മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ മിനി ലേലത്തിന് മുമ്പ് എല്ലാവരേയും ഞെട്ടിച്ച കൂടുമാറ്റമാണ് ഹാര്‍ദിക് പാണ്ഡ്യ നടത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും അവസാന സീസണില്‍ ഫൈനല്‍ കളിപ്പിക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക്. എന്നാല്‍ 17ാം സീസണിന് മുന്നോടിയായി ഗുജറാത്തില്‍ നിന്ന് ഹാര്‍ദിക്കിനെ മുംബൈ തിരികെ എത്തിക്കുകയായിരുന്നു. 15 കോടിക്കാണ് ഹാര്‍ദിക്കിന് മുംബൈ പ്രതിഫലം നല്‍കിയതെന്നാണ് വിവരം.
എന്നാല്‍ ഇപ്പോള്‍ ഹാര്‍ദിക്കിനെ തിരികെ എത്തിക്കാന്‍ മുംബൈക്ക് 100 കോടിക്ക് മുകളില്‍ ചിലവായിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഹാര്‍ദിക് പാണ്ഡ്യക്ക് പ്രതിഫലമായി 15 കോടിയാണ് നല്‍കിയതെങ്കിലും ട്രാന്‍സ്ഫര്‍ തുകയായി 100 കോടിക്ക് മുകളില്‍ മുംബൈക്ക് ചിലവായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹാര്‍ദിക്കിനെ തിരികെ എത്തിക്കുന്നത് അത്ര എളുപ്പത്തില്‍ സാധ്യമാകുന്ന കാര്യമല്ലായിരുന്നു.
ഗുജറാത്തിന്റെ നായകനെന്ന നിലയില്‍ മികച്ച പ്രകടനം നടത്തവെയാണ് ഹാര്‍ദിക്കിനെ മുംബൈ തിരികെ എത്തിക്കുന്നത്. ഗുജറാത്ത് നല്‍കുന്ന അതേ തുകയാണ് മുംബൈ ഹാര്‍ദിക്കിന് നല്‍കുന്നതെങ്കിലും ഈ കൈമാറ്റത്തിനായി മുംബൈക്ക് വലിയൊരു സംഖ്യ തന്നെ മുടക്കേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തം. ഹാര്‍ദിക് പാണ്ഡ്യക്ക് മുംബൈ വലിയ പ്രാധാന്യം നല്‍കിയിരുന്നു. മുംബൈ കാട്ടിയ വലിയ മണ്ടത്തരങ്ങളിലൊന്നാണ് ഹാര്‍ദിക്കിനെ ഒഴിവാക്കിയത്.
ഇപ്പോള്‍ തിരികെ എത്തിക്കുമ്പോള്‍ നായകസ്ഥാനം കൂടി മുംബൈക്ക് ഹാര്‍ദിക്കിന് നല്‍കേണ്ടതായി വന്നു. രോഹിത് ശര്‍മയെ മാറ്റിയാണ് ഹാര്‍ദിക്കിനെ മുംബൈ ക്യാപ്റ്റനാക്കിയത്. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനം ഉയരുകയാണ്. ഹാര്‍ദിക് പാണ്ഡ്യ മുംബൈയുടെ നായകസ്ഥാനത്തേക്കെത്തിയത് സൂര്യകുമാര്‍ യാദവിനേയും ജസ്പ്രീത് ബുംറയേയും മറികടന്നാണ് ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ നായകസ്ഥാനത്തേക്കെത്തിച്ചത്.

ഇതോടെ മുംബൈ ടീമിനുള്ളില്‍ ആഭ്യന്തര കലഹമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ദിക് പാണ്ഡ്യ അവസാന സീസണില്‍ മുംബൈയ പരിഹസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടി നല്‍കി രോഹിത് ശര്‍മയടക്കം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ അതേ ഹാര്‍ദിക്കിന് കീഴില്‍ കളിക്കുകയെന്നത് മുംബൈയിലെ മറ്റ് താരങ്ങളെ സംബന്ധിച്ച് മാനസികമായി പ്രശ്‌നമുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും അവര്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
ഹാര്‍ദിക് പാണ്ഡ്യ ആധുനിക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. ഹാര്‍ദിക്കിനെ കൈവിട്ടതോടെ മികച്ച ഓള്‍റൗണ്ടറുടെ അഭാവം മുംബൈയെ വേട്ടയാടിയിരുന്നു. ഇതോടെയാണ് കോടികള്‍ മുടക്കി ഹാര്‍ദിക്കിനെ തിരിച്ചെത്തിക്കാന്‍ മുംബൈ തീരുമാനിച്ചത്. എന്നാല്‍ ഹാര്‍ദിക്ക് പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വരുന്ന ഐപിഎല്‍ സീസണ്‍ ഹാര്‍ദിക്കിന് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഹാര്‍ദിക് കളിക്കാതിരുന്നാല്‍ മുംബൈക്കത് നികത്താനാവാത്ത വിടവായിത്തീരും. തിരക്കിട്ട് രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയും തല്‍സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചതും മുംബൈക്ക് എട്ടിന്റെ പണിയായിരിക്കുകയാണെന്ന് പറയാം. ഹാര്‍ദിക് കളിക്കാതിരുന്നാല്‍ മുംബൈയെ ആര് നയിക്കുമെന്നതാണ് ചോദ്യം. രോഹിത് നായകസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായേക്കില്ല. സൂര്യകുമാറിന്റേയും ബുംറയുടേയും തീരുമാനം കണ്ടറിയണം.
ഹാര്‍ദിക് കളിച്ചാല്‍ മുംബൈ ആറാം കിരീടത്തിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. 2020ന് ശേഷം മുംബൈക്ക് കപ്പ് നേടാനായിട്ടില്ല. മുംബൈയെ പിന്നോട്ടടിച്ചത് മോശം ബൗളര്‍മാരാണ്. ഹാര്‍ദിക് പാണ്ഡ്യ നായകസ്ഥാനത്തേക്കെത്തുമ്പോള്‍ അധിക പേസറെക്കൂടി മുംബൈക്ക് ലഭിക്കുന്നു. ഇതോടൊപ്പം മികച്ച പേസര്‍മാരെ ഇത്തവണ ഒപ്പം കൂട്ടാന്‍ മുംബൈക്ക് സാധിച്ചു. ഇതോടെ ടീം സംതുലിതമായി മാറിയിട്ടുണ്ട്. സിഎസ്‌കെ, കെകെആര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളെല്ലാം ഇത്തവണ മികച്ച താരങ്ങളുടെ നിരയാണ്. അതുകൊണ്ടുതന്നെ കിരീട നേട്ടം ആര്‍ക്കും എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.