ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഷോക്കിങായ കൂടുമാറ്റം ഏതെന്നു ചോദിച്ചാല്‍ അതു ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിലേക്കുള്ള മടങ്ങിവരവെന്നായിരിക്കും ഉത്തരം. ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ തന്നെ ചാംപ്യന്‍മാരും അടുത്ത സീസണില്‍ റണ്ണറപ്പാക്കുകയും ചെയ്ത അദ്ദേഹം അവരോടു ഗുഡ്‌ബൈ പറഞ്ഞ് മുംബൈയില്‍ മടങ്ങിയെത്തുമെന്നു ആരും തന്നെ സ്വപ്‌നം കണ്ടിരുന്നില്ല.
കഴിഞ്ഞ മാസത്തെ താരലേലത്തിനു തൊട്ടുമുമ്പായിരുന്നു ജിടിയില്‍ നിന്നും ഹാര്‍ദിക്കിനെ മുംബൈ റാഞ്ചിയത്. ദിവസങ്ങള്‍ക്കകം തന്നെ അദ്ദേഹത്തെ പുതിയ ക്യാപ്റ്റനായി മുംബൈ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. ജിടി ആരാധകരെ സംബന്ധിച്ച് ഹാര്‍ദിത്തിന്റെ ഈ കൂടുമാറ്റം വലിയ ഷോക്കായിരുന്നെങ്കില്‍ മുംബൈ ആരാധകര്‍ക്കു ഇതു സര്‍പ്രൈസുമായിരുന്നു.

ഹാര്‍ദിക്ക് ടീം വിട്ടതിനെക്കുറിച്ചുള്ള ജിടിയുടെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത്. ആരാധകര്‍ക്കു മുഴുവന്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും തങ്ങളെ സംബന്ധിച്ച് ഇതു അത്ര വലിയ കാര്യമല്ലെന്നാണ് ഷമിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
ഹാര്‍ദിക്കിന്റെ അഭാവം ഏതു തരത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സിനെ അടുത്ത സീസണില്‍ ബാധിക്കുകയെന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍ ഷമിയോടു ചോദിച്ചത്. ആരെങ്കിലുമൊരാള്‍ പോയെന്നു കരുതി അത് മറ്റുള്ളവരില്‍ യാതൊരു വ്യത്യാസവുമുണ്ടാക്കാന്‍ പോവുന്നില്ലെന്നായിരുന്നു ഷമിയുടെ മാസ് മറുപടി. സ്വന്തം ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക്കിനെ നഷ്ടമായിട്ടും അതു തങ്ങള്‍ക്കു ഒരു പ്രശ്‌നമേയല്ലെന്നും ടീം ഇതു അത്ര കാര്യമാക്കുന്നുമില്ലെന്നുമാണ് ഷമിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന.
ഹാര്‍ദിക്കിനു ഇത്ര വില മാത്രമേ ഗുജറാത്ത് ടൈറ്റന്‍സും ഷമിയുമെല്ലാം കല്‍പ്പിക്കുന്നുള്ളൂയെന്നാണ് ആരാധകരുടെ ചോദ്യം. ഇങ്ങനെയൊരു പ്രതികരണം ഷമിയെപ്പോലെയൊരു സീനിയര്‍ താരത്തില്‍ നിന്നും ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ജിടിയെ സംബന്ധിച്ച് തീര്‍ച്ചയായും നിര്‍ണായക താരം തന്നെയായിരുന്നു ഹാര്‍ദിക്കെന്നതില്‍ സംശയമില്ല. ടീമിനെ മുന്നില്‍ നിന്നും നയിച്ച ക്യാപ്റ്റനാണ് അദ്ദേഹം.
പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നോട്ടു വന്ന് ടീമിനെ കരകയറ്റാന്‍ ഹാര്‍ദിക് പല തവണ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. 2022ല്‍ ജിടിയെ ചാംപ്യന്‍മാരാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. സീസണില്‍ അവര്‍ക്കായി ഏറ്റവുധികം റണ്‍സ് അടിച്ചെടുത്തത് ഹാര്‍ദിക്കാണ്. 487 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

കൂടാതെ പവര്‍പ്ലേയിലടക്കം ബൗള്‍ ചെയ്യാനെത്തിയ ഹാര്‍ദിക് എട്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. കഴിഞ്ഞ സീസണിലും താരം മോശമാക്കിയില്ല. 346 റണ്‍സ് സ്‌കോര്‍ ചെയ്ത അദ്ദേഹത്തിനു മൂന്നു വിക്കറ്റുകളും ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ ജിടിയെ സംബന്ധിച്ച് ഹാര്‍ദിക്കിന്റെ അഭാവം വലിയ നഷ്ടം തന്നെയാണങ്കിലും തികച്ചും വ്യത്യസ്തമായ അഭിപ്രായമാണ് ഷമിക്കുള്ളത്.
മുംബൈയിലേക്കുള്ള കൂടുമാറ്റത്തിനു ശേഷം ഹാര്‍ദിക്കിനു ഹേറ്റേഴ്‌സും വര്‍ധിച്ചിട്ടുണ്ട്. കാരണം നേരത്തേ ജിടി ക്യാപ്റ്റനായിരിക്കെ മുംബൈ ടീമിനെ അദ്ദേഹം വിമര്‍ശിച്ച് സംസാരിച്ചിരുന്നു. ഇപ്പോള്‍ അതേ മുംബൈയിലേക്കു തന്നെ വലിയ ഓഫര്‍ ലഭിച്ചപ്പോള്‍ തിരികെയെത്തിയത് ആരാധകര്‍ക്കു ഒട്ടും രസിച്ചിട്ടില്ല.
മാത്രമല്ല മുംബൈ ടീമിന്റെ ഐക്കണ്‍ ക്യാപ്റ്റനായ രോഹിത് ശര്‍മയെ പുറത്താക്കി നായകസ്ഥാനം ഹാര്‍ദിക് തട്ടിയെടുത്തത് ആരാധകരോഷം ഇരട്ടിയാക്കുകയും ചെയ്തിരിക്കുകയാണ്. ഹാര്‍ദിക്കിനെ നായകനാക്കിയതിനോടു രോഹിത്തടക്കം മുംബൈ ടീമിലെ പല സീനിയര്‍ കളിക്കാര്‍ക്കും അതൃപ്തിയുണ്ടെന്നാണ് അണിയറ സംസാരം. ചില താരങ്ങള്‍ ഇതില്‍ പ്രതിഷേധിച്ച് മുംബൈ വിടാന്‍ ആലോചിക്കുന്നതായും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.