ഇന്ത്യന്‍ ക്രിക്കറ്റില്‍ സമീപകാലത്തൊന്നും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയോളം പരിഹാസവും തെറിവിളിയുമൊന്നും നേരിട്ട മറ്റൊരു താരമുണ്ടാവില്ല. രോഹിത് ശര്‍മയ്ക്കു പകരം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായതു മുതല്‍ വെറുക്കപ്പെട്ടവനായി അദ്ദേഹം മാറിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ആദ്യ ഐപിഎല്‍ മല്‍സരത്തിനിടെ നായയോടാണ് ഹാര്‍ദിക്കിനെ കാണികളില്‍ ഒരു വിഭാഗം താരതമ്യം ചെയ്തത്.
കളിക്കിടെ ഗ്രൗണ്ടിലൂടെ നായ ഓടിയപ്പോള്‍ ഹാര്‍ദിക്കിന്റെ പേര് വിളിച്ചായിരുന്നു കാണികളുടെ അധിക്ഷേപം. ഒരു വ്യക്തിയെ സംബന്ധിച്ച് ഇതിനേക്കാള്‍ വലിയൊരു അപമാനം ഇനി നേരിടാനില്ല. യഥാര്‍ഥത്തില്‍ ഇത്ര മാത്രം അധിക്ഷേപിക്കപ്പെടേണ്ടയാളാണോ ഹാര്‍ദിക്? ചിരവൈരികളായ പാകിസ്താന്റെ ക്രിക്കറ്റര്‍മാരോടു പോലും കാണിക്കാത്ത വെറുപ്പും വിദ്വേഷവുമാണ് അദ്ദേഹത്തോടു ഇന്ത്യക്കാര്‍ കാണിക്കുന്നത്.

നെഗറ്റീവായിട്ടുള്ള കാര്യങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നു ഹാര്‍ദിക്ക് പറയുമ്പോഴും ഇപ്പോള്‍ നേരിടുന്ന ഈ അധിക്ഷേപം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. അന്താരാഷ്ട്ര ക്രിക്കറ്റിനേക്കാള്‍ വലുതാണോ ഫ്രാഞ്ചൈസി ക്രിക്കറ്റെന്നതാണ് പ്രധാന ചോദ്യം. ഒരു കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഹാര്‍ദിക്കിനു ഇനിയൊന്നും തെളിയിക്കാനില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഒരു കംപ്ലീറ്റ് മാച്ച് വിന്നര്‍ തന്നെയാണ് അദ്ദേഹമെന്നു ഏതു വിമര്‍ശകരും അംഗീകരിക്കും.
ക്യാപ്റ്റന്‍സിയിലും താന്‍ വേറെ ലെവലാണെന്നു 2022ലെ ഐപിഎല്ലില്‍ ഹാര്‍ദിക് ലോകത്തിനു കാണിച്ചുതന്നു. ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും ഒരു ടീമിനെയും നയിക്കാതെയാണ് അദ്ദേഹം ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകസ്ഥാനത്തേക്കു വന്നത്. സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യമൊന്നും ഇല്ലാതിരുന്നിട്ടും ക്യാപ്റ്റനായുള്ള കന്നി സീസണില്‍ തന്നെ ജിടിയെ ഹാര്‍ദിക് ചാംപ്യന്‍മാരാക്കുകയും ചെയ്തു.
ഇതു വെറുമൊരു അബദ്ധമല്ലെന്നു കഴിഞ്ഞ സീസണില്‍ ജിടിയെ റണ്ണറപ്പാക്കി അദ്ദേഹം തെളിയിച്ചിരുന്നു. ഇത്രയും മികച്ചൊരു റെക്കോര്‍ഡുള്ള നായകനെയാണ് രോഹിത്തിന്റെ പിന്‍ഗാമിയായി മുംബൈ തങ്ങളുടെ ടീമിലെത്തിച്ചിരിക്കുന്നത്.
