ദുബായ്: ഐപിഎല്‍ താരലേലത്തില്‍ ഇത്തവണ വലിയ നേട്ടമുണ്ടാക്കിയ ടീമുകളിലൊന്നാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനമേല്‍പ്പിച്ച ശേഷം മുംബൈ ടീം വലിയ വിമര്‍ശനങ്ങള്‍ക്കും ആരാധകരോഷത്തിനുമെല്ലാം ഇരയായിരുന്നു. പക്ഷെ ലേലത്തില്‍ ഇതൊന്നും തന്നെ മുംബൈ ടീം മാനേജ്‌മെന്റിനെ ബാധിച്ചില്ലെന്നു കാണാം. കൃത്യമായ പ്ലാനിങോടെയെത്തിയ അവര്‍ പുതിയ നായകന്‍ ഹാര്‍ദിക്കിനു ശക്തമായൊരു സംഘത്തെ ഒരുക്കി നല്‍കുന്നതില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു.
ലേലത്തില്‍ രണ്ടു വിക്കറ്റ് വേട്ടക്കാരായ ബൗളര്‍മാരെ റാഞ്ചുന്നതില്‍ മുംബൈയുടെ മാസ്റ്റര്‍ പ്ലാന്‍ കണ്ട് മറ്റു ഫ്രാഞ്ചൈസികളെല്ലാം ഞെട്ടിയിരിക്കുകയാണ്. ബാക്കിയുള്ള ഫ്രാഞ്ചൈസികള്‍ അത്ര ഗൗരവത്തോടെ കാണാതിരുന്ന രണ്ടു മികച്ച ഫാസ്റ്റ് ബൗളര്‍മാരെയാണ് 10 കോടി രൂപയ്ക്കു താഴെ ചെലഴിച്ച് മുംബൈ തട്ടിയെടുത്തത്.

ഒരാള്‍ സൗത്താഫ്രിക്കന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനും സീം ബൗളിങ് ഓള്‍റൗണ്ടറുമായ ജെറാള്‍ഡ് കോട്‌സിയാണെങ്കില്‍ മറ്റൊരാള്‍ ശ്രീലങ്കയുടെ യുവ ഫാസ്റ്റ് ബൗളര്‍ ദില്‍ഷന്‍ മധുഷങ്കയുമായിരുന്നു. വലിയ ഡിമാന്റുണ്ടാവുമെന്നു കരുതപ്പെട്ട കോട്‌സിയെ അഞ്ചു കോടി രൂപയ്ക്കും മധുഷങ്കയെ 4.6 കോടി രൂപയക്കുമാണ് മുംബൈ സ്വന്തം കൂടാരത്തിലെത്തിച്ചത്.
ഈ തുകയ്ക്കു രണ്ടു പേരും വളരെ മികച്ച വാങ്ങലുകള്‍ തന്നെയാണെന്നു നിസംശയം പറയാം. അതിനു വലിയൊരു കാരണം കൂടിയുണ്ട്. ഇന്ത്യയില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ ടോപ്പ് ഫൈവിലുണ്ടായിരുന്നവരാണ് രണ്ടു പേരും. ഇന്ത്യന്‍ പിച്ചുകളില്‍ തങ്ങള്‍ക്കു നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുമെന്നു കോട്‌സിയും മധുഷങ്കയും ഇതിലൂടെ തെളിയിക്കുകയും ചെയ്തിരുന്നു.
ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത മൂന്നാമത്തെ ബൗളറായിരുന്നു മധുഷങ്ക. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 6.7 ഇക്കോണമി റേറ്റില്‍ 21 വിക്കറ്റുകളാണ് പേസര്‍ കടപുഴക്കിയത്. ഓരോ അഞ്ചു വിക്കറ്റ് നേട്ടവും നാലു വിക്കറ്റ് നേട്ടവുമുള്‍പ്പെടെയാണിത്. കോട്‌സിയാവട്ടെ ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്തുമുണ്ടായിരുന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നും 6.23 ഇക്കോണമി റേറ്റില്‍ 20 വിക്കറ്റുകള്‍ സൗത്താഫ്രിക്കന്‍ പേസര്‍ക്കു ലഭിച്ചിരുന്നു. ഒരു നാലു വിക്കറ്റ് നേട്ടമുള്‍പ്പെടെയാണിത്.

ലോകകപ്പിലെ മിന്നുന്ന പ്രകടനം കൂടി പരിഗണിക്കുമ്പോള്‍ മധുഷങ്കയ്ക്കും കോട്‌സിക്കും ലേലത്തില്‍ തീര്‍ച്ചയായും വലിയ ഡിമാന്റ് ലഭിക്കേണ്ടതായിരുന്നു. പക്ഷെ മറ്റു ഫ്രാഞ്ചൈസികള്‍ ഇതു കാര്യമായി ശ്രദ്ധിക്കാതെ പോയപ്പോള്‍ മുംബൈ ഈ അവസരം മുതലെടുത്ത് രണ്ടു പേരെയും പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ തുകയ്ക്കു റാഞ്ചുകയായിരുന്നു.
മറ്റൊരു പ്രധാനപ്പെട്ട കാര്യം കഴിഞ്ഞ ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റുകളെടുത്തവരില്‍ നാലാമതുണ്ടായിരുന്ന ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും മുംബൈയുടെ കൂടാരത്തില്‍ ഉണ്ടെന്നതാണ്. ബുംറയോടൊപ്പം മധുഷങ്ക, കോട്‌സി എന്നിവര്‍ കൂടി ചേരുന്നതോടെ അതു ഏതു ബാറ്റിങ് നിരയെയും വിറപ്പിക്കാന്‍ ശേഷിയുള്ള പേസ് ത്രയമായി മാറുമെന്നുറപ്പാണ്.