മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന് കാര്യങ്ങള്‍ കടുപ്പമാവുകയാണ്. ആദ്യത്തെ രണ്ട് മത്സരങ്ങളും തോറ്റ മുംബൈ തട്ടകത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടുകയാണ്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ ഉയരുന്ന അടങ്ങാത്ത ആരാധക രോഷമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നത്. വരുന്ന മത്സരങ്ങളിലും ഹാര്‍ദിക്കിനെതിരേ ആരാധകരുടെ രോഷ പ്രകടനം ഉണ്ടാകാനാണ് സാധ്യത കൂടുതല്‍.
ഇതിന്റെ തെളിവായി ഹാര്‍ദിക് പാണ്ഡ്യക്കെതിരേ മുംബൈ വിമാനത്താവളത്തിലും ആരാധകരുടെ കൂവലുണ്ടായിരിക്കുകയാണ്. ഹാര്‍ദിക് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ ഹമാര രാജ രോഹിത് എന്നാണ് ആരാധകര്‍ വിളിച്ചു പറഞ്ഞത്. ഹാര്‍ദിക്കിനെ കൂവുകയും രോഹിത് അനൂകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. തട്ടകത്തില്‍ ഹാര്‍ദിക്കിന് സ്വന്തം ആരാധകരുടെ കൂവല്‍ ഏല്‍ക്കേണ്ടി വരുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
അങ്ങനെ വന്നാല്‍ മുംബൈക്കും ഹാര്‍ദിക്കിനുമത് വലിയ നാണക്കേടായി മാറിയേക്കും. മുംബൈ എയര്‍പോര്‍ട്ടിലെത്തിയ മുംബൈ ടീം ഉടമയായ ആകാശ് അംബാനിയേയും ആരാധകര്‍ രോഹിത് അനുകൂല മുദ്രാവാക്യങ്ങളോടെയാണ് സ്വീകരിച്ചത്. ഇതില്‍ അസ്വസ്തനായി ആകാശ് അംബാനി ആരാധകരെ നോക്കുന്ന വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. രോഹിത് ശര്‍മയെ മുംബൈയുടെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് മുതല്‍ ടീമിനുള്ളില്‍ കാര്യങ്ങള്‍ കടുപ്പമായിരിക്കുകയാണ്.
ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ തികച്ചും അപ്രതീക്ഷിതമായാണ് നായകസ്ഥാനത്തേക്കെത്തിച്ചത്. രോഹിത്തുമായി വേണ്ടത്ര കൂടി ആലോചനകള്‍ നടത്താതെയായിരുന്നു ഈ മാറ്റം. അതുകൊണ്ടുതന്നെ ടീമിനുള്ളില്‍ സ്വാഭാവികമായ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടു. രോഹിത്തിനെ അനുകൂലിക്കുന്നവരും ഹാര്‍ദിക്കിനെ അനുകൂലിക്കുന്നവരും എന്നിങ്ങനെയായി രണ്ട് തട്ടായി ടീം മാറിയിട്ടുണ്ട്. ഇത് ടീമിന്റെ പ്രകടനത്തേയും ബാധിക്കുന്നു. ഹാര്‍ദിക് സീനിയേഴ്‌സിനെ ബഹുമാനിക്കാതിരുന്നതോടെ പ്രശ്‌നം രൂക്ഷമായി.

രോഹിത്തിനെ ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യിച്ച ഹാര്‍ദിക് വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. പൊതുവേ മുംബൈയുടെ ഓപ്പണര്‍ ബൗളര്‍ ജസ്പ്രീത് ബുംറയാണ്. എന്നാല്‍ ഇത്തവണ ഹാര്‍ദിക് നായകനായതോടെ പവര്‍പ്ലേയില്‍ വേണ്ടത്ര പരിഗണന ബുംറക്ക് ലഭിക്കുന്നില്ല. ഇത് ടീമിന്റെ പ്രകടനത്തേയും കാര്യമായി ബാധിക്കുന്നു. എന്നാല്‍ ഇത് ടീമിന്റെ തന്ത്രമാണെന്ന നിലയിലാണ് ഹാര്‍ദിക് പറയുന്നത്. എന്നാല്‍ ഈ മാറ്റം ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതാണ്.
ബുംറയെ അപമാനിച്ചുവെന്ന പേരിലും ഹാര്‍ദിക്കിനെതിരേ വിമര്‍ശനം ഉയര്‍ന്നു. കൂടാതെ മുംബൈയുടെ ബൗളിങ് കോച്ച് ലസിത് മലിംഗയേയും ഹാര്‍ദിക് അപമാനിച്ചു. ഹൈദരാബാദിനെതിരേ വിക്കറ്റ് നഷ്ടമായെത്തിയ ഹാര്‍ദിക്കിന് മലിംഗ താന്‍ ഇരുന്ന സീറ്റ് നല്‍കിയിരുന്നു. മലിംഗയെപ്പോലൊരു ഇതിഹാസത്തെ ഹാര്‍ദിക് അപമാനിച്ചുവെന്നാണ് ആരാധക പക്ഷം. അതുകൊണ്ടുതന്നെ ഇതിന്റെ പേരിലും ഹാര്‍ദിക്കിനെതിരേ വിമര്‍ശനം ഉയരുന്നു.
ആദ്യ മത്സരത്തില്‍ അഹമ്മദാബാദില്‍ കളിക്കാനിറങ്ങിയ ബുംറയെ കൂവലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മൈതാനത്ത് നായ എത്തിയപ്പോള്‍ ഹാര്‍ദിക് എന്ന് വിളിക്കുകയും ഹാര്‍പ്പിക് എന്ന് വിളിച്ച് താരത്തെ അപമാനിക്കുകയും ചെയ്തു. രണ്ട് മത്സരത്തിലും ടീമിന്റെ തോല്‍വിക്ക് കാരണം ഹാര്‍ദിക്കിന്റെ മോശം ക്യാപ്റ്റന്‍സിയാണെന്ന ആക്ഷേപവും ഒരു വിഭാഗം ആരാധകര്‍ ഉയര്‍ത്തിയിരുന്നു. ഹൈദരാബാദിനെതിരേ 20 പന്തില്‍ 24 റണ്‍സാണ് ഹാര്‍ദിക് നേടിയത്.
നിര്‍ണ്ണായക സമയത്ത് മോശം സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച ഹാര്‍ദിക്കിനെതിരേ വലിയ വിമര്‍ശനം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ന്നിരുന്നു. ഇതിനിടെ ഡ്രസിങ് റൂമില്‍ ഹാര്‍ദിക് പൊട്ടിക്കരഞ്ഞുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. എന്തായാലും വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് ഹാര്‍ദിക് കടന്നുപോകുന്നത്. രണ്ട് മത്സരവും ജയിച്ച് മിന്നും ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സ് വരുന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ രാജസ്ഥാനോട് തോല്‍ക്കേണ്ടി വന്നാല്‍ ഹാര്‍ദിക്കിന്റെ ചീട്ടുകീറാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.