Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ശുബ്മാനെ റാഞ്ചാന്‍ മുംബൈ, സച്ചിന്‍ ഇടപെടുമോ? ജിടിക്ക് കൈമാറുക സൂപ്പര്‍ താരത്തെ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള താരലേലം ഡിസംബറില്‍ നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി ടീമുകളെല്ലാം അണിയറയില്‍ പടയൊരുക്കം ആരംഭിച്ച് കഴിഞ്ഞു. ഒഴിവാക്കുന്ന താരങ്ങളുടെ പട്ടിക ഇതിനോടകം പല ടീമുകളും പുറത്തുവിട്ടിട്ടുണ്ട്. പല വമ്പന്‍ കൂടുമാറ്റങ്ങളും ഇത്തവണ ഉണ്ടായേക്കുമെന്നുറപ്പാണ്. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ അഞ്ചോളം താരങ്ങളെയാണ് ഒഴിവാക്കിയത്.

രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന് വരാനിരിക്കുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. സിഎസ്‌കെ അവസാന സീസണിലെ കിരീട നേട്ടത്തോടെ മുംബൈ ഇന്ത്യന്‍സിന്റെ അഞ്ച് കിരീടമെന്ന റെക്കോഡിനൊപ്പമെത്തി. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും ഇത്തവണ കപ്പിലേക്കെത്തേണ്ടത് മുംബൈയെ സംബന്ധിച്ച് അത്യാവശ്യമാണ്. ഇക്കാരണത്താല്‍ പല നിര്‍ണ്ണായക മാറ്റത്തിനും മുംബൈ തയ്യാറെടുക്കുകയാണ്. ചില സൂപ്പര്‍ താരങ്ങളെ ഒപ്പം കൂട്ടാന്‍ മുംബൈ പദ്ധതി ആവിഷ്‌കരിക്കുകയാണ്.

മുംബൈ പ്രധാനമായും നോട്ടമിടുന്ന താരങ്ങളിലൊരാള്‍ ശുബ്മാന്‍ ഗില്ലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ ഓപ്പണറായ ശുബ്മാന്‍ നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെ തുടങ്ങിയ ഗില്ലിനെ ഗുജറാത്ത് റാഞ്ചുകയായിരുന്നു. ആധുനിക ക്രിക്കറ്റിലെ യുവ ബാറ്റ്‌സ്മാന്‍മാരിലെ ഏറ്റവും ശ്രദ്ധേയനായ താരമാണ് ശുബ്മാന്‍ ഗില്‍. മൂന്ന് ഫോര്‍മാറ്റിലും ഇതിനോടകം ഇന്ത്യയുടെ ഓപ്പണറായി ഗില്‍ മാറിയിട്ടുണ്ട്.

ടി20യില്‍ മികച്ച റെക്കോഡുള്ള ഗില്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ്. രോഹിത് ശര്‍മയുടെ ടി20 കരിയര്‍ അവസാന ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. രോഹിത്തിന് പകരം മുംബൈയെ നയിക്കാന്‍ സൂര്യകുമാര്‍ യാദവുണ്ട്. എന്നാല്‍ ഓപ്പണിങ്ങില്‍ വിശ്വസിക്കാവുന്ന ഒരു താരത്തെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഗുജറാത്തില്‍ നിന്ന് ശുബ്മാനെ മോഹ വിലക്ക് ഒപ്പം കൂട്ടാനാണ് മുംബൈയുടെ പദ്ധതി. നിലവില്‍ ഗുജറാത്തില്‍ എട്ട് കോടിയാണ് ഗില്ലിന്റെ പ്രതിഫലം.

shubman gill

എന്നാല്‍ യുവ സൂപ്പര്‍ താരത്തിന് 10 കോടിയിലധികം പ്രതിഫലം നല്‍കാനാണ് മുംബൈയുടെ പദ്ധതി. എന്നാല്‍ നിലവില്‍ പേഴ്‌സില്‍ വലിയ തുക മുംബൈക്ക് ബാക്കിയില്ല. അതുകൊണ്ടുതന്നെ ഒരു സൂപ്പര്‍ താരത്തെ ഒഴിവാക്കാന്‍ മുംബൈ നിര്‍ബന്ധിതരാവും. ലഭിക്കുന്ന സൂചന അനുസരിച്ച് മുംബൈ ഇഷാന്‍ കിഷനെ കൈവിട്ടേക്കും. നിലവില്‍ 15.25 കോടിയാണ് ഇഷാന് മുംബൈ പ്രതിഫലം നല്‍കുന്നത്. എന്നാല്‍ ഇതിനുള്ള പ്രകടനം താരം കാഴ്ചവെക്കുന്നില്ല.

ഇഷാനെ മുംബൈ ഒഴിവാക്കിയാല്‍ ശുബ്മാനെ സ്വന്തമാക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ നിര്‍ണ്ണായക നീക്കത്തിന് മുംബൈ തയ്യാറായേക്കും. ഗുജറാത്തിന് വിക്കറ്റ് കീപ്പറെ ആവശ്യമാണ്. വൃദ്ധിമാന്‍ സാഹയെ ഇനിയും കളിപ്പിക്കുക പ്രയാസം. അതുകൊണ്ടുതന്നെ ഇഷാനെ ഒപ്പം കൂട്ടാന്‍ ഗുജറാത്ത് താല്‍പര്യം കാട്ടിയേക്കും. ഗില്ലിന് മുംബൈയിലേക്കെത്താന്‍ താല്‍പര്യമുണ്ടാവുമെന്നുറപ്പ്. സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം വലിയ താല്‍പര്യം കാട്ടുന്ന താരമാണ് ശുബ്മാന്‍.

ഭാവിയിലേക്ക് ചിന്തിക്കുന്ന ടീമാണ് മുംബൈ. തലമുറ മാറ്റം സംഭവിച്ചപ്പോള്‍ മുംബൈക്ക് പഴയ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. ഇനി ഒന്നില്‍ നിന്ന് മുംബൈക്ക് വളര്‍ന്നുവരണം. അതിന് പ്രതിഭയുള്ള യുവതാരങ്ങളെ ടീമിലെത്തിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ മുംബൈ ശുബ്മാനെ സ്വന്തമാക്കാന്‍ തീവ്ര ശ്രമം നടത്തുമെന്നുറപ്പാണ്.

ഹാര്‍ദിക് പാണ്ഡ്യയെ തിരിച്ചെത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ് ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. രോഹിത് ശര്‍മ മുംബൈ വിട്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതിന് സാധ്യതയില്ല. മുംബൈയിലൂടെത്തന്നെ രോഹിത് വിരമിക്കാനാണ് സാധ്യത. അടുത്ത സീസണില്‍ മികച്ച ബൗളര്‍മാരെ മുംബൈക്ക് ആവശ്യമാണ്. ജോഫ്രാ ആര്‍ച്ചര്‍ പരിക്കിന്റെ പിടിയില്‍ തുടര്‍ന്നതോടെ താരത്തെ മുംബൈ കൈവിട്ടു. പേസ് നിരയിലും സ്പിന്‍ നിരയിലും മുംബൈക്ക് മികച്ച താരങ്ങളെ അത്യാവശ്യമാണ്.

Story first published: Friday, November 24, 2023, 14:48 [IST]
Other articles published on Nov 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+