ രോഹിത്തിനെ മാറ്റി പകരം ഹാര്‍ദിക്കിനു നായകസ്ഥാനം നല്‍കുന്നതിനോടു ഹിറ്റ്മാന്റെ ആരാധകര്‍ക്കു യോജിപ്പില്ല. അത്തരമൊരു കടുത്ത തീരുമാനം മുംബൈ ടീം മാനേജ്‌മെന്റ് സ്വീകരിക്കുകയാണെങ്കില്‍ അടുത്ത സീസണിലെ ഐപിഎല്ലില്‍ ടീമിനെ ബഹിഷ്‌കരിക്കുമെന്നാണ് ആരാധകര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

രോഹിത് ശര്‍മയുമായി കൂടിയാലോചിക്കാതെയാണ് ഹാര്‍ദിക് പാണ്ഡ്യയെ തിരികെയെത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ് രംഗത്തിറങ്ങിയത്. ടീം മാനേജ്‌മെന്റിന്റെ ഈ നീക്കത്തില്‍ രോഹിത് സന്തോഷവാനല്ല. അദ്ദേഹം മുംബൈ ടീമിനൊപ്പം തന്നെ തുടരുമെങ്കിലും കാര്യങ്ങള്‍ ഒരിക്കലും പഴയതു പോലെയാവില്ല . നിങ്ങള്‍ എന്തിനാണ് ഇത്രയും വലിയൊരു കാര്യം ക്യാപ്റ്റനുമായി മറച്ചുവച്ചതെന്നും മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നു.
ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ടു വന്നുകൊണ്ടിരിക്കുന്ന അഭ്യൂഹങ്ങളെല്ലാം ശരിയാണെങ്കില്‍ മുംബൈ ഇന്ത്യന്‍സിനെ ഞങ്ങള്‍ ബഹിഷ്‌കരിക്കും. മാത്രമല്ല ഐപിഎല്ലിനെയും എന്നെന്നേക്കുമായി ബഹിഷ്‌കരിക്കുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
രോഹിത് ശര്‍മയെ അപമാനിക്കുന്ന തരത്തിലുള്ള നീക്കമാണ് മുംബൈ ഇന്ത്യന്‍സ് നടത്തിയിരിക്കുന്നത്. അദ്ദേഹത്തെ ഒതുക്കി ഹാര്‍ദിക് പാണ്ഡ്യയെ അടുത്ത സീസണില്‍ നായകനാക്കാനാണ് മുംബൈ ഇന്ത്യന്‍സിന്റെ പ്ലാനെങ്കില്‍ അതു ഞങ്ങള്‍ അംഗീകരിക്കില്ല. മുംബൈ ടീമിന്റെ മുഴുവന്‍ മല്‍സരങ്ങളും ബഹിഷ്‌കരിക്കുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
രോഹിത് ശര്‍മയെന്ന മികച്ച ക്യാപ്റ്റനുണ്ടായതു കൊണ്ടു മാത്രമാണ് മുംബൈ ഇന്ത്യന്‍സ് അഞ്ചു ഐപിഎല്‍ ട്രോഫികള്‍ നേടിയത്. മുംബൈ ആരാധകരെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഞങ്ങള്‍ക്കു ഇനി ടീമില്‍ വേണ്ട. ഫ്രാഞ്ചൈസിയെക്കുറിച്ച് അദ്ദേഹം നേരത്തേ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഇതിനു കാരണമെന്നും ആരാധകര്‍ കുറിക്കുന്നു. മുംബൈ ഇന്ത്യന്‍സിനെ പരോക്ഷമായി വിമര്‍ശിച്ചും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പുകഴ്ത്തിയും കഴിഞ്ഞ സീസണിനിടെ ഹാര്‍ദിക് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.