പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ തുടക്കം പിഴച്ചെങ്കിലും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മാസ് തിരിച്ചുവരവായിരിക്കും സംഭവിക്കാന്‍ പോവുന്നതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരം അമ്പാട്ടി റായുഡു. കളിച്ച രണ്ടു മല്‍സരങ്ങളിലും മുംബൈ പരാജയപ്പെട്ടു കഴിഞ്ഞു. പോയിന്റ് പട്ടികയില്‍ അവര്‍ ഒമ്പതാം സ്ഥാനത്തും നില്‍ക്കുകയാണ്. തിങ്കളാഴ്ച രാജസ്ഥാന്‍ റോയല്‍സുമായി കൊമ്പുകോര്‍ക്കാനിരിക്കെയാണ് മുംബൈയുടെ മടങ്ങിവരവിനെക്കുറിച്ച് റായുഡു ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത്.
തുടക്കത്തിലേറ്റ ഈ തിരിച്ചടികള്‍ മുംബൈയെ കൂടുതല്‍ കരുത്തരാക്കി തീര്‍ക്കുമെന്നും സീസണില്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ ഇതു അവരെ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. ഈയൊരു ദുഷ്‌കരമായ സാഹചര്യത്തില്‍ നിന്നും മുംബൈ തിരിച്ചുവരികയാണെങ്കില്‍ അവരുടെ യഥാര്‍ഥ സ്വഭാവമായിരിക്കും അതു നമുക്കു കാണിച്ചു തരിക.

മുന്നോട്ടു പോകവെ മുംബൈ ടീം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യും. കാരണം, സീസണിന്റെ തുടക്കത്തില്‍ ഒരു ടീം തോല്‍ക്കുകയാണെങ്കില്‍ അവര്‍ പിന്നീട് കൂടുതല്‍ മെച്ചപ്പെടുകയാണ് ചെയ്യാറുള്ളതെന്നും സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ഷോയില്‍ റായുഡു അഭിപ്രായപ്പെട്ടു.
മുംബൈയ്ക്കു ഈ സീസണില്‍ തിരിച്ചുവരാന്‍ കഴിയുമോയെന്നു ഇതേ ഷോയില്‍ മുന്‍ ഇന്ത്യന്‍ പേസര്‍ വരുണ്‍ ആരോണ്‍ ചോദിച്ചപ്പോള്‍ തീര്‍ച്ചയായും കഴിയുമെന്നായിരുന്നു റായുഡുവിന്റെ മറുപടി. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളിലെ ഐപിഎല്‍ ചാംപ്യന്‍മാരാണ് മുംബൈ. അത്ര എളുപ്പത്തിലൊന്നും അവര്‍ വിട്ടുതരാന്‍ പോവുന്നില്ല.
ഇപ്പോള്‍ ഈ രണ്ടു മല്‍സരങ്ങളിലേറ്റ തിരിച്ചടി മുംബൈയെ കൂടുതല്‍ മെച്ചപ്പെട്ട ടീമാക്കി മാറ്റുമെന്നാണ് എനിക്കു തോന്നുന്നത്. രാജസ്ഥാന്‍ റോയല്‍സുമായുള്ള അടുത്ത കളിയില്‍ മുംബൈ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നു തനിക്കു തോന്നുന്നതായും റായുഡു കൂട്ടിച്ചേര്‍ത്തു.
മുബൈയുടെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളും എതിരാളികളുടെ തട്ടകത്തിലായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു മുംബൈ പൊരുതി വീഴുകയായിരുന്നു. രണ്ടാമത്തെ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു റെക്കോര്‍ഡ് റണ്‍ചേസിലും ഹാര്‍ദിക്കിനും സംഘത്തിനും അടിതെറ്റി. രണ്ടു മല്‍സരങ്ങളിലും റണ്‍ചേസില്‍ പ്രതീക്ഷ നല്‍കിയ ശേഷമാണ് മുംബൈ ജയം കൈവിട്ടു കളഞ്ഞത്.
ശുഭ്മന്‍ ഗില്‍ നയിച്ച ജിടിക്കെതിരേ വെറും ആറു റണ്‍സിനായിരുന്നു മുംബൈ കീഴടങ്ങിയത്. 169 റണ്സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 15 ഓവര്‍ വരെ വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ അവസാന അഞ്ചോവറുകളില്‍ വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച മുംബൈ പരാജയത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു.

ഹൈദരാബാദുമായുള്ള കളിയിലാവട്ടെ 31 റണ്‍സിനാണ് മുംബൈ കീഴടങ്ങിയത്. 278 റണ്സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്കു 12 ഓവര്‍ വരെ വിജയസാധ്യതയുണ്ടായിരുന്നെങ്കിലും പിന്നീട് പരാജയത്തിലേക്കു വീണു. 246 റണ്‍സെടുത്താണ് മുംബൈ മല്‍സരം അടിയറവച്ചത്.
രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കി പകരം ഹാര്‍ദിക്കിനെ നായകനാക്കിയതു മുതല്‍ മുംബൈയ്ക്കു കാര്യങ്ങള്‍ അത്ര സുഖകരമല്ല. ആരാധകര്‍ പൂര്‍ണമായി മുംബൈയ്‌ക്കെതിരേ തിരിഞ്ഞുകഴിഞ്ഞു. രോഹിത് ഫാന്‍സില്‍ നിന്നും വലിയ പരിഹാസങ്ങളും അധിക്ഷേപവുമാണ് ഹാര്‍ദിക് നേരിട്ടുകൊണ്ടിരിക്കുന്നത്.
കൂവി വിളിച്ചും രോഹിത്തിന്റെ പേര് മുദ്രാവാക്യം വിളിച്ചുമാണ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അവര്‍ ഹാര്‍ദിക്കിനെ അധിക്ഷേപിച്ചത്. ഇനി റോയല്‍സുമായുള്ള അടുത്ത ഹോം മാച്ചില്‍ ഇതു കൂടുതല്‍ രൂക്ഷമാവാനാണ് സാധ്യത. ഇത്രയും പ്രതികൂലമായ ഒരു സാഹചര്യത്തില്‍ അദ്ദേഹത്തിനു ടീമിനെ പ്രചോദിപ്പിക്കാന്‍ കഴിയുമോയെന്നു കാത്തിരുന്നു കാണണം.