അഞ്ചു ഐപിഎല്‍ ട്രോഫികള്‍ സമ്മാനിച്ച ഐക്കണ്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഈ ഐപിഎല്‍ സീസണിനു മുമ്പ് തന്നെ വിറ്റൊഴിവാക്കാന്‍ മുംബൈ ഇന്ത്യന്‍സ് നീക്കം നടത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. പക്ഷെ അതു പാളിപ്പോവുകയായിരുന്നുവെന്നു ലല്ലന്‍ടോപ് സ്‌പോര്‍ട്‌സെന്ന ചാനലാണ് പുറത്തുവിട്ടിരിക്കുന്നത്. ഹിറ്റ്മാനെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വിട്ടുനല്‍കിയ ശേഷം പകരം ഡേവിഡ് വാര്‍ണറെ കൊണ്ടു വരാനായിരുന്നു മുംബൈയുടെ പ്ലാന്‍. പക്ഷെ പിന്നീട് ഇതു വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
കഴിഞ്ഞ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ടീം ഇന്ത്യ ഗംഭീര പ്രകടനമായിരുന്നു കാഴ്‌വച്ചത്. ഒരു കളി പോലും തോല്‍ക്കാതെ മുന്നേറിയ ഇന്ത്യ തുടര്‍ച്ചയായി 10 മല്‍സരങ്ങളില്‍ ജയിച്ചാണ് ഫൈനലിലേക്കു കുതിച്ചത്. പക്ഷെ കലാശക്കളിയില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ കീഴടങ്ങേണ്ടി വരികയായിരുന്നു. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും രോഹിത്തിന്റെ പ്രകടനം ഉജ്ജ്വലമായിരുന്നു. അദ്ദേഹത്തിന്റെ ആരാധക പിന്തുണയും ലോകകപ്പിനു ശേഷം ഏറെ വര്‍ധിക്കുകയും ചെയ്തിരുന്നു.

ലോകകപ്പിനു മുമ്പായിരുന്നു രോഹിത്തിനെ ട്രേഡ് ചെയ്യുന്നതിനെക്കുറിച്ച് മുംബൈ പ്ലാന്‍ ചെയ്തത്. പക്ഷെ ലോകകപ്പിനു ശേഷമുള്ള അദ്ദേഹത്തിന്റെ അസാധാരണമായ ആരാധക പിന്തുണ മുംബൈയെ ഭയപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് രോഹിത്തിനെ വില്‍ക്കാനുള്ള നീക്കത്തില്‍ നിന്നും മുംബൈ പിന്നിലേക്കു പോയതെന്നും ലല്ലന്‍ടോപ് സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഹിത്തിനെ മറ്റൊരു ടീമിനു വില്‍ക്കുകയാണെങ്കില്‍ അതു ഐപിഎല്ലില്‍ വലിയ ആരാധകരോഷത്തിനു വഴിവയ്ക്കുമെന്നു മുംബൈ കണക്കുകൂട്ടുകയും തുടര്‍ന്നു ഈ നീക്കത്തില്‍ നിന്നും പിന്‍മാറുകയും ചെയ്യുകയായിരുന്നു. രോഹിത്തിനെ വിറ്റില്ലെങ്കിലും മുംബൈ തങ്ങളുടെ പ്ലാനില്‍ ചെറിയൊരു മാറ്റം വരുത്തി. ട്രേഡ് വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും തങ്ങളുടെ മുന്‍ താരവുമായ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെത്തിക്കാന്‍ മുംബൈ നീക്കം നടത്തുകയായിരുന്നു.
ഇതിനു വേണ്ടി ഓസ്‌ട്രേലിയയുടെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് മുംബൈ വില്‍ക്കുകയും ചെയ്തു. രോഹിത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെയായിരുന്നു മുംബൈയുടെ ഈ നീക്കം. ഗ്രീന്‍ ടീമില്‍ വേണമെന്നു അദ്ദേഹം ടീം മാനേജ്‌മെന്റിനോടു ആവശ്യപ്പെട്ടെങ്കിലും അവര്‍ ഇതു മുഖവിലയ്‌ക്കെടുത്തില്ല.

ഹാര്‍ദിക്കിനെ ടീമിലേക്കു കൊണ്ടുവന്ന് ദിവസങ്ങള്‍ക്കം തന്നെ രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും മുംബൈ പുറത്താക്കുകയായിരുന്നു. പകരം ഹാര്‍ദിക്കിനെ നായകനായി പ്രഖ്യാപിക്കുകയും ചെയ്തു. അതിനു ശേഷം വലിയ ആരാധകരോഷമാണ് മുംബൈയും ഹാര്‍ദിക്കും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. മുംബൈയുടെ ഈ നീക്കത്തില്‍ രോഹിത്തിനും ടീമിലെ സീനിയര്‍ കളിക്കാര്‍ക്കും വലിയ അതൃപ്തിയുണ്ടെന്നാണ് വിവരം. സീസണിനു ശേഷം അദ്ദേഹം ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
നേരത്തേ മുംബൈ ആരാധകര്‍ക്കു പ്രിയപ്പെട്ടവനായിരുന്ന ഹാര്‍ദിക് ഇപ്പോള്‍ വെറുക്കപ്പെട്ടവനായി മാറിയിരിക്കുകയാണ്. സീസണില്‍ മുംബൈ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും ഹാര്‍ദിക്കിനെ കാണികള്‍ രൂക്ഷമായി അധിക്ഷേപിച്ചിരുന്നു. കൂവി വിളിച്ചും രോഹിത്തിന്റെ പേര് മുദ്രാവാക്യം വിളിച്ചുമായിരുന്നു കാണികള്‍ ഹാര്‍ദിക്കിനെ അധിക്ഷേപിച്ചത്.
കളിക്കളത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ചില മോശം തീരുമാനങ്ങളും വിമര്‍ശനങ്ങളുടെ ആക്കം കൂട്ടി. മാത്രമല്ല ടീമിലെ സീനിയര്‍ കളിക്കാരോടുള്ള ഹാര്‍ദിക്കിന്റെ പെരുമാറ്റവും ഏറെ വിമര്‍ശിക്കപ്പെട്ടു. അദ്ദേഹത്തിനു കീഴില്‍ ഈ സീസണില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും മുംബൈ തോറ്റു കഴിഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കെതിരേയായിരുന്നു ഇത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്‍ക്കുകയാണ് മുംബൈ.