അഹമ്മദാബാദ്: ഐപിഎല്ലിലെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്ന വിശേഷണം ശരിവയ്ക്കുന്ന പ്രകടനവുമായി ഒരിക്കല്‍ക്കൂടി കൈയടി നേടിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ വെറ്ററന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മോഹിത് ശര്‍മ. അവസാന ഓവറുകളില്‍ ലോക ക്രിക്കറ്റിലെ ഏതു അപകാരിയായ ബാറ്ററേയും പൂട്ടാനുള്ള മന്ത്രം മോഹിത്തിന്റെ പക്കലുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള പോരാട്ടത്തിലും അദ്ദേഹം ഡെത്ത് ഓവറില്‍
അവിസ്മരണീയ പ്രകടനമാണ് നടത്തിയിരിക്കുന്നത്.
16-20 ഓവറുകള്‍ക്കിടെ രണ്ടോവറുകളാണ് മോഹിത്തിനെ ജിടി നായകന്‍ ശുഭ്മന്‍ ഗില്‍ ഏല്‍പ്പിച്ചത്. ഇവയില്‍ കണ്ണഞ്ചിക്കുന്ന ബൗളിങ് അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു. രണ്ടോവറില്‍ വെറും 13 റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുനല്‍കിയുള്ളൂ. രണ്ടു വിക്കറ്റുകളും വീഴ്ത്തി. ഇതോടെ മോഹിത്തിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്കു പരിഗണിക്കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. ഡെത്ത് ഓവറുകളില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മോഹിത് കൂടി ചേര്‍ന്നാല്‍ അതു മാരക കോമ്പിനേഷനായി മാറുമെന്നാണ് ആരാധകരുടെ പക്ഷം.

ഹൈദരാബാദിനെതിരേ ജിടി ബൗളര്‍മാരില്‍ ഏറ്റവും മികച്ചുനിന്നത് മോഹിത്താണ്. നാലോവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് അദ്ദേഹം വീഴത്തിയത്. 6.2 ഇക്കോണമി റേറ്റിലായിരുന്നു ഇത്. അഭിഷേക് ശര്‍മ, ഷഹബാസ് അഹമ്മദ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയാണ് മോഹിത് പുറത്താക്കിയത്. ഡെത്ത് ഓവറില്‍ അദ്ദേഹം ആദ്യം പന്തെറിഞ്ഞത് 18ാം ഓവറിലായിരുന്നു. വമ്പന്‍ ഷോട്ടുകള്‍ക്കു ശേഷിയുള്ള അബ്ദുള്‍ സമദും ഷഹബാസ് അഹമ്മദുമായിരുന്നു അപ്പോള്‍ ക്രീസില്‍.
ഓവറിലെ അഞ്ചാമത്തെ ബോളില്‍ സിക്‌സര്‍ വഴങ്ങിയതൊഴിച്ചാല്‍ ബാക്കിയുള്ള അഞ്ചു ബോളുകളിലും രണ്ടു ബാറ്റര്‍മാരെയും മോഹിത് പിടിച്ചുകെട്ടുകയായിരുന്നു. അഞ്ചു ബോളില്‍ നാലു സിംഗിളുകള്‍ മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ. 19ാം ഓവറില്‍ ദര്‍ശന്‍ നല്‍ക്കാണ്ഡെ വിട്ടുകൊടുത്തത് 12 റണ്‍സായിരുന്നു. തുടര്‍ന്നാണ് 20ാം ഓവറില്‍ മോഹിത് അവസാന സ്‌പെല്‍ എറിയാനെത്തിയത്. ആദ്യത്തേത് ഓഫ്സ്റ്റംപിന് പുറത്ത് ഒരു സ്ലോ ബോളായിരുന്നു. ഷഹബാസിനു റണ്ണൊന്നുമെടുക്കനായില്ല.
അടുത്തതും സ്ലോ ബോള്‍. വമ്പന്‍ ഷോട്ടിവനു ശ്രമിച്ച ഷഹബാസിനു പിഴച്ചു. ബോള്‍ നേരെ ലോങ്ഓണില്‍ രാഹുല്‍ തെവാത്തിയുടെ കൈകളിലക്കാണ് വന്നത്. അടുത്ത ബോളില്‍ വാഷിങ്ടണിനെയും മടക്കിയ മോഹിത് എതിരാളികളെ സ്തബ്ധരാക്കുകയും ചെയ്തു. വേഗത കുറഞ്ഞ ഷോര്‍ട്ട് ബോളായിരുന്നു ഇത്. ആഞ്ഞടിച്ച വാഷിങ്ടണിനു പ്രതീക്ഷിച്ച പോലെ കണക്ട് ചെയ്യാനായില്ല. ഡീപ്പ് മിഡ് വിക്കറ്റില്‍ മുന്നോട്ട് ഓടിക്കയറി റാഷിദ് ഖാന്‍ അതു വരുതിയിലാക്കുകയായിരുന്നു.

അടുത്തു രണ്ടു ബോളില്‍ ഓരോ സിംഗിളുകള്‍ മാത്രമേ മോഹിത് വിട്ടുകൊടുത്തുള്ളൂ. അവസാന ബോളില്‍ സ്‌ട്രൈക്ക് നേരിട്ട പാറ്റ് കമ്മിന്‍സ് സിംഗിള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഡബിളിനായി ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തി. സമദാണ് റണ്ണൗട്ടായത്. ഈ ഓവറില്‍ വെറും മൂന്നു റണ്‍സ് മാത്രമേ മോഹിത് വിട്ടുകൊടുത്തുള്ളൂ. ഹൈദരാബാദിനെ 165 റണ്‍സിനുള്ളിലൊതുക്കിയതും അദ്ദേഹത്തിന്റെ കിടിലന്‍ പ്രകടനമാണ്.
ജിടിക്കായി 17-20 ഓവര്‍ വരെയുള്ള മോഹിത്തിന്റെ പ്രകടനമെടുത്താല്‍ അതു ഗംഭീരമാണെന്നു കാണാം. 121 ബോളുകളാണ് അദ്ദേഹം ഇതുവരെ ബൗള്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 8.13 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് 17 വിക്കറ്റുകളാണ്. 41 ഡോട്ട് ബോളുകളും എറിഞ്ഞിട്ടുണ്ട്.
2022 മുതലുള്ള ഐപിഎല്‍ കണക്കുകള്‍ നോക്കിയാല്‍ അവസാന നാലോവറില്‍ കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ മോഹിത് രണ്ടാംസ്ഥാനം പങ്കിടുകയാണ്. അദ്ദേഹത്തെക്കൂടാതെ ടി നടരാജന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും 17 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 21 വിക്കറ്റുകളുമായി തലപ്പത്ത് മതീഷ പതിരാനയാണ്.