മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നായകനായി ഞെട്ടിച്ച താരമാണ് ഹാര്‍ദിക് പാണ്ഡ്യ. മുംബൈ ഇന്ത്യന്‍സ് വിട്ട് ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകസ്ഥാനത്തേക്കെത്തിയ ഹാര്‍ദിക് ആദ്യ സീസണില്‍ത്തന്നെ ടീമിനെ കപ്പിലേക്കെത്തിച്ചു. അവസാന സീസണില്‍ ഗുജറാത്തിനെ റണ്ണറപ്പുകളാക്കാനും ഹാര്‍ദിക്കിനായി. ഈ മികവ് കണ്ടാണ് മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക്കിനെ മുംബൈയിലേക്ക് തിരികെ എത്തിച്ചതും നായകസ്ഥാനം നല്‍കിയതും.
ഗുജറാത്തിന്റെ നായകനെന്ന നിലയില്‍ മികച്ച പ്രകടനമാണ് ഹാര്‍ദിക് കാഴ്ചവെച്ചത്. എന്നാല്‍ സീനിയര്‍ താരങ്ങളോട് ബഹുമാനം കാട്ടാതെ കയര്‍ക്കുന്നതടക്കം ഹാര്‍ദിക്കിന്റെ ചില പ്രവര്‍ത്തികള്‍ക്കെതിരേ വലിയ വിമര്‍ശനം ഉയരുകയും ചെയ്തിട്ടുണ്ട്. 2022ലെ ഐപിഎല്ലിനിടെ ഹാര്‍ദിക് പാണ്ഡ്യ മുഹമ്മദ് ഷമിയോട് ദേഷ്യപ്പെടുന്ന വീഡിയോ വൈറലായിരുന്നു. വലിയ വിമര്‍ശനം ഹാര്‍ദിക്കിനെതിരേ ഉയരുകയും ചെയ്തിരുന്നു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ് പിഴവിന്റെ പേരിലാണ് ഹാര്‍ദിക് ഷമിയെ ശകാരിച്ചത്. ഇപ്പോഴിതാ അന്നത്തെ സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഷമി. ഹാര്‍ദിക്കിന് നല്‍കിയ മറുപടിയെക്കുറിച്ചാണ് ഷമി വെളിപ്പെടുത്തിയിരിക്കുന്നത്. 'സഹോദരാ നിനക്കുള്ളത് വലിയ ഉത്തരവാദിത്തമാണ്. ടീം മാനേജ്‌മെന്റ് എന്നെ സമീപിച്ചിരുന്നു. ഞാന്‍ പോരാടാന്‍ ആഗ്രഹിക്കുന്നയാളല്ല. ആരെക്കുറിച്ചും ഞാന്‍ ചിന്തിക്കുന്നില്ല.
എന്റെ ജോലിയെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. എന്റെ ജോലിയില്‍ മാത്രമാണ് ചിന്ത. എന്നാല്‍ ഇത്തരം അനാവശ്യ സംഭവങ്ങള്‍ ഒഴിവാക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു. നീ എന്നോട് പറഞ്ഞു ഞാന്‍ നിന്നോട് തിരിച്ചു പറഞ്ഞു. ഇത് ടീമിന്റെ സാഹചര്യത്തെ ബാധിക്കരുത്. ടീമിനുള്ളില്‍ മോശം സാഹചര്യം സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിന് ശേഷം അവന്‍ എന്നോട് പ്രതികരിച്ചിട്ടില്ല' - സീ ന്യൂസീനോട് സംസാരിക്കവെ ഷമി പറഞ്ഞു.

ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ പേസര്‍മാരിലൊരാളായ ഷമി എല്ലാവരും ബഹുമാനിക്കുന്ന താരങ്ങളിലൊരാളാണ്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലടക്കം ഷമി ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ഹാര്‍ദിക് ടീമിലെത്തുന്നതിന് മുമ്പ് തന്നെ ഇന്ത്യയുടെ സൂപ്പര്‍ താരമായി ഷമി മാറിയിരുന്നു. എന്നാല്‍ ചെറിയൊരു ഫീല്‍ഡിങ് പിഴവിന്റെ പേരില്‍പ്പോലും ഷമിയെപ്പോലൊരു സൂപ്പര്‍ താരത്തോട് കയര്‍ക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ശരിയായ രീതിയല്ല.
മുംബൈ ഇന്ത്യന്‍സിലേക്ക് ഹാര്‍ദിക് മടങ്ങിയെത്തുമ്പോഴും പ്രധാന പ്രശ്‌നം ഇതാണ്. മുംബൈയിലെ സീനിയര്‍ താരങ്ങളെ ഹാര്‍ദിക് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഹാര്‍ദിക് മുംബൈയിലേക്ക് തിരിച്ചെത്തിയതില്‍ പല പ്രമുഖര്‍ക്കും അതൃപ്തിയുണ്ട്. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെയെല്ലാം മറികടന്നാണ് ഹാര്‍ദിക് മുംബൈയുടെ നായകസ്ഥാനത്തേക്കെത്തിയത്. കൂടാതെ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മുംബൈ നീക്കിയതും വലിയ വിമര്‍ശനത്തിന് കാരണമായി.
ആരാധകരും താരങ്ങളും ടീം മാനേജ്‌മെന്റിന്റെ നടപടിയില്‍ അതൃപ്തരാണ്. അതുകൊണ്ടുതന്നെ മുംബൈയുടെ നായകസ്ഥാനത്തേക്കെത്തുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെത്തുമ്പോള്‍ കാര്യങ്ങള്‍ പ്രയാസമായിരിക്കുമെന്നുറപ്പ്. നിലവില്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കിന്റെ പിടിയിലാണ്. വരുന്ന സീസണ്‍ അദ്ദേഹം കളിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. മുംബൈ തിടുക്കപ്പെട്ട് രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയും ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കുകയും ചെയ്തത് മണ്ടത്തരമായിപ്പോയെന്ന് പറയാം.
ഹാര്‍ദിക്കിന്റെ അഭാവത്തില്‍ മുംബൈ ആരെ നായകനാക്കുമെന്നതാണ് കണ്ടറിയേണ്ടത്. രോഹിത് ശര്‍മ വീണ്ടും നായകസ്ഥാനം ഏറ്റെടുക്കില്ല. സൂര്യ, ബുംറ എന്നിവരിലൊരാള്‍ നായകനാവാനാണ് സാധ്യത. ഹാര്‍ദിക് ടീം വിടുന്നത് ഗുജറാത്തിനെ പ്രതികൂലമായി ബാധിക്കുമോയെന്നതും കണ്ടറിയേണ്ടതാണ്. മുഹമ്മദ് ഷമിയും നിലവില്‍ പരിക്കിന്റെ പിടിയിലാണ്. ഐപിഎല്ലിന്റെ പുതിയ സീസണിന് മുമ്പ് ഷമി ഫിറ്റ്‌നസ് വീണ്ടെടുക്കുമോയെന്നത് കണ്ടറിയാം.
ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ തിരിച്ചെത്തിച്ചത് 100 കോടിക്ക് മുകളില്‍ പണം ചിലവഴിച്ചാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. എന്തായാലും ഹാര്‍ദിക്കിന് ഗുജറാത്തിലെപ്പോലെ മുംബൈയില്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.