ഐപിഎല്ലിന്റെ 17ാം സീസണിനു മുമ്പ് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും രോഹിത് ശര്‍മയെ നീക്കിയതിനെ പിന്തുണച്ചു സംസാരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും പ്രശസ്ത കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഹാര്‍ദിക് പാണ്ഡ്യയെ ചുമതലയേല്‍പ്പിച്ച മുംബൈയുടെ തീരുമാനത്തെ അനുകൂലിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ നടന്ന താരലേലത്തിനു തൊട്ടുമുമ്പായിരുന്നു ട്രേഡ് വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക്കിനെ മുംബൈ വാങ്ങിയത്. വൈകാതെ തന്നെ രോഹിത്തിനെ നായകസ്ഥാത്തു നിന്നും നീക്കി ഹാര്‍ദിക്കിനെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.

ഇതിനെതിരേ ആരാധകരുടെ ഭാഗത്തു നിന്നു വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. മാത്രമല്ല ടീമിലെ ചില സീനിയര്‍ കളിക്കാരും ഈ തീരുമാനത്തില്‍ അതൃപ്തരാണെന്നും ടീം വിട്ടേക്കുമെന്നുമെല്ലാം അഭ്യൂഹങ്ങളും വന്നിരുന്നു. രോഹിത്തും മുംബൈ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ നിരാശനും അസംതൃപ്തനുമാണെന്നാണ് വിവരം. അദ്ദേഹത്തിന്റെ ഭാര്യ റിതിക സജ്‌ദേ അടുത്തിടെ ഇക്കാര്യം ശരിവയ്ക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
എല്ലായ്‌പ്പോഴും ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന ടീമാണ് മുംബൈയെന്നും അതുകൊണ്ടു തന്നെ രോഹിത്തിനു പകരം ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍സിയിലേക്കു കൊണ്ടുവന്നതില്‍ ഒരു തെറ്റുമില്ലെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. എല്ലായ്‌പ്പോഴും ഫ്രാഞ്ചൈസിയുടെ ഭാവിയെക്കുറിച്ചാണ് അവര്‍ ആലോചിച്ചത്. രോഹിത് ശര്‍മയ്ക്കു ഇപ്പോള്‍ തന്നെ 36 വയസ്സായി കഴിഞ്ഞു.
എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ക്യാപ്റ്റനായതിനാല്‍ തന്നെ വലിയ സമ്മര്‍ദ്ദവും അദ്ദേഹം അഭിമുഖീകരിക്കുകയാണ്. ക്യാപ്റ്റന്‍സിയുടെ ഉത്തരവാദിത്വം കുറച്ചു കൂടി ചെറുപ്പമായ ഹാര്‍ദിക് പാണ്ഡ്യക്കു നല്‍കിയ ശേഷം രോഹിത്തിനു മേലുള്ള ഈ ഭാരം കുറയ്ക്കാനാണ് മുംബൈ ഫ്രാഞ്ചൈസി ശ്രമിച്ചിട്ടുള്ളതെന്നും ഗവാസ്‌കര്‍ വിലയിരുത്തി.
ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീര പ്രകടനം നടത്തിയ ശേഷമാണ് തന്റെ പഴയ തട്ടകമായ മുംബൈയില്‍ ഹാര്‍ദിക് തിരികെയെത്തിയത്. 2022ല്‍ ജിടി ക്യാപ്റ്റനായുള്ള കന്നി സീസണില്‍ കിരീടം ചൂടിയ അദ്ദേഹം കഴിഞ്ഞ തവണ ടീമിനെ റണ്ണറപ്പാക്കുകയും ചെയ്തു.
വരാനിരിക്കുന്ന സീസണില്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലാത്തതിനാല്‍ തന്നെ ബാറ്റിങില്‍ കൂടുതല്‍ അപകടകാരിയായി രോഹിത് മാറുമെന്നാണ് താന്‍ കരുതുന്നതെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഹാര്‍ദിക് പാണ്ഡ്യക്കു ക്യാപ്റ്റന്‍സി നല്‍കിയത് മുംബൈയ്ക്കു ഗുണം മാത്രമേ ചെയ്യാന്‍ പോവുന്നുള്ളൂ.

എല്ലാത്തില്‍ നിന്നും സ്വതന്ത്രനാക്കിയ ശേഷം മുന്‍നിരയില്‍ സ്വയം തന്റെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണ് രോഹിത്തിനു ഇപ്പോള്‍ മുംബൈ നല്‍കിയിരിക്കുന്നത്. ഹാര്‍ദിക്കിനു മൂന്നാം നമ്പറിലോ, അഞ്ചാം നമ്പറിലോ മുംബൈയ്ക്കായി ബാറ്റിങിനു ഇറങ്ങറാം. 200 പ്ലസ് സ്‌കോര്‍ ചെയ്യാന്‍ ടീമിനെ സഹായിക്കാനും അദ്ദേഹത്തിനാവുമെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.
അടുത്തിടെ ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ മുംബൈ ടീം കോച്ചായ മാര്‍ക്ക് ബൗച്ചറും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്. കഴിഞ്ഞ കുറച്ചു സീസണുകളായി രോഹിത്തിനു ബാറ്റിങില്‍ കാര്യമായി പെര്‍ഫോം ചെയ്യാന്‍ കഴിയുന്നില്ല. ഇപ്പോള്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ഒഴിവായതോടെ അദ്ദേഹത്തിനു കൂടുതല്‍ ഫ്രീയായി ബാറ്റ് ചെയ്യാം. ബാറ്റിങില്‍ ടീമിനു മികച്ച സംഭാവനകള്‍ നല്‍കാന്‍ രോഹിത്തിനു ഇനിയും സാധിക്കുമെന്നു തങ്ങള്‍ക്കു ഉറപ്പുണ്ടെന്നും ബൗച്ചര്‍ പറഞ്ഞിരുന്നു.
ഈ വീഡിയോയ്ക്കു താഴെയായിരുന്നു തീരുമാനത്തെ വിമര്‍ശിച്ചു കൊണ്ട് രോഹിത്തിന്റെ ഭാര്യ റിതിക സജ്‌ദേ കമന്റിട്ടത്. പലതും തെറ്റാണെന്നായിരുന്നു അവര്‍ കുറിച്ചത്. ഈ പ്രതികരണവും വീഡിയോയുമെല്ലാം വൈകാതെ വൈറലായി മാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ വീഡിയോ ഡിലീറ്റ് ആക്കപ്പെടുകയുമായിരുന്നു.