For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 24 ബോളില്‍ സ്റ്റാര്‍ക്കിന് 'ഫിഫ്റ്റി', 25 കോടി വെള്ളത്തില്‍, ജയിപ്പിച്ചവന് 20 ലക്ഷം മാത്രം

കൊല്‍ക്കത്ത: കോടികളുടെ കിലുക്കവുമായെത്തിയ ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും വിലയേറിയ താരമായ മിച്ചെല്‍ സ്റ്റാര്‍ക്ക് ബൗളിങില്‍ വന്‍ ദുരന്തമായി മാറിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരമായ അദ്ദേഹം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ തീര്‍ത്തും നിരാശപ്പെടുത്തി. നാലോവറില്‍ സ്റ്റാര്‍ക്ക് വിട്ടുകൊടുത്തത് 53 റണ്‍സാണ്. ഒരു വിക്കറ്റ് പോലും നേടാനുമായില്ല.

ഒമ്പതു വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷം ഐപിഎല്ലിലേക്കുള്ള സ്റ്റാര്‍ക്കിന്റെ മടങ്ങിവരവ് കൂടിയായിരുന്നു ഇത്. അതു ഇത്രയും വലിയ ദുരന്തത്തില്‍ കലാശിക്കുമെന്നു ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ബൗളര്‍ സ്വപ്‌നം പോലും കണ്ടുകാണില്ല. കഴിഞ്ഞ ലേലത്തില്‍ 24.75 കോടിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് തുകയ്ക്കായിരുന്നു സ്റ്റാര്‍ക്കിനെ കെകെആര്‍ സ്വന്തമാക്കിയത്.

MITCHELL STARC

ഐപിഎല്‍ കരിയറില്‍ മുമ്പൊരിക്കലും ഒരു മല്‍സരത്തില്‍ പോലും സ്റ്റാര്‍ക്ക് 50 റണ്‍സ് വഴങ്ങിയിട്ടില്ല. പക്ഷെ ഹൈദരാബാദിനെതിരേ ഈ നാണക്കേടും അദ്ദേഹത്തെ തേടിയെത്തി. സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങളും ട്രോളുകളുമാണ് സ്റ്റാര്‍ക്ക് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്രയും വലിയ തുക എന്തിനാണ് ഇങ്ങനെയൊരു ബൗളര്‍ക്കായി ടീമുകള്‍ മുടക്കാന്‍ തയ്യാറാവുന്നതെന്നാണ് ആരാധകരുടെ ചോദ്യം.

25 കോടി രൂപയുടെ സ്റ്റാര്‍ക്ക് കെകെആറിനെ പരാജയത്തിന്റെ വക്കില്‍ വരെയെത്തിച്ചപ്പോള്‍ ഹീറോയായത് വെറും 20 ലക്ഷം രൂപ മാത്രം വിലയുള്ള അണ്‍ക്യാപ്ഡ് ഇന്ത്യന്‍ പേസര്‍ ഹര്‍ഷിത് റാണയായിരുന്നു. ഹൈദരാബാദിനു ജയിക്കാന്‍ അവസാന ഓവറില്‍ 13 റണ്‍സ് മതിയെന്നിരിക്കെ വെറും എട്ടു റണ്‍സ് മാത്രമേ റാണ വിട്ടുകൊടുത്തുള്ളൂ. മാത്രമല്ല രണ്ടു വിക്കറ്റുകള്‍ പോക്കറ്റിലാക്കുകയും ചെയ്തു.

19ാമത്തെ ഓവറിലായിരുന്നു സ്റ്റാര്‍ക്ക് ഏറ്റവും വലിയ ദുരന്തമായി മാറിയത്. 26 റണ്‍സാണ് ഈ ഓവറില്‍ അദ്ദേഹം ഹൈദരാബാദിനു വാരിക്കോരി നല്‍കിയത്. ഓവറിലെ ആറു ബോളില്‍ നാലും സിക്‌സറില്‍ കലാശിക്കുകയായിരുന്നു. മൂന്നു സിക്‌സറുകള്‍ ക്ലാസെന്റെ ബാറ്റില്‍ നിന്നായിരുന്നെങ്കില്‍ അവസാനത്തേത് ഇന്ത്യന്‍ താരം ഷഹബാസ് അഹമ്മദിന്റെ വകയായിരുന്നു. ഓവറിലെ ആദ്യ ബോളില്‍ സിക്‌സറുമായാണ് സ്റ്റാര്‍ക്കിനെ ക്ലാസെന്‍ സ്വീകരിച്ചത്.

