മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായി നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ നായകനാക്കുകയായിരുന്നു. ഗുജറാത്തിനെ അരങ്ങേറ്റ സീസണില്‍ കപ്പിലേക്കെത്തിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ നായകനാക്കുമ്പോള്‍ മുംബൈക്ക് വലിയ പ്രതീക്ഷയാണുള്ളത്.
രോഹിത് ശര്‍മ 10 വര്‍ഷത്തോളം മുംബൈയുടെ നായകനായിരിക്കുകയും ടീമിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിക്കുകയും ചെയ്തു. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മുംബൈ നീക്കിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. മുംബൈ തിരക്കിട്ട് രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയും ഹാര്‍ദിക്കിനെ നായകനാക്കുകയും ചെയ്തത് മണ്ടന്‍ തീരുമാനമാണെന്ന് നിസംശയം പറയാം. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ കാര്യം ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത നീക്കമാണ് മുംബൈ നടത്തിയിരിക്കുന്നത്. അടുത്ത സീസണില്‍ക്കൂടി രോഹിത്തിനെ നായകനാക്കിയ ശേഷം ഹാര്‍ദിക്കിന് നായകസ്ഥാനം കൈമാറുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ആരാധകര്‍ ഇത് ഉള്‍ക്കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അപ്രതീക്ഷിതമായി രോഹിത്തിനെ ഒഴിവാക്കിയതോടെ മുംബൈ താരത്തെ അപമാനിച്ചിരിക്കുകയാണെന്നാണ് ആരാധക പക്ഷം.
ഇത്തരം പ്രതികരണങ്ങള്‍ ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്നുമുണ്ട്. രോഹിത് ഹാര്‍ദിക്കിന് നായകസ്ഥാനം കൈമാറുന്ന രീതിയിലായിരുന്നെങ്കില്‍ അദ്ദേഹത്തോട് ടീം നീതികാട്ടിയെന്ന് പറയാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രോഹിത്തിനെ പെട്ടെന്ന് ഒഴിവാക്കിയതോടെ അഞ്ച് തവണ മുംബൈയെ കിരീടത്തിലേക്കെത്തിച്ച നായകനെ അപമാനിച്ചിരിക്കുകയാണെന്നാണ് ആരാധക പക്ഷം. അതുകൊണ്ടുതന്നെ വലിയ വിമര്‍ശനം ടീം മാനേജ്‌മെന്റിനെതിരേ ഉയരുന്നുണ്ട്.

രണ്ടാമത്തെ കാര്യം ഹാര്‍ദിക്കിന്റെ മടങ്ങിവരവ് മുംബൈയിലെ പല സീനിയര്‍ താരങ്ങള്‍ക്കും ഇഷ്ടമായിട്ടില്ല. ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മുംബൈയില്‍ സീനിയര്‍ താരങ്ങളായി ഉണ്ടായിട്ടും ഹാര്‍ദിക്കിനെ നായകനാക്കിയതില്‍ ടീമിനുള്ളില്‍ അതൃപ്തിയുണ്ടെന്ന് വ്യക്തം. ഹാര്‍ദിക്കിന്റെ മടങ്ങിവരവിന് പിന്നാലെ ജസ്പ്രീത് ബുംറയിട്ട പോസ്റ്റ് വൈറലായിരുന്നു. സൂര്യകുമാര്‍ ഇന്ത്യയുടെ ടി20 നായകനെന്ന നിലയില്‍ കൈയടി നേടുകയും ചെയ്യുന്നു.
ഈ സമയത്ത് ഹാര്‍ദിക്കിനെ മടങ്ങിവന്ന ഉടന്‍ തന്നെ നായകസ്ഥാനം ഏല്‍പ്പിച്ചത് തിരിച്ചടിയാകാനാണ് സാധ്യത. ഒരു വര്‍ഷം ടീമിനുള്ളില്‍ തുടരുകയും പഴയ സൗഹൃദം വീണ്ടെടുക്കുകയും ചെയ്ത ശേഷം ഹാര്‍ദിക്കിന് നായകസ്ഥാനം നല്‍കുന്നതായിരുന്നു നല്ല. ഇപ്പോള്‍ അദ്ദേഹത്തെ ക്യാപ്റ്റനാക്കുമ്പോള്‍ ടീമിനുള്ളില്‍ ചേരിതിരിവ് സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. രോഹിത് ശര്‍മ കൂടി എതിരായാല്‍ ഹാര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമാവില്ല.
അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ പരിഹസിച്ച് ഹാര്‍ദിക് സംസാരിച്ചിരുന്നു. സൂപ്പര്‍ താരങ്ങളെ ഒപ്പം കൂട്ടി മുംബൈയെപ്പോലെ കപ്പടിക്കാന്‍ ആര്‍ക്കുമാവുമെന്നാണ് ഹാര്‍ദിക് പറഞ്ഞത്. ഇതിന് രോഹിത് ശര്‍മ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഹാര്‍ദിക്കിനെപ്പോലെയുള്ള മികച്ച താരങ്ങളെ സൃഷ്ടിച്ചത് മുംബൈയാണെന്നും ഇനിയും മുംബൈ യുവതാരങ്ങളെ സൂപ്പര്‍ താരങ്ങളാക്കുമെന്നുമാണ് രോഹിത് ഹാര്‍ദിക്കിന് മറുപടി നല്‍കിയത്.
മുംബൈയെ അപമാനിച്ച താരത്തെ നായകസ്ഥാനം നല്‍കി തിരികെ കൊണ്ടുവരുന്നതിനോട് വലിയ അതൃപ്തി ടീമിനുള്ളിലും ആരാധകര്‍ക്കുമുണ്ടാവും. ഇത് മുംബൈയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കും. മറ്റൊന്ന് ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസാണ്. ഇടക്കിടെ പരിക്കേല്‍ക്കുന്ന ഹാര്‍ദിക്കിനെ വിശ്വസ്തനെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ മുംബൈ തിടുക്കപ്പെട്ട് നായകനാക്കിയത് മണ്ടത്തരമായിപ്പോയെന്ന് തന്നെ വിലയിരുത്താം.
വരുന്ന സീസണില്‍ കിരീടം നേടേണ്ടത് മുംബൈക്ക് അഭിമാന പ്രശ്‌നമാണ്. കാരണം മുംബൈ ഇന്ത്യന്‍സിന്റെ അഞ്ച് കിരീടമെന്ന റെക്കോഡിനൊപ്പം അവസാന സീസണോടെ സിഎസ്‌കെ എത്തി. രോഹിത്തിന് കഴിഞ്ഞ മൂന്ന് സീസണിലെ പ്രകടനം മോശമായിരുന്നു. അതുകൊണ്ടുതന്നെ നായകനെ മാറ്റി കപ്പിലേക്കെത്താന്‍ സാധിക്കുമോയെന്ന പരീക്ഷണമാണ് മുംബൈ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇത് ഗുണം ചെയ്യുമോയെന്നത് കണ്ടറിയാം.