രോഹിത് 37ാം വയസ്സിലേക്കു കടക്കുകയാണ്. 10 വര്‍ഷത്തോളമായി അദ്ദേഹം മുംബൈ ടീമിനെ നയിക്കുകയും ചെയ്യുന്നു. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് വഴിമാറേണ്ട സമയം തന്നെയാണിത്. ഇതു പരിഗണിച്ചാണ് നായകനായി തങ്ങള്‍ക്കു ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ചയാളെ മുംബൈ ദൗത്യമേല്‍പ്പിച്ചത്. അപ്പോള്‍ പിന്നെ ഈ പരിഹാസങ്ങളിലും വിമര്‍ശനങ്ങളിലും എന്തു കഴമ്പാണുള്ളത് ?
രോഹിത്തിനു ശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെയും നായകസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെടുക്കുകയാണ് ഹാര്‍ദിക്. ഇതിനകം ഏകദിന, ടി20 പരമ്പരകളില്‍ അദ്ദേഹം ടീമിനെ മികച്ച രീതിയില്‍ നയിക്കുകയും ചെയ്തിട്ടുണ്ട്. ഐപിഎല്ലിലും ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് ശ്രദ്ധേയമാണ്.
ഇതുവരെ 32 മല്‍സരങ്ങളിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. ഇതില്‍ 31ഉം ജിടിക്കൊപ്പമായിരുന്നു. ഇവയില്‍ 22ലും വിജയം കൊയ്യാന്‍ ഹാര്‍ദിക്കിനായിട്ടുണ്ട്. തോറ്റത് വെറും 10 എണ്ണത്തില്‍ മാത്രം. 68.97 ആണ് അദ്ദേഹത്തിന്റെ വിജയശതമാനം. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് ഹാര്‍ദിക്കാണ്. പക്ഷെ തികച്ചും അപ്രതീക്ഷിതമായി രോഹിത് ടി20യില്‍ വീണ്ടും കളിക്കാന്‍ തയ്യാറായതോടെ ബിസിസിഐ ഒരിക്കല്‍ക്കൂടി വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

ഹാര്‍ദിക്കിന്റെ നേതൃശേഷിയിലും കളി ജയിപ്പിക്കാനുള്ള മിടുക്കിലുമൊന്നും ആര്‍ക്കും സംശയമില്ല. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെന്നു ലോകം മുഴുവന്‍ അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. പിന്നെയെന്തിനാണ് രോഹിത്തിനു പകരം ക്യാപ്റ്റനായതിന്റെ പേരില്‍ മാത്രം അദ്ദേഹം ക്രൂശിക്കപ്പെടുന്നത് ?
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായക താരമാണ് ഹാര്‍ദിക്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ അദ്ദേഹം ടീമിന്റെ തുറുപ്പുചീട്ടായി മാറിയേക്കുകയും ചെയ്യും. പക്ഷെ ഇവയൊന്നും കണക്കിലെടുക്കാതെയാണ് അദ്ദേഹത്തെ ഈ തരത്തില്‍ രോഹിത് ഫാന്‍സ് അധിക്ഷേപിച്ച് നശിപ്പിക്കുന്നത്. ഏതൊരു ക്രിക്കറ്ററെയും സംബന്ധിച്ചു വിജയത്തില്‍ ആരാധകരുടെ പിന്തുണ ഏറെ പ്രധാനപ്പെട്ടതാണ്.
പക്ഷെ ഈ രീതിയില്‍ ഹാര്‍ദിക്കിനെ അധിക്ഷേപിച്ച് നശിപ്പിക്കുകയാണെങ്കില്‍ നഷ്ടം മുംബൈ ഇന്ത്യന്‍സിനാവില്ല, മറിച്ച് ഇന്ത്യന്‍ ടീമിനായിരിക്കും. അതുകൊണ്ടു തന്നെ ആരാധകരും രോഹിത്തുള്‍പ്പെടെയുള്ള മുംബൈ ടീമിലെ താരങ്ങളും അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത്. എങ്കില്‍ ജിടിയിലേതു പോലെ മുംബൈയിലും ടീം ഇന്ത്യയിലും പല അദ്ഭുതങ്ങളും സൃഷ്ടിക്കാന്‍ ഹാര്‍ദിക്കിനു കഴിയും.