യോര്‍ക്കര്‍ ലെങ്ത്തില്‍ വന്ന ബോളാണ് സ്റ്റാര്‍ക്ക് എറിഞ്ഞത്. പക്ഷെ ക്ലാസെന്‍ അതു ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ സിക്‌സറിലേക്കു പറപ്പിക്കുകയായിരുന്നു. രണ്ടാമത്തെ ബോളില്‍ റണ്ണൊന്നുമില്ല. അടുത്തതു വൈഡ് ബോള്‍. പക്ഷെ അടുത്ത രണ്ടു ബോളുകളും ക്ലാസെന്‍ സിക്‌സറിലെത്തിച്ചു. മൂന്നാമത്തേത് വേഗത കുറഞ്ഞ ഒരു ലെങ്ത്ത് ബോളായിരുന്നു. ക്ലാസെന്‍ അതു ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ സിക്‌സറിലേക്കു പായിക്കുകയും ചെയ്തു.

MITCHELL STARC

തുടര്‍ന്ന് ഒരു വൈഡ് യോര്‍ക്കറാണ് സ്റ്റാര്‍ക്ക് പരീക്ഷിച്ചത്. പക്ഷെ ക്ലാസെന്‍ അതിനെയും വെറുതെവിട്ടില്ല. എക്‌സ്ട്രാ കവറിനു മുകളിലൂടെ ബോള്‍ സിക്‌സറിലേക്കു മൂളിപ്പറക്കുകയായിരുന്നു. ഇതോടെ 25 ബോളില്‍ ക്ലാസെന്‍ ഫിഫ്റ്റിയും തികച്ചു. അഞ്ചാമത്തെ ബോളില്‍ അദ്ദേഹം സിംഗിളെടുത്തു. തുടര്‍ന്ന് ഷഹബാസിന്റെ ഊഴമായിരുന്നു. സ്റ്റാര്‍ക്കിനോടു യാതൊരു ദാക്ഷിണ്യവും താരം കാണിച്ചില്ല. ഡീപ്പ് സ്‌ക്വയര്‍ ലെഗിലൂടെ ഷഹബാസ് ഈ ബോള്‍ സിക്‌സറിലേക്കു പറത്തി.

നേരത്തേ കെകെആര്‍ ഇന്നിങ്‌സിലെ ആദ്യ ഓവര്‍ ബൗള്‍ ചെയ്തത് സ്റ്റാര്‍ക്കായിരുന്നു. പക്ഷെ തുടക്കത്തില്‍ തന്നെ ഒട്ടും താളത്തിലല്ല ഓസീസ് പേസര്‍ കാണപ്പെട്ടത്. 12 റണ്‍സ് ഈ ഓവറില്‍ അദ്ദേഹം വഴങ്ങിയിരുന്നു. അടുത്ത ഓവറില്‍ രണ്ടു ഫോറുള്‍പ്പെടെ 10 റണ്‍സും സ്റ്റാര്‍ക്ക് വിട്ടുകൊടുത്തു.

ഇതോടെ സ്റ്റാര്‍ക്കിനെ കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ പിന്‍വലിക്കുകയും ചെയ്തു. അതിനു ശേഷം 16ാം ഓവറിലാണ് അദ്ദേഹത്തെ വീണ്ടും ബൗള്‍ ചെയ്യാന്‍ വിളിച്ചത്. ഈ ഓവറിലാണ് യഥാര്‍ഥ സ്റ്റാര്‍ക്കിനെ ലോകം കണ്ടത്. ഒരു ഫോര്‍ പോലും ഇല്ലാതിരുന്ന ഓവറില്‍ അഞ്ചു റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ. അതിനു ശേഷമായിരുന്നു 19ാം ഓവറിലെ ദുരന്തം.

Story first published: Sunday, March 24, 2024, 7:44 [IST]
Other articles published on Mar 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+